രോഹിത്തിന്റെ പിന്‍ഗാമി അവന്‍; വമ്പന്‍ തെരഞ്ഞെടുപ്പുമായി കുംബ്ലെ
Sports News
രോഹിത്തിന്റെ പിന്‍ഗാമി അവന്‍; വമ്പന്‍ തെരഞ്ഞെടുപ്പുമായി കുംബ്ലെ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 8th May 2025, 12:16 pm

ഇന്ത്യ ടെസ്റ്റ് ടീമില്‍ ആരാകും രോഹിത് ശര്‍മയുടെ പിന്‍ഗാമിയെന്ന ചര്‍ച്ചകളിലാണ് ക്രിക്കറ്റ് ലോകം. നിലവിലെ ക്യാപ്റ്റനായ രോഹിത് ശര്‍മ കഴിഞ്ഞ ദിവസം (ബുധന്‍) ഇന്റര്‍നാഷണല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം വിരമിക്കലിനെ കുറിച്ച് പോസ്റ്റ് ഷെയര്‍ ചെയ്തത്.

ഇന്ത്യക്ക് ജൂണ്‍ മാസം അവസാനത്തില്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഈ പരമ്പരയില്‍ പുതിയ ക്യാപ്റ്റനാവും ഇന്ത്യയെ നയിക്കുകയെന്ന് ഉറപ്പാണ്. ജസ്പ്രീത് ബുംറ, ശുഭ്മന്‍ ഗില്‍, കെ.എല്‍. രാഹുല്‍, റിഷബ് പന്ത് എന്നിവരാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സാധ്യത കൂടുതലുള്ള താരങ്ങള്‍.

ഇപ്പോള്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കാന്‍ ആരെത്തണമെന്ന് പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനും താരവുമായ അനില്‍ കുംബ്ലെ. സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യന്‍ ടീമിനെ നയിക്കണമെന്ന് കുംബ്ലെ അഭിപ്രായപ്പെട്ടു. ബുംറ ഒരു സ്വാഭാവിക ലീഡറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയില്‍ സംസാരിക്കുകയായിരുന്നു അനില്‍ കുംബ്ലെ.

‘ജസ്പ്രീത് ബുംറ ഒരു സ്വാഭാവിക ലീഡറാണ്. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ രോഹിത് ലഭ്യമല്ലാതിരുന്നപ്പോള്‍ അവന്‍ ഇന്ത്യയെ നയിച്ചു. അതിനാല്‍ അത് ജസ്പ്രീത് ആയിരിക്കുമെന്ന് ഞാന്‍ തീര്‍ച്ചയായും കരുതുന്നു,’ കുംബ്ലെ പറഞ്ഞു.

കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ രോഹിത്തിന്റെ അഭാവത്തില്‍ ആദ്യ മത്സരത്തിലും അവസാന മത്സരത്തിലും ഇന്ത്യന്‍ ടീമിനെ ബുംറയായിരുന്നു നയിച്ചിരുന്നത്. പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ താരത്തിന് കീഴില്‍ ഇന്ത്യ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.

എന്നാല്‍, ഇംഗ്ലണ്ട് പരമ്പരയില്‍ ബുംറയെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബി.സി.സി.ഐ വൃത്തത്തെ ഉദ്ധരിച്ച് പരമ്പരയിലെ എല്ലാ മത്സരങ്ങളിലും കളിക്കാന്‍ സാധിക്കുന്ന ഒരു താരത്തെയാണ് വേണ്ടതെന്നും ഒരു യുവ താരത്തെയാണ് മാനേജ്‌മെന്റിന് താല്‍പര്യമെന്നും ഇന്ത്യന്‍ എക്സ്പ്രെസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബുംറയുടെ പരിക്കിന്റെ റെക്കോഡിനെക്കുറിച്ചും മാനേജ്മെന്റ് ആശങ്കാകുലരാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സിഡ്‌നിയില്‍ നടന്ന അവസാന ടെസ്റ്റിനിടെ താരത്തിന് പുറംവേദന അനുഭവപ്പെട്ടിരുന്നു. പരിക്കിനെ തുടര്‍ന്ന് മൂന്ന് മാസത്തോളം താരം കളിക്കളത്തിന് പുറത്തായിരുന്നു. ഇത് താരത്തിന് ചാമ്പ്യന്‍സ് ട്രോഫിയും ഐ.പി.എല്ലിലെ ആദ്യ മത്സരങ്ങളും നഷ്ടമാവുന്നതിലേക്ക് നയിച്ചിരുന്നു.

Content Highlight: Anil Kumble names Jasprit Bumrah as the successor of Rohit Sharma in test cricket