| Thursday, 16th January 2025, 9:06 am

ആ ട്രെയ്‌ലറിലെ റൊമാന്‍സും ലിപ്‌ലോക്കും ചര്‍ച്ചയാകുമെന്ന് അറിയാമായിരുന്നു; എന്റെ ജോലിയുടെ ഭാഗം: അനിഘ സുരേന്ദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച നടിയാണ് അനിഘ സുരേന്ദ്രന്‍. ബാലതാരമായാണ് നടി തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. ഇന്ന് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഒരേ സമയം അറിയപ്പെടുന്ന നായികയാണ് അനിഘ.

2023ല്‍ ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഓ മൈ ഡാര്‍ലിംഗ് എന്ന സിനിമയിലൂടെയാണ് അനിഘ ആദ്യമായി മലയാളത്തില്‍ നായികയായി എത്തിയത്. മെല്‍വിന്‍ ജി. ബാബു ആയിരുന്നു ഈ സിനിമയില്‍ നായകനായത്.

ഓ മൈ ഡാര്‍ലിംഗിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോള്‍ അതിലെ ലിപ്‌ലോക്കും റൊമാന്‍സും ഏറെ ചര്‍ച്ചയായിരുന്നു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് അനിഘ സുരേന്ദ്രന്‍.

സിനിമയുടെ ട്രെയ്‌ലര്‍ ഇറങ്ങിയപ്പോള്‍ തന്നെ റൊമാന്‍സും ലിപ്‌ലോക്കും ചര്‍ച്ചയാകുമെന്ന് അറിയാമായിരുന്നെന്നും ഒരു പതിനെട്ടുകാരിയുടെ ഉള്ളിലെ പ്രണയം എന്താണോ, അതാണ് താന്‍ സിനിമയിലൂടെ ചെയ്തതെന്നും നടി പറയുന്നു.

കഥാപാത്രം എന്താണോ ആവശ്യപ്പെടുന്നത് അത് യോജിച്ചതാണെങ്കില്‍ തീര്‍ച്ചയായും ചെയ്തിരിക്കും. അത് എന്റെ ജോലിയുടെ ഭാഗമാണ്.

അനിഘ സുരേന്ദ്രന്‍

ഓ മൈ ഡാര്‍ലിംഗ് സിനിമയുടെ ട്രെയ്‌ലര്‍ ഇറങ്ങിയപ്പോള്‍ തന്നെ റൊമാന്‍സും ലിപ്‌ലോക്കും ചര്‍ച്ചയാകുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിക്കുന്നത്, അതുപോലെ തന്നെ മതി എന്നാണ് സംവിധായകന്‍ പറഞ്ഞത്.

എനിക്ക് അപ്പോള്‍ 18 വയസായിരുന്നു. ഒരു പതിനെട്ടുകാരിയുടെ ഉള്ളിലെ പ്രണയം എന്താണോ, അതാണ് ഞാന്‍ സിനിമയിലൂടെ ചെയ്തത്. ആദ്യമായി ക്യാമറയ്ക്ക് മുമ്പില്‍ റൊമാന്‍സ് അഭിനയിച്ചപ്പോള്‍ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. കഥാപാത്രമായി മാറിയപ്പോള്‍ അതെല്ലാം ശരിയായി.

എന്തിന് ആദ്യ സിനിമയില്‍ തന്നെ റൊമാന്‍സ് ചെയ്തതെന്ന് ചോദിക്കുന്നവരോട് സിനിമയ്ക്ക് അത്യാവശ്യമായത് കൊണ്ടാണ് അത് ചെയ്തത് എന്നുപറയും. കഥാപാത്രം എന്താണോ ആവശ്യപ്പെടുന്നത് അത് യോജിച്ചതാണെങ്കില്‍ തീര്‍ച്ചയായും ചെയ്തിരിക്കും. അത് എന്റെ ജോലിയുടെ ഭാഗമാണ്,’ അനിഘ സുരേന്ദ്രന്‍ പറഞ്ഞു.

Content Highlight: Anikha Surendran Talks About Oh My Darling Movie Trailer

We use cookies to give you the best possible experience. Learn more