| Sunday, 13th April 2025, 3:36 pm

നസ്രിയയുടെ ആ സിനിമയും കഥാപാത്രവും ഭയങ്കര ഇഷ്ടമാണ്, പക്ഷെ നസ്രിയ ഞാനായിരുന്നെങ്കില്‍ എന്നൊന്നും ചിന്തിച്ചിട്ടില്ല: അനിഘ സുരേന്ദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച നടിയാണ് അനിഘ സുരേന്ദ്രന്‍. ബാലതാരമായാണ് നടി തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. ഇന്ന് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഒരേ സമയം അറിയപ്പെടുന്ന നായികയാണ് അനിഘ.
സിനിമയിലെ ഭാവിയെ പറ്റിയും സിനിമ ജീവിതത്തെ ബാധിക്കാറുണ്ടോ എന്നതിനെ കുറിച്ചും സംസാരിക്കുകയാണ് അനിഘ സുരേന്ദ്രന്‍. ഭാവിയിലേക്കുള്ള കാര്യങ്ങളെ കുറിച്ചൊന്നും ചിന്തിക്കാറില്ലെന്നും നല്ല ടീമിന്റെ കൂടെ മികച്ച സിനിമകളുടെ ഭാഗമാകാന്‍ സാധിക്കണേ എന്നാണ് പ്രാര്‍ത്ഥനയെന്നും അനിഘ പറയുന്നു.

ചില കഥാപാത്രങ്ങളോട് ഇഷ്ടം തോന്നാറുണ്ടെന്നും ബാംഗ്ലൂര്‍ ഡേയ്‌സും അതിലെ നസ്രിയയുടെ കഥാപാത്രവും അതിന് ഉദാഹരണമാണെന്നും അനിഖ പറഞ്ഞു. ആ ചിത്രം തനിക്ക് വളരെ ഇഷ്ടമാണെന്നും എന്നാല്‍ ഒരിക്കലും നസ്രിയയുടെ കഥാപാത്രം താന്‍ ആയിരുന്നെങ്കില്‍ എന്നൊന്നും ചിന്തിച്ചിട്ടില്ലെന്നും അനിഘ കൂട്ടിച്ചേര്‍ത്തു. ഗൃഹലക്ഷ്മി മാസികയോട് സംസാരിക്കുകയായിരുന്നു അനിഘ സുരേന്ദ്രന്‍.

‘ഭാവിയിലേക്കുളള കാര്യങ്ങള്‍ ഒരുപാട് ആലോചിക്കാറില്ല. സന്തോഷത്തോടെ ജീവിക്കണം എന്നതാണ് ചിന്ത, നല്ല ടീമിന്റെ കൂടെ മികച്ച സിനിമകളുടെ ഭാഗമാകാന്‍ സാധിക്കണേ എന്നാണ് പ്രാര്‍ഥന. ചില കഥാപാത്രങ്ങളോട് ഇഷ്ടം തോന്നാറുണ്ട്. പക്ഷേ, ആ കഥാപാത്രം എനിക്ക് ചെയ്യാന്‍ കിട്ടിയിരുന്നെങ്കില്‍ എന്നൊന്നും ആലോചിക്കാറില്ല.

ബാംഗ്ലൂര്‍ ഡേയ്‌സിലെ നസ്രിയയുടെ കഥാപാത്രം അതിന് ഉദാഹരണമാണ്. എനിക്ക് ഭയങ്കര ഇഷ്ടമാണ് ആ സിനിമയും കഥാപാത്രവും. പക്ഷേ, അപ്പോഴും നസ്രിയ ഞാനായിരുന്നെങ്കില്‍ എന്നൊന്നും ചിന്തിച്ചിട്ടില്ല.

സിനിമയ്ക്കായി ഇഷ്ടങ്ങള്‍ വേണ്ടെന്ന് വെക്കാറില്ല. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സിനിമയും നടിയെന്ന പദവിയും തടസമായിട്ടില്ല. ഇഷ്ടമുള്ളത് കഴിക്കാറുണ്ട്. അതുപോലെ ഇഷ്ടമുള്ളിടത്തേക്കൊക്കെ യാത്രയും ചെയ്യും. ദിവസവും കോളേജില്‍ പോയി വരുന്ന വിദ്യാര്‍ഥിനിയാണ് ഞാന്‍,’ അനിഘ സുരേന്ദ്രന്‍ പറയുന്നു.

Content Highlight: Anikha Surendran Talks About Banglore Days Movie

We use cookies to give you the best possible experience. Learn more