തടവുകാരുടെ ആവിഷ്‌കാരങ്ങളെ ഭരണകൂടം എന്തിന് ഭയപ്പെടണം?
DISCOURSE
തടവുകാരുടെ ആവിഷ്‌കാരങ്ങളെ ഭരണകൂടം എന്തിന് ഭയപ്പെടണം?
ടി. അനീഷ്
Monday, 2nd June 2025, 6:26 pm
പുസ്തകം പ്രസിദ്ധീകരിക്കാനുള്ള രൂപേഷിന്റെ അവകാശത്തെ ഭരണഘടനാപരമായി ഇന്ത്യയില്‍ നിഷേധിക്കാനാവില്ല. അതിനാല്‍ രൂപേഷിനോടുള്ള ഈ നിലപാട് ഭരണകൂട താല്പര്യങ്ങളുട പേരിലുള്ള പൗരാവകാശ നിഷേധമാണ്, ജനാധിപത്യമൂല്യങ്ങളോടുള്ള അവഹേളനമാണ് | ടി അനീഷ് എഴുതുന്നു

ജയില്‍ യഥാര്‍ത്ഥത്തില്‍ തടവുകാര്‍ക്കുള്ളതല്ല, അത് പുറംലോകത്തിനു വേണ്ടിയുള്ളതാണ് എന്ന ആശയം ഫ്രഞ്ച് തത്വചിന്തകനും കവിയുമായ പോള്‍ വലേരിയുടേതാണ്. കുറ്റവാളികളായി അതത് ഭരണകൂട വ്യവസ്ഥകളില്‍ തീര്‍പ്പുകല്‍പ്പിക്കപ്പെടുന്നവരെ സാമൂഹിക ബന്ധങ്ങളില്‍ നിന്ന്
മാറ്റി നിര്‍ത്തി പുനരധിവസിപ്പിക്കാന്‍ മാത്രമല്ല, ജയില്‍ മതിലുകള്‍ക്ക് പുറത്തുള്ള പൊതുസമൂഹത്തിന് സുരക്ഷ ഉറപ്പുനല്‍കാനുമാണ് ഈ സ്ഥാപനങ്ങള്‍ എന്നദ്ദേഹം നിരീക്ഷിച്ചു.

 പോള്‍ വലേരി pual valery

പോള്‍ വലേരി

ജയിലുകളുടെ സാന്നിധ്യത്തെയും ശിക്ഷ എന്ന ആശയത്തെയും കുറിച്ചുള്ള ബോധം പൊതുജനത്തില്‍ സാമൂഹികവും മാനസികവുമായ ഏറ്റവും ആഴത്തിലുള്ള സ്വാധീനം ചെലുത്തും. സാരാംശത്തില്‍, തടവറകള്‍ ഭരണകൂടാനുകൂല പ്രതിരോധമായും, സാമൂഹിക നിയന്ത്രണത്തിനുള്ള മാര്‍ഗമായും, സാമൂഹിക അതിരുകളും മാനദണ്ഡങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള സ്ഥാപനമായും പ്രവര്‍ത്തിക്കുന്നു.

ആധുനിക സാമൂഹിക ശാസ്ത്രത്തിന്റെ പ്രോദ്ഘാടകരില്‍ ഒരാളും ഫ്രഞ്ച് സൈദ്ധാന്തികനുമായ എമൈല്‍ ഡര്‍ഖൈം സാമൂഹിക ക്രമം നിലനിര്‍ത്തുന്നതിലും കൂട്ടായ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും ജയിലുകള്‍ക്കും ശിക്ഷകള്‍ക്കുമുള്ള നിര്‍ണായക പങ്കിനെ പറ്റി പറയുന്നുണ്ട്.

ആധുനിക സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ ജയിലുകളുടെ പങ്ക് പരിശോധിച്ചു കൊണ്ട് ഇത്തരം സ്ഥാപനങ്ങളിലൂടെ അധികാരവും നിയന്ത്രണവും പ്രയോഗ രീതികളും ഫൂക്കോ നിര്‍ദ്ധാരണം ചെയ്തു.

ചുരുക്കത്തില്‍ വിമത സാന്നിധ്യങ്ങളെ അടിച്ചമര്‍ത്താനുള്ള മര്‍ദന ഉപകരണങ്ങളില്‍ ഏറ്റവും പ്രമുഖമായ ഒന്നായി ജയിലറകളെ കാലാകാലങ്ങളായി ഭരണകൂടങ്ങള്‍ ഉപയോഗിച്ചു വന്നു. അതിനാല്‍ നിലവിലുള്ള വ്യവസ്ഥയുടെ നടത്തിപ്പുകാരും അനുകൂലികളുമാണ് ഇവിടെ ജയിലറകളുടെ ഗുണഭോക്താക്കള്‍.

പതിനെട്ടാം നൂറ്റാണ്ടിലെ ഇറ്റാലിയന്‍ തത്വചിന്തകനും നിയമജ്ഞനുമായ ചേസറെ ബെക്കാറിയയുടേതാണ് തടവുകാരുടെ മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും പഴയ സിദ്ധാന്തങ്ങളിലൊന്ന്. ഓണ്‍ ക്രൈംസ് ആന്‍ഡ് പണിഷ്‌മെന്റ്സ് (1764) എന്ന പുസ്തകത്തില്‍ തടവുകാരോട് കൂടുതല്‍ മാനുഷികമായ പെരുമാറ്റമുണ്ടാകണമെന്ന് അദ്ദേഹം വാദിച്ചു, ശിക്ഷ കുറ്റകൃത്യത്തിന് ആനുപാതികമായിരിക്കണമെന്നും വെറും പ്രതികാരമല്ല, പുനരധിവാസം ലക്ഷ്യമിട്ടുള്ളതായിരിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

കുറ്റവാളികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ആധുനിക ആശയങ്ങള്‍ക്ക് അടിത്തറ പാകിയ ബെക്കാറിയയുടെ കൃതി ഇന്നും പ്രസക്തമാണ്. വ്യക്തികള്‍ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍പ്പോലും അന്തസ്സോടെയും ബഹുമാനത്തോടെയും പെരുമാറേണ്ടതിന്റെ പ്രാധാന്യം ഇതില്‍ ഊന്നിപ്പറയുന്നു.

ആധുനിക ക്രിമിനല്‍ നീതിന്യായ വ്യവസ്ഥകളുടെ വികസനത്തിലും തടവുകാരുടെ മനുഷ്യാവകാശ സംരക്ഷണത്തിലും ബെക്കാറിയയുടെ ആശയങ്ങള്‍ ശാശ്വതമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനം (1948), തടവുകാരുടെ ചികിത്സയ്ക്കുള്ള കുറഞ്ഞപക്ഷ നിലവാരം പുലര്‍ത്തുന്ന നിയമങ്ങള്‍ (1955) എന്നിവയുള്‍പ്പെടെ വിവിധ അന്താരാഷ്ട്ര മനുഷ്യാവകാശ രേഖകള്‍ രൂപവത്ക്കരിക്കപ്പെടുന്നതില്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ട്.

ജയില്‍ പരിഷ്‌കരണം, മനുഷ്യാവകാശങ്ങള്‍, തടവുകാരോടുള്ള ധാര്‍മ്മിക പെരുമാറ്റം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ബലം നല്‍കുന്ന ബെക്കറിയയുടെ സിദ്ധാന്തങ്ങള്‍ അതിനാല്‍ ഇന്നും പ്രസക്തമാണ്.

മനുഷ്യാവകാശങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തടവുകാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം. ഇന്ത്യയിലെ തടവുകാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം നിയന്ത്രിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(a) ആണ്. ഇത് പറയാനുള്ള സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്നു.

എന്നാല്‍, ഈ അവകാശം സമ്പൂര്‍ണമല്ല, ചില സാഹചര്യങ്ങളില്‍ നിയന്ത്രിക്കാവുന്നതാണ്. തടവുകാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രണ്ട് കേസുകള്‍ ഇവിടെ നിര്‍ണ്ണായകമാണ്

ഒന്ന്, പ്രഭ ദത്ത് vs യൂണിയന്‍ ഓഫ് ഇന്ത്യ. (1982). ആര്‍ട്ടിക്കിള്‍ 19(1)(a) പ്രകാരമുള്ള അവകാശം സമ്പൂര്‍ണമല്ലെങ്കിലും മാധ്യമങ്ങള്‍ക്ക് ചില അവകാശങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് കുറ്റവാളികളെ അഭിമുഖം നടത്താന്‍ ഏതാനും പത്രങ്ങളുടെ പ്രതിനിധികളെ അനുവദിക്കണമെന്ന് ഈ കേസില്‍ സുപ്രീം കോടതി തിഹാര്‍ ജയില്‍ സൂപ്രണ്ടിനോട് നിര്‍ദ്ദേശിച്ചു.

രണ്ട്, ആര്‍. രാജഗോപാല്‍ vs തമിഴ്‌നാട് ഗവണ്‍മെന്റ്: ഒരു തടവുകാരന് തന്റെ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ അവകാശമുണ്ടെന്നും, പ്രസിദ്ധീകരണം തടയാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്നും, എന്നാല്‍ പ്രസിദ്ധീകരണത്തിന് ശേഷം മാനനഷ്ടത്തിന് കേസെടുക്കാമെന്നും സുപ്രീം കോടതി വിധിച്ചു.

തടവുകാരുടെ ആവിഷ്‌കാരം ജനാധിപത്യ സമൂഹത്തിന്റെ ആശയ വിപുലീകരണത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ജയില്‍ സാഹചര്യങ്ങള്‍, പരിഷ്‌കരണം തുടങ്ങിയ വിഷയങ്ങളില്‍ അവശ്യം ഉണ്ടാകേണ്ട പൊതു സംവാദങ്ങള്‍ക്ക് ഇത് ഇട നല്‍കും.

വ്യവസ്ഥകളോട് കലഹിച്ച ജയില്‍ പുള്ളികളാണ് പില്‍ക്കാല ലോകത്തെ നിയന്ത്രിച്ചതെന്നും അവരില്‍, ചില അപവാദങ്ങള്‍ ഒഴിച്ചാല്‍, ജയിലുകളെ തങ്ങളുടെ ആശയ വ്യവസ്ഥയെ നിലനിര്‍ത്താനും അധികാര പ്രയോഗത്തിനും ഉപയോഗിച്ചുവന്നു എന്നും ചരിത്രം!

ജനാധിപത്യ വ്യവസ്ഥയില്‍ തടവുകാരുടെ ആവിഷ്‌കാരം സര്‍ക്കാര്‍ അധികാരത്തെ നിയന്ത്രിക്കാന്‍ സഹായിക്കേണ്ടതാണ്, ജയിലിന്റെ ദുരുപയോഗം, അഴിമതി തുടങ്ങിയ വിഷയങ്ങള്‍ ആ എഴുത്തുകളില്‍ എടുത്തുകാണിക്കപ്പെടും. മാത്രമല്ല, തടവുകാരുടെ വ്യക്തിത്വ പ്രകാശനത്തിന്റെയും അന്തസ്സിന്റെയും പൂര്‍ത്തീകരണത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യം സഹായകമാകും.

മനുഷ്യാവകാശങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തടവുകാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം.

കഴിഞ്ഞ പത്തുവര്‍ഷമായി വിയ്യൂര്‍ ജയിലില്‍ തടവില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷ്, ആത്മകഥാ സ്പര്‍ശിയായ നോവല്‍ പ്രസിദ്ധീകരിക്കാന്‍ ജയില്‍ വകുപ്പ് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നിരാഹാരത്തിലായിരുന്നു.

Maoist leader Rupesh

മാവോയിസ്റ്റ് നേതാവ് രൂപേഷ്

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് സമരം പിന്‍വലിച്ചെന്ന റിപ്പോര്‍ട്ട് പുറത്തു വന്നു. പക്ഷേ വീണ്ടും ഉറപ്പു നല്‍കിയെന്നാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു കാണുന്നത്. മുമ്പ് നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ല എന്നര്‍ഥം.

മുഖ്യമന്ത്രി പിണറായി വിജയന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍

തടവിലാക്കപ്പെടുന്ന വ്യക്തിയുടെ സാമൂഹിക ജീവിതം ഭരണഘടനാനുസൃതമായി മാത്രമേ നിയന്ത്രിക്കപ്പെടുന്നുള്ളൂ എന്നും പൗരന്‍ എന്ന നിലയിലുള്ള അവകാശം മുഴുവനായും റദ്ദാകുന്നില്ലെന്നും വിവിധ വിധികളിലൂടെ സുപ്രീം കോടതി തന്നെ പല പ്രാവശ്യം വ്യക്തത വരുത്തിയിട്ടുള്ളതാണ്.

അതായത് പുസ്തകം പ്രസിദ്ധീകരിക്കാനുള്ള രൂപേഷിന്റെ അവകാശത്തെ ഭരണഘടനാപരമായി ഇന്ത്യയില്‍ നിഷേധിക്കാനാവില്ല. അതിനാല്‍ രൂപേഷിനോടുള്ള ഈ നിലപാട് ഭരണകൂട താല്പര്യങ്ങളുട പേരിലുള്ള പൗരാവകാശ നിഷേധമാണ്, ജനാധിപത്യമൂല്യങ്ങളോടുള്ള അവഹേളനമാണ്.

രാഷ്ട്രീയ തടവുകാരോട് കാട്ടുന്ന ഇത്തരം നീതിനിഷേധം ഭരണകൂടത്തിന്റെ, വിശാലാര്‍ഥത്തില്‍ പെതുസമൂഹത്തിന്റ തന്നെ ഭയപ്പാടിന്റെ ബഹിര്‍സ്ഥുരണമാണ്. നിലവില്‍ തടവുപുള്ളിയായ ഒരാളുടെ ആത്മകഥാപരമായ നോവല്‍ എന്നാല്‍ ജയില്‍ എന്ന സ്ഥാപനത്തിലെ തടവുകാരുള്ള സമീപനം, പൗരാവകാശ ലംഘനങ്ങള്‍, അഴിമതി തുടങ്ങി വ്യവസ്ഥയെ തന്നെ ആഴത്തില്‍ വിമര്‍ശിക്കുന്ന ഒന്നാകും. ഇതു പൊതുബോധത്തിലുണ്ടാക്കാവുന്ന ചര്‍ച്ചകള്‍ തങ്ങള്‍ക്ക് അനുഗുണമല്ലാത്ത സാഹചര്യം ക്ഷണിച്ചു വരുത്തും എന്ന് ഭരണകൂടം ഭയപ്പെടുന്നു.

ഒരു ജനാധിപത്യ സംവിധാനം ഇങ്ങനെ പ്രവര്‍ത്തിച്ചുകൂടാ എന്ന അടിസ്ഥാന യുക്തിപോലും അസ്വീകാര്യമായ ഭരണകൂടവും പൊതു സമൂഹവും (അടിയസ്ഥിരാവസ്ഥ എന്ന അപവാദമെഴിച്ച്) മൂര്‍ത്തമായി രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്ന വസ്തുതയാണ് സമീപകാലത്ത് നാം കണ്ടുകൊണ്ടിരിക്കുന്നത്.

രാജ്യമായല്ല, രാഷ്ട്രമായാണ് നാം നിലകൊള്ളേണ്ടതെന്ന് ഭരണഘടനയ്ക്കകത്ത് നിന്നു കൊണ്ട് വിമതത്വം പ്രകടമാക്കുന്ന പൗരന്മാര്‍ക്കെതിരെ, രാജ്യദ്രോഹികള്‍ എന്ന് ആക്രോശിക്കുന്നതിന്റെ വിപത് സന്ദേശങ്ങള്‍ മുമ്പെങ്ങും ഇല്ലാത്തവണ്ണം മുഴങ്ങിക്കേള്‍ക്കുന്നുണ്ട്.

 

Content highlights: Aneesh T writes about Maoist Roopesh and his book

 

 

ടി. അനീഷ്
എഴുത്തുകാരന്‍, മാധ്യമ പ്രവര്‍ത്തകന്‍