| Sunday, 30th November 2025, 1:11 pm

ഐ.പി.എല്ലില്‍ നിന്ന് വിരമിച്ച് കൊല്‍ക്കത്തന്‍ സൂപ്പര്‍ താരം; അടുത്ത സീസണിലെത്തുക പുതിയ റോളില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ നിന്ന് വിരമാക്കിയാല്‍ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടര്‍ ആന്ദ്രേ റസല്‍. 13 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ചാണ് താരത്തിന്റെ പടിയിറക്കം. അടുത്ത സീസണിനായുള്ള മിനി ലേലം ഡിസംബറില്‍ നടക്കാനിരിക്കെയാണ് റസല്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

11 വര്‍ഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമായിരുന്ന റസല്‍ ടീമിന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫായി അടുത്ത സീസണില്‍ കൂടെയുണ്ടാവുമെന്നും പോസ്റ്റിലൂടെ അറിയിച്ചു. ഐ.പി.എല്‍ 2026ന് മുന്നോടിയായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തെ റിലീസ് ചെയ്തിരുന്നു.

‘ഞാന്‍ എന്റെ ഐ.പി.എല്‍ യാത്ര അവസാനിപ്പിക്കുകയാണ്. എന്നാല്‍, ഞാന്‍ ഇവിടെ തന്നെയുണ്ടാവും. ടൂര്‍ണമെന്റിലെ യാത്ര അവിശ്വസനീയമായിരുന്നു. 12 സീസണുകളുടെ ഓര്‍മകളും ഒപ്പം കെ.കെ.ആര്‍ കുടുംബത്തില്‍ നിന്നുള്ള സ്‌നേഹവും ലഭിച്ചു. ലോകത്തിലെ മറ്റെല്ലാ ടൂര്‍ണമെന്റില്‍ ഞാന്‍ തുടര്‍ന്നും കളിക്കും.

കൂടാതെ, ഞാന്‍ കെ.കെ.ആറിനൊപ്പം പുതിയ റോളില്‍ തുടര്‍ന്നുമുണ്ടാവും. 2026ല്‍ ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫില്‍ ഒരു പവര്‍ കോച്ചായി ഉണ്ടാവും,’ റസല്‍ പറഞ്ഞു.

കെ.കെ.ആർ ജേഴ്സിയിൽ കളിക്കുന്ന ആന്ദ്രേ റസല്‍

ഐ.പി.എല്ലില്‍ റസല്‍ 2651 റണ്‍സും 123 വിക്കറ്റുകളും നേടിയിട്ടുണ്ട്. 12 വര്‍ഷ കരിയറില്‍ 140 മത്സരങ്ങളില്‍ കളിച്ചാണ് താരം ഇത്രയും റണ്‍സും വിക്കറ്റുകളും നേടിയത്. ടൂര്‍ണമെന്റില്‍ താരത്തിന് ബാറ്റിങ്ങില്‍ 174.18 സ്‌ട്രൈക്ക് റേറ്റും ബൗളിങ്ങില്‍ 9.51 എക്കണോമിയുമുണ്ട്.

2012ലാണ് റസല്‍ ഐ.പി.എല്ലിന്റെ ഭാഗമായത്. ദല്‍ഹി ഡെയര്‍ ഡെവിള്‍സിലൂടെയാണ് വിന്‍ഡീസ് ഓള്‍റൗണ്ടറുടെ അരങ്ങേറ്റം. രണ്ട് സീസണില്‍ ഫ്രാഞ്ചൈസിക്കൊപ്പം തുടര്‍ന്ന താരം 2014ലിലാണ് കെ.കെ.ആറിലേക്ക് ചേക്കേറിയത്.

പിന്നീടുള്ള എല്ലാ സീസണിലും കൊല്‍ക്കത്തയില്‍ കളിച്ച താരം ടീമിന്റെ അവിഭാജ്യ താരമായി മാറി. ടീമിനായി പുറത്തെടുത്ത പ്രകടനങ്ങള്‍ കൊണ്ട് റസലിനെ ടൂര്‍ണമെന്റിലെ മികച്ച ഫിനിഷര്‍മാരില്‍ ഒരാളാക്കി മാറ്റി.

കെ.കെ.ആറിനായി ബാറ്റ് ചെയ്യുന്ന ആന്ദ്രേ റസൽ

ഈ വര്‍ഷങ്ങളില്‍ ബാറ്റ് കൊണ്ടും ബൗള്‍ കൊണ്ടും തിളങ്ങി കൊല്‍ക്കത്തക്കൊപ്പം റസല്‍ രണ്ട് കിരീട നേട്ടങ്ങളില്‍ പങ്കാളിയുമായി. 2014ലും 2024ലുമാണ് ഐ.പി.എല്‍ ട്രോഫിയില്‍ താരം മുത്തമിട്ടത്.

Content Highlight: Andre Russell announced retirement from IPL and informed he will be with KKR as Power Coach in next season

We use cookies to give you the best possible experience. Learn more