തകര്‍ന്നുവീണത് ഒളിമ്പ്യന്റെ റെക്കോഡ്; കണ്ണൂരിലെ വേഗപ്പോരില്‍ ആന്‍സിയും സൂര്യജിത്തും
athletics
തകര്‍ന്നുവീണത് ഒളിമ്പ്യന്റെ റെക്കോഡ്; കണ്ണൂരിലെ വേഗപ്പോരില്‍ ആന്‍സിയും സൂര്യജിത്തും
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 17th November 2019, 4:31 pm

കണ്ണൂര്‍: കണ്ണൂരിന്റെ മണ്ണില്‍ തീ പടര്‍ത്തി ആന്‍സി സോജനും സൂര്യജിത്തും വേഗമേറിയ താരങ്ങള്‍. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പെണ്‍കുട്ടികളുടെ സീനിയര്‍ 100 മീറ്ററില്‍ തൃശ്ശൂര്‍ നാട്ടിക സര്‍ക്കാര്‍ ഫിഷറീസ് എച്ച്.എസ്.എസിലെ വിദ്യാര്‍ഥിനിയായ ആന്‍സി തകര്‍ത്തത് ഒളിമ്പ്യന്‍ ജിസ്‌ന മാത്യുവിന്റെ റെക്കോഡാണ്.

12.05 സെക്കന്റാണ് ആന്‍സിക്ക് ഫിനിഷിങ് പോയന്റിലേക്കു വേണ്ടിവന്നത്. ഈ വര്‍ഷം മീറ്റില്‍ ഇരട്ട സ്വര്‍ണം നേടുന്ന ആദ്യ താരവും കൂടിയാണ് ആന്‍സി. ആന്‍ റോസ് ടോമിക്കാണു വെള്ളി. പി.ടി അഞ്ജലി വെങ്കലം നേടി. പാലക്കാട് ബി.ഇ.എം.എച്ച്.എസിലെ വിദ്യാര്‍ഥിയാണു സൂര്യജിത്ത്.

സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ പാലക്കാടിന്റെ ജി. താര സ്വര്‍ണം നേടിയപ്പോള്‍, കോഴിക്കോടിന്റെ നിവേദ്യ ജി.എസ് വെള്ളി നേടി. ആലപ്പുഴയുടെ സ്‌നേഹ ജേക്കബ് വെങ്കലം നേടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സ്‌നേഹയായിരുന്നു കഴിഞ്ഞതവണ സ്വര്‍ണം നേടിയത്. എന്നാല്‍ ഹീറ്റ്‌സിലെ മികവ് ഫൈനലില്‍ പ്രദര്‍ശിപ്പിക്കാനാകാതെ പോയപ്പോള്‍ വിജയം താരയ്‌ക്കൊപ്പമായി.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ കോട്ടയത്തിന്റെ സാന്ദ്രമോള്‍ സ്വര്‍ണം നേടി. പൂഞ്ഞാര്‍ എസ്.എം.വി എച്ച്.എസ്.എസിന്റെ താരമാണ് സാന്ദ്ര. എറണാകുളത്തിന്റെ ഫിസ റഫീക്കിനു വെള്ളി ലഭിച്ചു. കോട്ടയത്തിന്റെ അലീന വര്‍ഗീസിനാണു വെങ്കലം.

ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ മലപ്പുറം താനൂരിന്റെ മുഹമ്മദ് ഹനാനാണ് ഒന്നാമതെത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രണ്ട് പോയിന്റിന് പാലക്കാടിനെ പിന്നിലാക്കി എറണാകുളമാണ് ഇപ്പോള്‍ ഒന്നാമത്. ഫീല്‍ഡിനങ്ങളിലെ മികവാണു നിലവിലെ ചാമ്പ്യന്മാര്‍ക്കു കരുത്തായത്. എറണാകുളത്തിന് 50.3 പോയിന്റും പാലക്കാടിന് 48.3 പോയിന്റുമാണുള്ളത്.