പ്രണയത്തെ കവിത പോലെ ചിത്രീകരിക്കുന്നയാള്‍; വലിയ താരങ്ങളെക്കാളുപരി മികച്ച സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യണം: അനശ്വര രാജന്‍
Indian Cinema
പ്രണയത്തെ കവിത പോലെ ചിത്രീകരിക്കുന്നയാള്‍; വലിയ താരങ്ങളെക്കാളുപരി മികച്ച സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യണം: അനശ്വര രാജന്‍
അശ്വിന്‍ രാജേന്ദ്രന്‍
Saturday, 20th December 2025, 6:20 pm

 

മലയാള സിനിമയില്‍ ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് അനശ്വര രാജന്‍. മഞ്ജു വാര്യര്‍ നായികയായ ഉദാഹരണം സുജാതയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരത്തിന്റെ തെലുങ്ക് സിനിമാ പ്രവേശമാണ് ഇപ്പോള്‍ സിനിമാ ലോകത്തെ പ്രധാന ചര്‍ച്ചാവിഷയം.

തെലുങ്കിലെ യുവതാരം റോഷന്‍ മെക്ക നായകനാവുന്ന പിരിയോഡിക് ഡ്രാമയായ ചാമ്പ്യനില്‍ നായികയായാണ് അനശ്വര തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഡിസംബര്‍ 25 ന് റിലീസാവുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനായി തെലുങ്ക് യൂട്യൂബ് ചാനലായ ഐഡ്രീം മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ കരിയറിനെക്കുറിച്ചും പ്രിയപ്പെട്ട സംവിധായകരെക്കുറിച്ചും താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

അനശ്വര രാജന്‍. Photo: dcreen grab/ sony musdic south/ youtube.com

അനശ്വരയുടെ കരിയറിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രശംസിക്കപ്പെട്ട കഥാപാത്രമായിരുന്നു മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാന ചെയ്ത നേരിലെ സാറാ മുഹമ്മദ്. കോര്‍ട്ട് റൂം ഡ്രാമാ ഴോണറില്‍പ്പെടുന്ന ചിത്രത്തില്‍ ലൈംഗിക പീഡനത്തിനിരയായ അന്ധയായ പെണ്‍കുട്ടിയുടെ കഥാപാത്രത്തെയായിരുന്നു അനശ്വര അവതരിപ്പിച്ചത്.

തുടര്‍ച്ചയായ പരാജയങ്ങളിലൂടെയും വിമര്‍ശനങ്ങളിലൂടെയും കടന്നുപോയ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു നേര്. അഡ്വക്കേറ്റ് വിജയമോഹനായി വേഷമിട്ട മോഹന്‍ലാലിനൊപ്പമുള്ള കോമ്പിനേഷന്‍ സീനുകളും എതിര്‍കക്ഷിയുടെ അഭിഭാഷകനായെത്തിയ സിദ്ദിഖുമായുള്ള കോമ്പിനേഷന്‍ സീനുകളും അതിഗംഭീരമായാണ് താരം കൈകാര്യം ചെയ്തത്. അനശ്വരയെന്ന അഭിനേത്രിയുടെ ആഴം വെളിവാക്കുന്നതായിരുന്നു ചിത്രത്തിലെ പ്രകടനം.

മുമ്പ് ചെയ്തുവെച്ച ചിത്രങ്ങളില്‍ നിന്നും യാതൊരു സാമ്യതയും മാനറിസങ്ങളും വരാതെ മികവുറ്റ രീതിയിലാണ് നേരില്‍ സാറാ മുഹമ്മദിനെ അനശ്വര അവതരിപ്പിച്ചിരിക്കുന്നത്. നേരിലെയും രേഖാചിത്രത്തിലെയും കഥാപാത്രങ്ങള്‍ സംവിധായകര്‍ തന്നെ വിശ്വസിച്ചതുകൊണ്ടാണ് മികച്ചതായി ചെയ്യാന്‍ പറ്റിയതെന്ന് അനശ്വര പറഞ്ഞിട്ടുണ്ട്.

അനശ്വര രാജന്‍.Photo: screen grab/ ashirvadh cinemas/ youtube.com

‘അതിന് മുന്‍പ് ടീനേജ് റോളുകളും ബാലതാരവുമായ് മാത്രം കഥാപാത്രങ്ങള്‍ ചെയ്തിടത്തു നിന്നും പക്വതയുള്ള കഥാപാത്രങ്ങള്‍ എനിക്ക് ചെയ്യാന്‍ പറ്റുമെന്ന് അവര്‍ക്ക് തോന്നിയത് കൊണ്ടാണ് എന്നിലേക്ക് ആ കഥാപാത്രം എത്തിച്ചേര്‍ന്നത്. വലിയ വലിയ നായകന്മാരുടെ കൂടെ അഭിനയിക്കണമെന്നതിലുപരി എല്ലാ ഭാഷകളിലെയും മികച്ച സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാനാണ് ഞാനാഗ്രഹിക്കുന്നത്.

മണിരത്‌നം സാറിനെ എനിക്ക് വലിയ ഇഷ്ടമാണ്, പ്രണയത്തെ ഒരു കവിത പോലെയാണ് അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നത്. മാത്രമല്ല സാറിന്റെ ഫ്രെയിമിലെ ഓരോ ചെറിയ കാര്യങ്ങളും അത്രയേറെ ഭംഗിയേറിയതാണ്,’ അനശ്വര പറഞ്ഞു.

ഡിസംബര്‍ 25 ന് റിലീസ് ചെയ്യുന്ന ചാമ്പ്യനിലെ ഗിര ഗിര എന്ന ഗാനത്തിന്റെ സോങ് പ്രൊമോ കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. വീഡിയയോയിലെ അനശ്വരയുടെ നൃത്തരംഗങ്ങള്‍ വലിയ രീതിയില്‍ സമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. തന്റെ ആദ്യ തെലുങ്ക് ചിത്രത്തില്‍ ഭാഷ പഠിച്ച് സ്വന്തമായി ഡബ്ബ് ചെയ്ത അനശ്വരയെ തെലുങ്ക് സൂപ്പര്‍ താരം രാംചരണടക്കം അഭിനന്ദിച്ചിരുന്നു.

Content Highlight: anaswara rajan talks about various fil directors

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.