| Monday, 16th June 2025, 11:46 am

ഇവള്‍ എന്താണ് കാണിക്കുന്നത് എന്ന് ചോദിച്ച് വിളിക്കാൻ തുടങ്ങി; എല്ലാത്തിനും പ്രശ്നമായിരുന്നു: അനശ്വര രാജൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുറഞ്ഞ കാലം കൊണ്ടുതന്നെ മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായി ഉയര്‍ന്നുവന്ന അഭിനേതാവാണ് അനശ്വര രാജന്‍. 2017ല്‍ മഞ്ജു വാര്യരിനൊപ്പം ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനശ്വര അഭിനയ ലോകത്തേക്ക് കടന്ന് വരുന്നത്.

പിന്നീട് അനശ്വര അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ മികച്ച വിജയമായി മാറി. കഴിഞ്ഞ വർഷം ഇറങ്ങിയ ഗുരുവായൂർ അമ്പലനടയിൽ ഈ വർഷം പുറത്തിറങ്ങിയ രേഖാചിത്രം എന്നിവ ഹിറ്റ് ചിത്രങ്ങളായിരുന്നു. തൃഷ നായികയായ റാങ്കി എന്ന ചിത്രത്തിലൂടെ അനശ്വര തമിഴിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ഇപ്പോൾ സോഷ്യൽ മീഡിയ ബുള്ളിയിങ്ങിനെക്കുറിച്ച് സംസാരിക്കുകയാണ് അനശ്വര രാജൻ.

തണ്ണീർ മത്തൻ ദിനങ്ങൾ കഴിഞ്ഞ സമയത്താണ് തനിക്ക് സൈബർ ബുള്ളിയിങ് കിട്ടിത്തുടങ്ങിയതെന്നും അതുകഴിഞ്ഞുള്ള ഇന്റര്‍വ്യൂവിൽ ജാഡയാണെന്നും അഹങ്കാരമാണെന്നും പറയാൻ തുടങ്ങിയെന്നും അനശ്വര പറയുന്നു.

കാലിന് മുകളിൽ കാല് കയറ്റിവെച്ചതിന് ആയിരുന്നു ആദ്യം പ്രശ്നം വന്നിരുന്നതെന്നും പിന്നെ എല്ലാത്തിനും പ്രശ്നം വരാൻ തുടങ്ങിയെന്നും നടി പറഞ്ഞു.

തന്നെ മാത്രമല്ല വീട്ടിലേക്കും ഒരുപാടാളുകൾ വിളിച്ചെന്നും എന്താണ് കാണിക്കുന്നത് എന്ന് ചോദിച്ചിട്ടുണ്ടെന്നും അവർ പറയുന്നു. ആദ്യം അത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ട് ആയിരുന്നെന്നും പിന്നെ അതൊരു ശീലമായെന്നും അനശ്വര കൂട്ടിച്ചേർത്തു. കാർത്തിക് സൂര്യയുടെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു നടി.

‘എനിക്ക് തണ്ണീര്‍മത്തന്‍ കഴിഞ്ഞ സമയത്ത് ആണെന്ന് തോന്നുന്നു സൈബർ ബുള്ളിയിങ് ഒക്കെ കിട്ടിതുടങ്ങിയത്. അത് കഴിഞ്ഞ് ഇന്റര്‍വ്യൂവിലൊക്കെ ഇരിക്കുന്ന സമയത്ത് മെല്ലെ മെല്ലെ ജാഡ, അഹങ്കാരം എന്ന സാധനങ്ങള്‍ മെല്ലെ മെല്ലെ വരാന്‍ തുടങ്ങി. ആ സിനിമ കഴിഞ്ഞപ്പോഴാണ് എനിക്ക് അറ്റന്‍ഷന്‍ കിട്ടുന്നത് തന്നെ.

കാലിന്റെ മുകളില്‍ കാല് കയറ്റി വെച്ചതിന് ഒക്കെയായിരുന്നു പ്രശ്‌നം. പിന്നെ മെല്ലെ എല്ലാത്തിനും പ്രശ്‌നം വന്ന് തുടങ്ങി. പിന്നെ ഒരു ഷോര്‍ട്ട്‌സ് ഇട്ടു അതിന് പ്രശ്‌നം വന്നു.

എന്നെ പേഴ്‌സണലി ഒരുപാട് ആളുകള്‍ വിളിച്ചു. എന്നെയും അമ്മ, അച്ഛന്‍, ചേച്ചി എല്ലാവരെയും വിളിക്കും. ഇവള്‍ എന്താണ് കാണിക്കുന്നത് എന്ന മട്ടില്‍ ചോദിക്കാന്‍ തുടങ്ങി. ആദ്യം അക്‌സെപ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ട് ആയിരുന്നു. പിന്നെ അതൊരു ശീലമായി,’ അനശ്വര പറയുന്നു.

Content Highlight: Anaswara Rajan Talking about Cyber Bullying

We use cookies to give you the best possible experience. Learn more