| Tuesday, 3rd June 2025, 6:09 pm

ഇനിയങ്ങോട്ട് അത്തരം കഥാപാത്രങ്ങള്‍ വരുമ്പോള്‍ ചെയ്യണോ വേണ്ടയോ എന്ന് രണ്ട് വട്ടമെങ്കിലും ആലോചിക്കും: അനശ്വര രാജന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ മികച്ച നടിയായി പേരെടുത്ത താരമാണ് അനശ്വര രാജന്‍. ബാലതാരമായി സിനിമയിലേക്ക് വന്ന അനശ്വര തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത നേരില്‍ അനശ്വരയുടെ പ്രകടനത്തെ പലരും പ്രശംസിച്ചിരുന്നു. ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റായ രേഖാചിത്രത്തിലും അനശ്വരയുടെ സാന്നിധ്യമുണ്ടായിരുന്നു.

അനശ്വര രാജന്‍, സജിന്‍ ഗോപു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീജിത് വിജയന്‍ സംവിധാനം ചെയ്ത് ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു പൈങ്കിളി. വ്യത്യസ്തമായ അവതരണത്തിലൂടെ കഥ പറഞ്ഞ ചിത്രം തിയേറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കിയില്ല. എന്നാല്‍ ഒ.ടി.ടി റിലീസിന് ശേഷം ചിത്രത്തിന് നേരെ വലിയ രീതിയില്‍ വിമര്‍ശനമുയര്‍ന്നു.

കോമഡിയെന്ന പേരില്‍ പല ആര്‍ട്ടിസ്റ്റുകളും ഓവര്‍ ആക്ടിങ്ങാണെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. അനശ്വരയുടെ പ്രകടനവും വിമര്‍ശനത്തിന് വിധേയമായിരുന്നു. അത്തരം വിമര്‍ശനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് അനശ്വര രാജന്‍. ഇനിയൊരിക്കലും പൈങ്കിളി പോലുള്ള സിനിമകള്‍ ചെയ്യില്ലെന്ന് പറയാന്‍ സാധിക്കില്ലെന്ന് അനശ്വര പറഞ്ഞു.

അത്തരം വേഷങ്ങള്‍ തന്നെത്തേടി ഇനിയും വന്നാല്‍ രണ്ടുവട്ടമെങ്കിലും ആലോചിക്കുമെന്നും താരം പറയുന്നു. തനിക്ക് നേരെ വന്ന വിമര്‍ശനങ്ങളെല്ലാം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അതെല്ലാം താന്‍ സീരിയസായാണ് എടുത്തതെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു. ഒരു ആര്‍ട്ടിസ്റ്റെന്ന നിലയില്‍ വിമര്‍ശനങ്ങളെയെല്ലാം കാര്യമായി എടുക്കണമെന്നും താരം പരഞ്ഞു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അനശ്വര രാജന്‍.

‘പൈങ്കിളി പോലുള്ള സ്‌ക്രിപ്റ്റുകള്‍ ഇനി എന്റെയടുത്തേക്ക് വരുമ്പോള്‍ ഞാന്‍ രണ്ടുവട്ടമെങ്കിലും ആലോചിക്കും. അത് ചെയ്യണോ വേണ്ടയോ എന്ന്. കാരണം, ആ ക്യാരക്ടറിനെപ്പറ്റിയുള്ള വിമര്‍ശനങ്ങളെല്ലാം ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു. അതെല്ലാം ശ്രദ്ധയില്‍ പെട്ടിട്ടുമുണ്ട്. അതില്‍ നിന്നെല്ലാം പാഠം പഠിച്ചിട്ടാണ് മുന്നോട്ടുപോകുന്നത്.

പക്ഷേ, പൈങ്കിളിയിലേത് പോലുള്ള കഥാപാത്രം ഇനിയൊരിക്കലും ചെയ്യില്ല എന്നൊന്നും പറയില്ല. എനിക്ക് കൂടി കണ്‍വിന്‍സാകുന്ന രീതിയില്‍ വീണ്ടും വരികയാണെങ്കില്‍ അത് ചെയ്യും. ഒരേ ടൈപ്പ് കഥാപാത്രം മാത്രം അവതരിപ്പിച്ചുകൊണ്ടിരുന്നാല്‍ ശരിയാകില്ലല്ലോ. ആ ഒരു കാര്യം ഫോളോ ചെയ്ത് പോകാനാണ് പ്ലാന്‍,’ അനശ്വര രാജന്‍ പറഞ്ഞു.

Content Highlight: Anaswara Rajan saying she will think twice if scripts like Painkili approached her

We use cookies to give you the best possible experience. Learn more