അനശ്വര രാജന്‍, സജിന്‍ ഗോപു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീജിത് വിജയന്‍ സംവിധാനം ചെയ്ത് ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു പൈങ്കിളി. വ്യത്യസ്തമായ അവതരണത്തിലൂടെ കഥ പറഞ്ഞ ചിത്രം തിയേറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കിയില്ല. എന്നാല്‍ ഒ.ടി.ടി റിലീസിന് ശേഷം ചിത്രത്തിന് നേരെ വലിയ രീതിയില്‍ വിമര്‍ശനമുയര്‍ന്നു.
തന്റെ പെര്‍ഫോമന്‍സിനെ ചൊല്ലിയുള്ള ആളുകളുടെ വിമര്‍ശനം എങ്ങനെ നോക്കികാണുന്നു, വിഷമം വരാറുണ്ടോ എന്നീ ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ അന്വശ്വര.
സങ്കടമൊക്കെ ആവാറുണ്ടെന്നും എന്നാല്‍ അവര്‍ പറയുന്നത് ശരിയായിരിക്കുമെന്നും താന്‍ ചിലപ്പോള്‍ ഓവറാക്കിയിട്ടുണ്ടാകുമെന്നും നടി പറയുന്നു. നമ്മള്‍ സിനിമയെടുക്കുന്നത് പ്രേക്ഷകര്‍ക്ക് വേണ്ടിയാണെന്നും അവര്‍ക്ക് അത് ഇഷ്ടപ്പെട്ടില്ല എന്നുണ്ടെങ്കില്‍ പറയുന്നതില്‍ സത്യം ഉണ്ടാകുമെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു. ഇനി സിനിമ ചെയ്യുമ്പോള്‍ മിസ്‌റ്റേക്കുകള്‍ തിരുത്തി മികച്ച രീതിയില്‍ ചെയ്യാനാണ് താന്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.
താന്‍ പൈങ്കിളിയില്‍ ചെയ്തതുപോലെ ഒരു കഥാപാത്രം ഇതിന് മുമ്പ് ചെയ്തിരുന്നില്ലെന്നും ഒരു പക്ഷേ ആ കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് കണ്‍വിന്‍സ് ആയിട്ടുണ്ടാകില്ലെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു അവര്‍.
‘വിഷമമൊക്കെ ആവാറുണ്ട്. പിന്നെ അവര് പറയുന്നത് ശരിയായിരിക്കും. ഒരു പക്ഷേ ഞാന്‍ ഓവറാക്കിയിട്ടുണ്ടാകും. കാരണം നമ്മള്‍ സിനിമ എടുക്കുന്നത് അവര്‍ക്ക് ഇഷ്‌പ്പെടാനും, അവര് കാണാനുമാണല്ലോ. അപ്പോള്‍ അവര്‍ക്ക് അത് ഇഷ്ടപ്പെട്ടില്ല എന്നുണ്ടെങ്കില്‍ അത് ശരിയായിരിക്കും. ഇനി സിനിമ ചെയ്യുമ്പോള്‍ അവര്‍ക്ക് കണ്‍വിന്‍സ് ആകുന്ന രീതിയില്‍ ആ മിസ്റ്റേക്ക് ഒക്കെ തിരുത്തി ബെറ്റര്‍ ആക്കുക. അത്രയേ ഉള്ളു.
പിന്നെ പൈങ്കിളിയില്‍ ചെയ്തപോലെ ഒരു ക്യാരക്ടര്‍ ഞാന്‍ ഇതിന് മുമ്പ് ചെയ്തിരുന്നില്ല. അത്തരത്തില്‍ ഒരു ഓവര്‍ ദി ടോപ്പ് കഥാപാത്രം ചെയ്തിട്ടില്ല. അതിന്റെതായ മിസ്റ്റേക്കുകള്‍ ഉണ്ടാകും, ജഡ്ജ്‌മെന്റ് ഒരു പക്ഷേ മാറിയിട്ടുണ്ടാകും. അതുകൊണ്ട് ആളുകള്‍ക്ക് അത്ര കണ്‍വിന്‍സിങ്ങ് ആയി തോന്നിയിട്ടുണ്ടാകില്ല,’ അനശ്വര രാജന് പറയുന്നു.
Content highlight: Anaswara rajan about painkili movie