സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
Foodball
കേരളത്തിന് വേണ്ടി ബൂട്ടണിയാന്‍ തൃശൂര്‍ക്കാരനും; യുവതാരം അനന്തു മുരളി കേരളാ ബ്ലാസ്റ്റേഴ്‌സില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday 13th March 2018 5:32pm

കൊച്ചി: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വേണ്ടി കളിച്ച യുവതാരം അനന്തു മുരളി കേരള ബ്ലാസ്റ്റേഴ്‌സില്‍. ബ്ലാസ്റ്റേഴ്‌സിന്റെ റിസേര്‍വ് ടീമിലേക്കാണ് തൃശൂര്‍ക്കാരനായ മധ്യനിരക്കാരന്‍ അനന്ദു മുരളി എത്തിയിരിക്കുന്നത്. തൃശ്ശൂര്‍ റെഡ് സ്റ്റാര്‍ അക്കാദമിയിലൂടെ വളര്‍ന്ന താരമാണ് അനന്ദു. കേരളത്തെ സന്തോഷ് ട്രോഫിയില്‍ അല്ലാതെ വിവിധ ഏജ് കാറ്റഗറികളിലും അനന്തു മുരളി പ്രതിനിധീകരിച്ചിട്ടുണ്ട്. 2013ല്‍ ബജാജ് അലയസിന്റെ ട്രയല്‍സില്‍ കഴിവ് തെളിയിച്ച താരം ബയേണ്‍ മ്യൂണിക്കില്‍ പരിശീലനം നടത്താന്‍ അവസരം നേടിയിരുന്നു.

ഇന്ത്യയുടെ ജൂനിയര്‍ ക്യാമ്പിലും അനന്തു മുമ്പ് ഉണ്ടായിരുന്നു. ചെന്നൈ ലീഗിലും അവസാനം ഗോകുലം എഫ്.സിക്കു വേണ്ടിയും അനന്തു ബൂട്ട് കെട്ടിയിട്ടുണ്ട്. മറ്റന്നാള്‍ ആണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെക്കന്‍ഡ് ഡിവിഷന്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്.

ആറാം വയസ്സിലാണ് അനന്തു റെഡ്സ്റ്റാറിലെത്തുന്നത്. 2009ല്‍ 12-ാം വയസ്സില്‍ അണ്ടര്‍ 13 ജില്ലാ ടീമില്‍ കളിച്ചു. ആ കളിയിലെ പ്രകടനമാണ് കേരള ടീമിലേക്ക് സെലക്ഷന്‍ ലഭിക്കാന്‍ കാരണമായത്. 2010 മുതല്‍ 2013 വരെ തുടര്‍ച്ചയായി ജില്ലാ ടീമിനും കേരള ടീമിനും വേണ്ടി പിന്നീട് കളിക്കളത്തിലിറങ്ങി. 2013ല്‍ ബജാജ് അലയന്‍സ് നടത്തിയ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെടുകയും ജര്‍മനിയിലെ പ്രശസ്തമായ ബയേണ്‍ മ്യൂണിക് ക്ലബ്ബില്‍ പരിശീലനത്തിന് അവസരം ലഭിക്കുകയും ചെയ്തു.

2015-ല്‍ കേരള ജൂനിയര്‍ ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. 30 വര്‍ഷങ്ങള്‍ക്കുശേഷം കേരള ടീം ഫൈനലില്‍ എത്തിയത് ആ വര്‍ഷമാണ്. കേരളത്തിലെ മികച്ച കളിക്കാരനുള്ള ജി.വി.രാജ അവാര്‍ഡും അനന്തുവിന് ലഭിച്ചിട്ടുണ്ട്. 2015ല്‍ തന്നെ ഇന്ത്യന്‍ ജൂനിയര്‍ ക്യാമ്പിലേക്ക് സെലക്ഷനും ലഭിച്ചു. ഡി.എസ്.കെ. ശിവാജിയന്‍സ് പുണെ ഐലീഗ് ക്ളബ്ബിലും താരം കളിച്ചുണ്ട്.

ഐ.എസ്.എല്‍ നാലാം സീസണില്‍ ആറാം സ്ഥാനക്കാരായി ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്തായതിനു പിന്നാലെ കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തിയ കാര്യമായിരുന്നു സൂപ്പര്‍ താരങ്ങള്‍ കളം വിടുന്നു എന്നത്. ബെര്‍ബയും കളിക്കിടെ കളമൊഴിഞ്ഞ സിഫ്നിയോസിനും പിന്നാലെ ഇന്ത്യന്‍ യുവതാരങ്ങളും സി.കെ വിനീതും ടീം വിടുകയാണെന്ന വാര്‍ത്ത ആരാധകരെ നിരാശയിലാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മികച്ച താരങ്ങളെ തെരഞ്ഞു പിടിച്ച് ടീമിലെത്തിക്കുകയാണ് ബ്ലാസ്‌റ്റേഴസ് ക്യാമ്പ് ഇന്ത്യന്‍ ഫുട്‌ബോളിലെ തന്നെ ഏറ്റവും വിലയേറിയ താരമായ അനസ് എടത്തൊടികയെ സ്വന്തമാക്കാനും ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട് എന്നും വാര്‍ത്തകളുണ്ട്.

Advertisement