| Tuesday, 14th January 2025, 2:43 pm

മഞ്ഞുമ്മല്‍ ബോയ്‌സില്‍ സുഭാഷിനെ രക്ഷപ്പെടുത്തിയതിനെക്കാള്‍ എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊരു കാര്യമാണ്: ആനന്ദ് ഏകര്‍ഷി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ജാന്‍ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രം ഭാഷാതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചയായി മാറി. ബോക്‌സ് ഓഫീസില്‍ 200 കോടിയോളം ചിത്രം സ്വന്തമാക്കുകയും ചെയ്തിരുന്നു. 2006ല്‍ എറണാകുളത്ത് നിന്ന് കൊടൈക്കനാലിലേക്ക് പോയ ഒരുകൂട്ടം യുവാക്കളുടെ കഥയാണ് ചിത്രം പറഞ്ഞത്.

മഞ്ഞുമ്മല്‍ ബോയ്‌സിനെക്കുറിച്ച് സംസാരിക്കുകയാണ് ആട്ടം എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആനന്ദ് ഏകര്‍ഷി. ചിത്രത്തില്‍ സുഭാഷ് എന്ന കഥാപാത്രത്തിനെ കുഴിയില്‍ നിന്ന് രക്ഷപ്പെടുത്തിക്കൊണ്ടുവരുന്ന സീന്‍ ഏറ്റവും പീക്കാണെന്ന് ആനന്ദ് ഏകര്‍ഷി പറഞ്ഞു. എന്നാല്‍ സിനിമ ആ സീന്‍ കൊണ്ട് നിര്‍ത്താതെ പിന്നീട് നടന്ന സംഭവങ്ങള്‍ കാണിച്ചത് അത്ഭുതപ്പെടുത്തിയെന്ന് ആനന്ദ് കൂട്ടിച്ചേര്‍ത്തു.

സുഭാഷിന്റെ അമ്മയും കുട്ടനും തമ്മിലുള്ള കോണ്‍ഫ്‌ളിക്ട് വളരെ മനോഹരമായി എടുത്തെന്നും അത് പ്രേക്ഷകരിലേക്ക് കൃത്യമായി കണക്ടായിട്ടുണ്ടെന്നും ആനന്ദ് പറഞ്ഞു. സുഭാഷിന്റെ അമ്മയുടെ ക്യാരക്ടര്‍ കുട്ടനെ മനസിലാക്കുന്ന സീന്‍ വളരെ മനോഹരമായിട്ട് പ്രേക്ഷകരിലേക്കെത്തിയെന്നും തനിക്ക് വളരെ ഇഷ്ടമായെന്നും ആനന്ദ് ഏകര്‍ഷി കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ആനന്ദ് ഏകര്‍ഷി.

‘മഞ്ഞുമ്മല്‍ ബോയ്‌സ് കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു. കേരളത്തിന് പുറത്ത് ഇത്രയധികം ചര്‍ച്ചചെയ്യപ്പെട്ട സിനിമയായി മഞ്ഞുമ്മല്‍ ബോയ്‌സ് മാറി. തമിഴ്‌നാട്ടിലൊക്കെ ചിത്രം വന്‍ ഹിറ്റായിരുന്നു. ക്ലൈമാക്‌സില്‍ വരുന്ന പാട്ടും ആ സീനുമെല്ലാം അവര്‍ക്ക് നല്ല രീതിയില്‍ കണക്ടായതുകൊണ്ടാണ് അത്രയും വലിയ വിജയമായത്. ആ സിനിമയില്‍ സുഭാഷിനെ രക്ഷപ്പെടുത്തി കൊണ്ടുവരുന്ന സീനാണ് ഏറ്റവും പീക്കായിട്ടുള്ളത്.

എന്നാല്‍ ആ പോയിന്റില്‍ സിനിമ അവസാനിപ്പിക്കാതെ പിന്നെയും അവര്‍ കഥ മുന്നോട്ട് കൊണ്ടുപോയി. സുഭാഷിന്റെ അമ്മയും കുട്ടനും തമ്മിലുള്ള ആ കോണ്‍ഫ്‌ളിക്ടാണ് പിന്നീട് സിനിമയെ കണക്ട് ചെയ്യിച്ചത്.എന്ത് മനോഹരമായിട്ടാണ് ആ സീന്‍ ചെയ്തു വെച്ചിരിക്കുന്നത്. ആ ക്യാരക്ടര്‍ കുട്ടനെ മനസിലാക്കുന്ന സീന്‍ വല്ലാതെ ടച്ചിങ്ങായി. അതിന്റെ ഇമോഷന്‍ കൃത്യമായി പ്രേക്ഷകരിലേക്കെത്തിയിട്ടുണ്ട്. എഴുത്തിന്റെ ശക്തിയാണത്,’ ആനന്ദ് ഏകര്‍ഷി പറഞ്ഞു.

Content Highlight: Anand Ekarshi about his favorite moment in Manjummel Boys movie

We use cookies to give you the best possible experience. Learn more