| Saturday, 1st February 2025, 3:44 pm

'അധ്വാനിക്കുന്നവന് എന്തിനാടാ സ്ത്രീധനം'; പൊന്മാൻ പറയുന്ന ബന്ധങ്ങളുടെ രാഷ്ട്രീയം

നവ്‌നീത് എസ്.

‘അധ്വാനിക്കുന്നവന് എന്തിനാടാ സ്ത്രീധനം’ ഈയൊരറ്റ വരിയിലുണ്ട് പൊന്മാൻ പറയുന്ന രാഷ്ട്രീയം. സ്ത്രീധനം വിഷയമാക്കി മലയാളത്തിലൊരു സിനിമ ഇറങ്ങുന്നത് ആദ്യമല്ല. എന്നാൽ മുൻ സിനിമകളിൽ നിന്ന് വ്യത്യസ്തമായി പറയാനുള്ളത് ഭംഗിയായി ഇമോഷണൽ കണക്‌ഷനിലൂടെ അവതരിപ്പിക്കുന്ന സിനിമയാണ് പൊന്മാൻ.

സ്ത്രീധനമായി നൽകാമെന്ന് പറഞ്ഞ പൊന്നിൽ ഒരു തരി കുറഞ്ഞപ്പോൾ പെങ്ങളുടെ ആദ്യരാത്രിയിൽ ചെന്ന് ബാക്കി പൊന്ന് നൽകിയ സൽപ്പേര് രാമൻകുട്ടിയെന്ന നായകനുള്ള മലയാള സിനിമയിൽ തന്നെയാണ് പൊന്മാനിലെ അജേഷ്, അധ്വാനിക്കുന്നവന് എന്തിനാടാ സ്ത്രീധനമെന്ന് ചോദിക്കുന്നത്.

ജി.ആർ ഇന്ദുഗോപന്റെ ‘നാലഞ്ചു ചെറുപ്പക്കാർ’ എന്ന കഥയുടെ ചലച്ചിത്രാവിഷ്ക്കരമാണ് പൊന്മാൻ. കഥയിലെ പ്രധാന കഥാപാത്രമായ അജേഷിനെ അവതരിപ്പിക്കുന്നത് ബേസിൽ ജോസഫാണ്. കല്യാണ സമയത്ത് ആവശ്യമുള്ളവർക്ക് പൊന്ന് എത്തിച്ചുകൊടുക്കുന്ന വ്യക്തിയാണ് അജേഷ്. നൽകിയ പൊന്ന് തിരിച്ചെടുക്കാൻ നടത്തുന്ന അജേഷിന്റെ പോരാട്ടം സ്ത്രീധനത്തിലൂടെ മാത്രം പെണ്ണിന്റെ മൂല്യമളക്കുന്ന ഒരുകൂട്ടം ആളുകൾക്കിടയിലേക്കാണ് ഒടുവിൽ എത്തിച്ചേരുന്നത്.

പൊന്നില്ലാതെ കല്യാണം കഴിക്കില്ലെന്ന് കരുതുന്ന, സ്വർണത്തോട് ഭ്രമമുള്ള സ്റ്റെഫി എന്ന കഥാപാത്രത്തെയാണ് ആദ്യം പ്രേക്ഷകർ സിനിമയിൽ കാണുന്നത്. എന്നാൽ ഒരാളുടെ നിലനില്പിനെ തന്നെ ബാധിക്കുന്ന ലോഹമായി അത് മാറുമ്പോൾ സ്റ്റെഫിക്കുണ്ടാക്കുന്ന തിരിച്ചറിവാണ് പൊന്മാനിന്റെ ഏറ്റവും വലിയ ഭംഗി. പൊന്നെല്ലാം അഴിച്ച് മാറ്റിയപ്പോഴാണ് നിനക്കൊരു തെളിച്ചം വന്നതെന്ന് അജേഷ് ഉള്ളിൽ തട്ടിയാണ് സ്റ്റെഫിയോട് പറയുന്നത്. സിനിമ കണ്ടിരിക്കുന്ന പ്രേക്ഷർക്കും അത് ഉള്ളിൽ കൊള്ളും.

സ്റ്റെഫി എന്ന കഥാപാത്രമായി സിനിമയിൽ എത്തിയത് ലിജോ മോൾ ജോസ് ആയിരുന്നു. പള്ളിക്കാരെയും പാർട്ടിക്കാരെയും വെറുപ്പിക്കേണ്ടി വരുന്നതോടെയാണ് പെങ്ങളായ സ്റ്റെഫിയുടെ കല്യാണത്തിന് ബ്രൂണോയ്ക്ക്(ആനന്ദ് മന്മദൻ) അജേഷിനെ സമീപിക്കേണ്ടി വരുന്നത്.

അജേഷിന്റെ പൊന്ന് തിരിച്ചു നൽകേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന ബോധമാണ് സ്വർണം ബ്രൂണോയ്ക്ക് നൽകുന്ന തിരിച്ചറിവ്. എപ്പോഴോ നഷ്ടമായ സഹോദരി, സഹോദരൻ ബന്ധം അതിലൂടെ തിരിച്ചുപിടിക്കാനാണ് അയാൾ ശ്രമിക്കുന്നത്. താത്പര്യമില്ലാത്ത ഒരു വിവാഹ ബന്ധത്തിലാണ് പെങ്ങൾ പെട്ടിരിക്കുന്നതെന്ന കാര്യം അപ്പോഴാണ് അയാൾ മനസിലാക്കുന്നത്.

സ്ത്രീധനമായി കിട്ടിയ പൊന്നുകൊണ്ട് പെങ്ങളുടെ കല്യാണം നടത്താൻ പ്ലാൻ ചെയുന്ന മരിയാൻ (സജിൻ ഗോപു) ആണ് മറ്റൊരു കഥാപാത്രം. സ്ത്രീധന ഉരുപ്പടി തിരിച്ചു നൽകില്ലെന്ന വാശിയുമായി നടക്കുന്ന മരിയാൻ, തന്റെ പൊന്ന് ജീവൻ കളഞ്ഞിട്ടാണെങ്കിലും തിരിച്ചെടുക്കുമെന്ന് ഉറപ്പിച്ച അജേഷും. പ്രധാനമായി ഈ രണ്ടുപേരുടെയും കോൺഫ്ലിക്റ്റിലൂടെ ഒരുകൂട്ടം കഥാപാത്രങ്ങളുടെ കഥയാണ് സംവിധായകൻ ജ്യോതിഷ് ശങ്കർ അവതരിപ്പിക്കുന്നത്.

ഭാഗ്യദേവതയിലും സ്ത്രീധനത്തിലുമൊന്നും കാണാത്ത ഒരു നായികയെയും പൊന്മാനിൽ കാണാം. ഇമോഷണൽ റോളർ കോസ്റ്ററിൽ പെട്ടിരിക്കുന്ന നായികയാണ് സ്റ്റെഫി. ആദ്യാവസാനം സ്റ്റെഫിയോടൊപ്പമോ അവളുടെ ചേട്ടനോടൊപ്പമോ അതോ അജേഷിനൊപ്പമോ നിൽക്കണമെന്ന കൺഫ്യൂഷ്യൻ സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്. അജേഷിലൂടെയും സ്റ്റെഫിലൂടെയും മനോഹരമായി സിനിമ അവസാനിക്കുമ്പോൾ ഒരു പൊൻതിളക്കത്തോടെ പൊന്മാൻ പ്രേക്ഷകർക്കുള്ളിൽ കയറുന്നുണ്ട്.

Content Highlight: Analysis Of Politics Of Ponman Movie

നവ്‌നീത് എസ്.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more