വിയര്‍ത്തൊലിച്ച് ചോറും കൂട്ടാനും കുഴച്ചുരുട്ടി വാരിവാരി കഴിച്ച് അമ്മിണിയേച്ചിനോട് ആസിഫ് അലിയുടെ ഷാനു പറയുന്നൊരു ഡയലോഗുണ്ട് ‘വിശപ്പാണോ ആര്‍ത്തിയാണോ എന്നറിയില്ല, അതിപ്പോ ജീവിതത്തോടും ആഹാരത്തോടും കൂടുതലാ’. മലയാള സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളായ സിബി മലയിലിന്റെ കയ്യില്‍ ആസിഫ് എത്തിയപ്പോള്‍ മറ്റുസിനിമകളില്‍ അങ്ങനെ കാണാതിരുന്ന ആസിഫിലെ നടനെ മലയാളികള്‍ കണ്ടു.
ചാനല്‍ അവതാരകനായി ഋതു വഴി മലയാള സിനിമ ലോകത്തേക്ക് പൊരുതികേറിവന്ന ഒരു സാധാരണക്കാരനിലെ അസാധാരണ നടന്റെ വളര്‍ച്ചയാണ് പിന്നീട് മലയാള സിനിമ കണ്ടത്.
തുടക്കകാലത്ത് ഒരുപാട് പരാജയ ചിത്രങ്ങളില്‍ ആസിഫ് ഭാഗമായിരുന്നു. പല സിനിമകളും ചെയ്യേണ്ടിയിരുന്നില്ല എന്ന് അദ്ദേഹം തന്നെ ചില അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇന്‍ഡസ്ട്രിയുടെ ട്രെന്‍ഡിനൊപ്പം ഓടാന്‍ ശ്രമിച്ചപ്പോള്‍ സണ്‍ഡേ ഹോളിഡേ, കെട്ട്യോളാണെന്റെ മാലാഖ പോലുള്ള ചില ചിത്രങ്ങളൊഴിച്ച് അയാളിലെ നടനെ കണ്ടെത്തുന്ന തരത്തിലുള്ള സിനിമകളൊന്നും ആസിഫിന് ലഭിച്ചിരുന്നില്ല.
ഹിറ്റുകളൊന്നുമില്ലെന്ന് നിരൂപകര്‍ മുദ്ര കുത്തിയിടത്തുനിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ ആസിഫിന്റെ ഒരു ഉയര്‍ത്തെഴുന്നേല്‍പ്പുണ്ടായിരുന്നു. മലയാള സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളാകാന്‍ വെമ്പല്‍ കൊള്ളുന്ന ആ തൊടുപുഴക്കരാനെ കേള്‍ക്കാതിരിക്കാന്‍ സിനിമ പ്രേമികള്‍ക്കും മലയാളം ഫിലിം ഇന്‍ഡസ്ട്രിക്കും കഴിഞ്ഞില്ല.
ഓള്‍ ഇന്‍ ഓള്‍ മമ്മൂട്ടി ഷോ ആയിരുന്നിട്ടുപോലും ഒരു ചണം ചാക്കിന്റെ മറവില്‍ നിന്നുകൊണ്ട് റോഷാക്ക് ദിലീപിന്റേതുകൂടിയാണെന്ന് ആസിഫ് തന്റെ കണ്ണുകളിലൂടെ വാദിച്ചു.
പിന്നീട് ആസിഫ് നായകനായ ചിത്രങ്ങളില്‍ ഏറെയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ആസിഫ് അലി മികച്ച തിരിച്ചു വരവ് നടത്തിയ വര്‍ഷമായിരുന്നു 2024. വമ്പന്‍ റിലീസുകള്‍ക്കിടയില്‍ വലിയ ബഹളമൊന്നും ഉണ്ടാകാതെയെത്തിയ കിഷ്‌കിന്ധാ കാണ്ഡം ആസിഫ് എന്ന നടന്റെ ആദ്യത്തെ 50 കോടി ചിത്രമായി മാറി. ഒരുപാട് നിഗൂഢതകള്‍ നിറച്ച അജയ് ചന്ദ്രന്‍ കടന്നുപോകുന്ന ഓരോ ജീവിത മുഹൂര്‍ത്തവും പ്രേക്ഷകര്‍ക്ക് അത്രയും വിശ്വസനീയമാകുന്നതും രേഖചിത്രത്തിലെ വിവേകിനോടൊപ്പം സഞ്ചരിക്കാന്‍ കാണികള്‍ക്ക് കഴിയുന്നതുമെല്ലാം അയാളിലെ നടനെ മലയാളികള്‍ക്ക് എത്ര നന്നായി ബോധിച്ചു എന്നതിന്റെ തെളിവാണ്.
ഏറ്റവും അവസാനം ഇറങ്ങിയ സര്‍ക്കീട്ടിലും അമീര്‍ എന്ന 27 കാരനെ നമുക്ക് അത്രയും മനസിലാക്കാന്‍ കഴിയുന്നതും ഇതേ കാരണം കൊണ്ടാണ്. എത്രപറഞ്ഞാലും മതിയാകാത്തൊരു കാര്യമുണ്ട്, എന്തൊരു നടനാണ് അയാള്‍! ഓരോ സിനിമ കഴിയുമ്പോഴും ആസിഫ് എന്ന നടനോട് കൂടുതല്‍ കൂടുതല്‍ അസൂയ തോന്നുന്നു. ആസിഫിന്റെ അമീര്‍ നമുക്കെല്ലാവര്‍ക്കും പരിചിതമാണ്, ചിലപ്പോള്‍ നമ്മള്‍ തന്നെയാവും. അമീറിന്റെ കണ്ണ് നിറയുമ്പോള്‍ കാണുന്നവരുടെയും കണ്ണുനിറക്കുന്ന രീതിയില്‍, നെഞ്ചില്‍ ഒരു വിങ്ങലെങ്കിലും തോന്നുന്ന രീതിയില്‍ അത്ര മനോഹരമായി ആസിഫ് അമീര്‍ ആയി ജീവിച്ചു.
അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുമ്പോള്‍ നമുക്ക് വേണ്ടപെട്ടവരാരോ വിഷമിക്കുന്നതുപോലുള്ള വിങ്ങല്‍ നമ്മുടെ മനസിലും തോന്നുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം ഒരു അഭിനേതാവായി അയാള്‍ എത്രമാത്രം നമുക്കൊക്കെ കണക്ടഡ് ആണ് എന്നതാണ്.
പക്വതയില്ലാത്ത യൂത്തന്‍ കഥാപാത്രങ്ങളില്‍ നിന്നും ബോക്‌സ് ഓഫീസില്‍ നിന്ന് കോടികള്‍ വാരാന്‍ കെല്‍പ്പുള്ള സിനിമകള്‍ മാത്രമല്ലാതെ വ്യത്യസ്തമായ കനമുള്ള, കാമ്പുള്ള കഥാപാത്രങ്ങളെ തേടിപ്പോയി കണ്ടെത്തി പ്രേക്ഷകര്‍ക്ക് മുന്നില്‍ ഓരോ സിനിമകളിലൂടെയും ആസിഫ് ജീവിച്ച് കാണിച്ച് തരുമ്പോള്‍ അത്രയും വേണ്ടപെട്ടവരാരോ എന്തൊക്കയോ നേടിയ സന്തോഷമാണ് ഓരോ സിനിമ പ്രേമിക്കും ഉണ്ടാകുന്നത്.
Content Highlight: Analysis of Asif Ali’s Performance