പാലാ ബിഷപ്പ്, താങ്കള്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ കൃസംഘ്ചാലക് എന്ന് വിളിക്കേണ്ടി വരും | പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ഒരു തുറന്ന കത്ത്
Discourse
പാലാ ബിഷപ്പ്, താങ്കള്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ കൃസംഘ്ചാലക് എന്ന് വിളിക്കേണ്ടി വരും | പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ഒരു തുറന്ന കത്ത്
ശ്രീജ നെയ്യാറ്റിന്‍കര
Thursday, 9th September 2021, 3:56 pm
അടിസ്ഥാന രഹിതമായ നുണകള്‍ പടര്‍ത്തി വിട്ട് കേരളത്തിലെ മുസ്‌ലിങ്ങളെ വേട്ടയാടുന്നതില്‍ നിന്ന് താങ്കളെ പോലുള്ളവര്‍ പിന്തിരിയേണ്ടതുണ്ട്. നുണ പ്രസ്താവന പിന്‍വലിച്ച് മുസ്ലിം സമൂഹത്തോട് താങ്കള്‍ മാപ്പ് പറഞ്ഞേ തീരൂ.

ആദരണീയനായ ബിഷപ്പ്, താങ്കള്‍ക്ക് ക്ഷേമം നേരുന്നു.

കേരളത്തിലെ ക്രിസ്ത്യന്‍ യുവതയ്‌ക്കെതിരെ ലവ് ജിഹാദും നാര്‍ക്കോട്ടിക്‌സ് ജിഹാദും നടക്കുന്നുണ്ടെന്ന താങ്കളുടെ പ്രസംഗം കേട്ടപ്പോള്‍ ഒരു ആക്ടിവിസ്റ്റ് എന്ന നിലയില്‍ ചില കാര്യങ്ങള്‍ താങ്കളോട് ചോദിക്കണം എന്ന് തോന്നിയതുകൊണ്ടാണ് ഇങ്ങനൊരു കത്തെഴുതുന്നത്.

മറ്റു മതങ്ങളിലെ കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ നാര്‍ക്കോട്ടിക്‌സ് ജിഹാദ് നടക്കുന്നുണ്ടെന്നും ഇതിന് കേരളത്തിലെ ഒരു വിഭാഗം സഹായം ചെയ്യുന്നുണ്ടെന്നും താങ്കള്‍ പ്രസംഗിക്കുകയുണ്ടായല്ലോ. താങ്കളുടെ രൂപതയില്‍ എത്ര കുട്ടികളാണ് ഇത്തരത്തില്‍ നാര്‍ക്കോട്ടിക്‌സ് ജിഹാദിന് ഇരയായിട്ടുള്ളത്? ലവ് ജിഹാദിന് ഇരയായിട്ടുള്ളത്?

നാര്‍ക്കോട്ടിക്‌സ് ജിഹാദിന് കേരളത്തിലെ ഒരു വിഭാഗം സഹായം ചെയ്യുന്നു എന്ന് താങ്കള്‍ പ്രസംഗത്തില്‍ പറയുന്നുണ്ട്. ഏതാണ് ആ വിഭാഗമെന്ന് കൃത്യമായി പറയാന്‍ താങ്കള്‍ക്ക് ആര്‍ജ്ജവമുണ്ടോ?

എന്ത് അറിവിന്റെ, തെളിവുകളുടെ അടിസ്ഥാനത്തിലാണ് ക്രിസ്ത്യന്‍ യുവാക്കള്‍ക്കിടയില്‍ ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്ന് ഉത്തരവാദിത്തപ്പെട്ട ഒരു ബിഷപ്പ് എന്ന നിലയില്‍ താങ്കള്‍ പറയുന്നത്?

നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കുക എന്ന് ഉദ്ഘോഷിച്ച ക്രിസ്തുവിന്റെ അനുയായിയായ താങ്കള്‍ മനുഷ്യരെ തമ്മില്‍ വെറുപ്പിക്കുന്ന തരത്തില്‍ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രസംഗിക്കുന്നത് ഭൂഷണമാണോ?

മുസ്‌ലിങ്ങളല്ലാത്തവരെ നശിപ്പിക്കാന്‍ ഒരു വിഭാഗം ലവ് – നാര്‍ക്കോട്ടിക് ജിഹാദിലൂടെ ശ്രമിക്കുന്നു എന്ന് ഒരു ബിഷപ്പ് തന്നെ പള്ളി പ്രസംഗത്തിലൂടെ മറ്റുള്ളവരിലേക്ക് വ്യാപിപ്പിക്കുമ്പോള്‍ അതീ സമൂഹത്തിലുണ്ടാക്കുന്ന അപകടകരമായ ധ്രുവീകരണത്തെ കുറിച്ച് താങ്കള്‍ക്ക് ബോധ്യമുണ്ടോ?

മുസ്‌ലിങ്ങളോടുള്ള വെറുപ്പല്ലാതെ മറ്റെന്താണ് ഇത്ര വലിയൊരു നുണ യാതൊരുളുപ്പുമില്ലാതെ പടര്‍ത്താന്‍ താങ്കളെ പ്രേരിപ്പിച്ചത്?

ഈ വെറുപ്പിന്റെ ഗുണഭോക്താക്കള്‍ മുസ്ലിം വംശഹത്യ ലക്ഷ്യം വയ്ക്കുന്ന സംഘപരിവാര്‍ അല്ലാതെ മറ്റാരുമല്ല എന്ന് താങ്കള്‍ക്കറിയില്ലേ?
അതോ അതറിയാമായിരുന്നിട്ടും താങ്കളുടെ നാവ് സംഘപരിവാറിന് വില പറഞ്ഞുറപ്പിച്ചിരിക്കുകയാണോ?

അടിസ്ഥാന രഹിതമായ നുണകള്‍ പടര്‍ത്തി വിട്ട് കേരളത്തിലെ മുസ്‌ലിങ്ങളെ വേട്ടയാടുന്നതില്‍ നിന്ന് താങ്കളെ പോലുള്ളവര്‍ പിന്തിരിയേണ്ടതുണ്ട്. നുണ പ്രസ്താവന പിന്‍വലിച്ച് മുസ്ലിം സമൂഹത്തോട് താങ്കള്‍ മാപ്പ് പറഞ്ഞേ തീരൂ.

അല്ലെങ്കില്‍ നീതിബോധമുള്ള മനുഷ്യര്‍ക്ക് താങ്കള്‍ നിലകൊള്ളുന്ന പാലാ രൂപതയെ സംഘപരിവാര്‍ കാര്യാലയമെന്നും താങ്കളെ കൃസംഘ്ചാലക് എന്നും അടയാളപ്പെടുത്തേണ്ടി വരും. മാത്രമല്ല സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കിയ കുറ്റത്തിന് താങ്കള്‍ നിയമ നടപടി നേരിടേണ്ടതായും വരും.

ശുഭ പ്രതീക്ഷയോടെ
ശ്രീജ നെയ്യാറ്റിന്‍കര

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: An open letter to Bishop Mar Joseph Kallarangatt by Sreeja Neyyattinkara