കാട് ആദിവാസികളുടേതാണ് എന്ന് പറയുമെങ്കിലും ഭൂരഹിതരായ മനുഷ്യരാണവരില്‍ കുറേപ്പേര്‍. നല്ല ജീവിതാന്തരീക്ഷത്തിന് വേണ്ടി കൂലി കൂട്ടിച്ചോദിച്ചപ്പോള്‍, കിടക്കാനും ജീവിക്കാനും സ്വന്തമായി മണ്ണ് ആവശ്യപ്പെടുമ്പോള്‍ ഒക്കെ അധികാരത്തിന്റെ ശ്രേണികളില്‍ ഇരിക്കുന്നവര്‍ക്ക് അരിശം കയറും. അടിയും തൊഴിയും ഏറ്റ് കാലം കഴിയുമ്പോള്‍ പ്രതിരോധത്തിനിറങ്ങും ജനങ്ങള്‍. അങ്ങനെ അവരുടെ അവകാശ സമരങ്ങള്‍ എന്നൊക്കെ ഉച്ചസ്ഥായിയില്‍ എത്തിയിട്ടുണ്ടോ, അന്നെല്ലാം അവിടെ അരിശം മൂത്ത ഭരണകൂടത്തിന്റെ നായാട്ട് നടന്നിട്ടുമുണ്ട്. സമ്പന്നരെല്ലാം ജാതിമത ഭേദമന്യേ, രാഷ്ട്രീയഭേദമന്യേ അതിനൊപ്പം നിന്നിട്ടുമുണ്ട് | ഗോവര്‍ദ്ധന്‍ എഴുതുന്നു
ഉണങ്ങാത്ത മുറിവില്‍ ഉപ്പ് പുരട്ടിയ മനുഷ്യര്‍ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് അനുരാജ് മനോഹറിന്റെ നരിവേട്ട സിനിമ തുടങ്ങുന്നത്. എബിന്‍ ജോസഫിന്റെ കഥയില്‍ പിറന്ന സിനിമ ഭൂതകാലത്തിന്റെ അടരുകളെ പൊളിച്ചു വര്‍ത്തമാനകാലത്തെ വര്‍ത്തമാനങ്ങളിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.
ഭൂമിയുടെ രാഷ്ട്രീയവും മനുഷ്യരുടെ നിസ്സഹായതയെയും കുറിച്ചു പറയുന്ന സിനിമ പല മാനങ്ങളിലേക്കാണ് നമ്മെ കൊണ്ടുപോകുന്നത്. ഇവിടെ ഭരണകൂടം ജനങ്ങളുടെ മുറിവുണക്കുന്നില്ല എന്ന് പ്രഖ്യാപിച്ചാണ് സിനിമ തുടങ്ങുന്നത്. അതുകൊണ്ടാണ് വഞ്ചിതരായ ജനങ്ങളെ- സ്വന്തം മുറിവില്‍ ഉപ്പു പുരട്ടി നീറി നീറി ജീവിക്കുന്ന മനുഷ്യരായി വിശേഷിപ്പിക്കുന്നത്.
തിരുനെല്ലിയെ കുറിച്ചുള്ള പരാമര്‍ശം സിനിമയില്‍ ആദ്യം തന്നെയുണ്ട്. മരിച്ചവര്‍ക്ക് ശാന്തി ലഭിക്കാനാണെന്ന് പറഞ്ഞ് ജീവിച്ചിരിക്കുന്നവരുടെ സമാധാനത്തിന് വേണ്ടി തര്‍പ്പണം ചെയ്യാന്‍ തിരുനെല്ലി കയറുന്നവരാണ് ഒരു വിഭാഗം. പാവം മനുഷ്യര്‍. എന്തിനാണ് ഇതൊക്കെ ചെയ്തുകൂട്ടുന്നത് എന്നുപോലും അറിയാത്ത വലിയൊരു കൂട്ടം പിന്തുടര്‍ച്ചക്കാര്‍.
മോക്ഷത്തിനു വേണ്ടി ചെയ്യുന്ന കര്‍മ്മങ്ങള്‍, ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പ്രാഥമികമായ അത്യാവശ്യങ്ങള്‍ക്ക് മോക്ഷം വാങ്ങിക്കൊടുക്കാന്‍ കാടുകയറിയവരുടെ ജീവിതം, ചരിത്രം. മറക്കാന്‍ പാടില്ലാത്ത അടിയോരുടെ ജീവിതം. അവരുടെ പെരുമന്‍ വര്‍ഗ്ഗീസിന്റെയും സഖാക്കളുടെയും ജീവിതം. തിരുനെല്ലിയും, കാടുകയറുന്ന മനുഷ്യരെയും പരാമര്‍ശിക്കുമ്പോള്‍ ഹെഡ് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരും ഓര്‍മ്മയില്‍ വരും. കാടകങ്ങളിലെ ജീവനില്‍ തീ വിതച്ച വര്‍ഗ്ഗീസിലേക്ക് വെടിയുണ്ട പായിച്ചവന്‍.
വര്‍ഗീസ് | കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ (രാമചന്ദ്രന്‍ നായരുടെ ആത്മകഥയുടെ കവര്‍ ചിത്രം)
വെടിയുണ്ട പായിച്ചവരുടെ കഥയാണ് നരിവേട്ടയും. പുതിയകാലത്തെ അധികാരികളുടെയും; അവരുടെയും കണ്ണിലെ അടിയാന്മാരുടെ ജീവിതവും. അധികാരികള്‍ക്ക് കുടപിടിക്കുന്ന പോലീസിലെ ഏമാന്മാരുടെയും പോലീസിലെ പുറംപണിക്കാരുടെയും ജീവിതം. നാട്ടിന്‍പുറങ്ങളില്‍ ആരൊക്കെ സ്വപ്‌നം കാണരുത് എന്നു പറയുന്ന സാമ്പത്തികാധികാര ശ്രേണിയിലെ മനുഷ്യരുടെ ജീവിതം. ഇരകളുടെയും വേട്ടക്കാരുടെയും കഥ. സിനിമയിലെ പ്ലോട്ടുകള്‍ പോലും അതു പങ്കുവെക്കുന്നുണ്ട്.
അധികാരിയുടെ മണ്ണില്‍ രേഖകളില്ലാത്ത യഥാര്‍ത്ഥ അവകാശികള്‍ കയറുമ്പോഴാണ്, ചോദ്യം ചെയ്യുമ്പോഴാണ് പുറമേക്ക് പരിഷ്‌കൃതരായവരുടെ പല്ലും നഖവും പുറത്തേക്ക് ചാടുക. അതു ഈ സിനിമ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.
കുട്ടനാട്ടുകാരനായ വര്‍ഗ്ഗീസ് പീറ്ററിലൂടെയാണ് എബിന്‍ ജോസഫ് കഥ പറഞ്ഞു തുടങ്ങുന്നത്. വയനാടിനോട് തന്നെ സാമ്യമുള്ള ഒരു ജീവിതമായിരുന്നു പഴയ കുട്ടനാടന്‍ പാടങ്ങള്‍ക്ക് പറയാനുള്ളത്. ആ കഥകളിലൊന്നും താല്പര്യമില്ലാത്ത, സ്വപ്‌നങ്ങളില്‍ മാത്രം ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു യുവാവിന്റെ പലതലങ്ങളിലൂടെയുള്ള യാത്ര. അതാണ് നരിവേട്ട.
90 കളിലെ യുവാക്കളുടെ ഒരു പതിപ്പ് ആയിരുന്നു ടോവിനോയുടെ കുട്ടനാടന്‍ ജീവിതം. യാതൊരുവിധ രാഷ്ട്രീയ ബോധവുമില്ലാത്ത എന്ന് പറയാവുന്ന ഒരാള്‍. അതിന്റെ പരിസരങ്ങളില്‍ ജീവിക്കുന്ന മനുഷ്യരായി വേഷമിട്ടവര്‍ കുറച്ചുസമയത്തേക്ക് ആണെങ്കിലും അവരുടെ സ്‌ക്രീന്‍ ടൈം മനോഹരമാക്കി വെച്ചിട്ടുണ്ട്. അതിനെ ആ ഭൂമിശാസ്ത്രത്തിന്റെ വശ്യതയോടു കൂടി തന്നെ ചായഗ്രഹകന്‍ ഒപ്പിയെടുത്തിട്ടുമുണ്ട്. സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവില്‍ നിന്ന് പുതിയ ജീവിതത്തിലേക്ക് കടന്ന കോണ്‍സ്റ്റബ്ള്‍ വര്‍ഗ്ഗീസ് പീറ്റര്‍.
When the system betrays, The revolution begins | ഭരണകൂടം വഞ്ചിക്കുമ്പോള്‍ വിപ്ലവം ആരംഭിക്കുന്നു
ഈ സിനിമയില്‍ പോലീസ് ജീവിതത്തിന്റെ രണ്ടു വശങ്ങളെയും കാണിക്കുന്നുണ്ട്. ജീവിക്കാന്‍ വേണ്ടി, പണിക്കാരായ, പ്രാരാബ്ദക്കാരായ പോലീസുകാര്‍. ജോലിസമ്മര്‍ദ്ദവും അധികാരികളുടെ ആധിപത്യവും എങ്ങനെയാണ് അവരുടെ മാനസികമായ ജീവിതത്തെ ബാധിക്കുന്നത് എന്ന് പറയാതെ പറയുന്നുണ്ട്. പോലീസിലെ ന്യൂനപക്ഷം വരുന്ന അധികാരികളുടെ കീഴില്‍ ജീവിക്കുന്ന ഭൂരിപക്ഷം വരുന്ന സാദാ പോലീസുകാര്‍. അവരെന്നും അതൃപ്തരായാണ് കാണപ്പെടാറുള്ളത്. അപവാദമായി കുറച്ചു പേരുണ്ടാകും.
ആദിവാസികള്‍ ഇനി ഭൂമി പോയിട്ട് ഒരാവശ്യങ്ങള്‍ക്കും വരരുത് എന്ന പോലെയാണ് പോലീസ് അന്ന് പെരുമാറിയത്
പലരോടുമുള്ള അതൃപ്തി പലപ്പോഴും സാധാരണ മനുഷ്യരുടെ മേലാണ് അവര്‍ തീര്‍ക്കാറുള്ളത്. നിസ്സഹായരുടെ മുകളില്‍. നമ്മുടെ നിര്‍മ്മിത ജാതിവ്യവസ്ഥയിലെ കീഴാളരുടെ അവസ്ഥ തന്നെയാണ് വേറൊരുതരത്തില്‍ സാദാ പോലീസുകാരുടെയും ജീവിതം.
ട്രെയിലറില്‍ കാണിക്കുന്ന സീനിലെ ഡയലോഗ് മതി പോലീസിലെ കീഴുദ്യോഗസ്ഥരുടെ പെടാപ്പാട് മനസ്സിലാക്കാന്‍. അതേസമയം ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമായ, പുറമേക്ക് സൗമ്യമാണെന്ന് തോന്നാന്‍ പാകത്തില്‍ പൗഡറിട്ട പോലീസുകാരും.
ഉള്ളവന്റെയടുത്ത് ഇല്ലാത്തവന്‍ നിസ്സഹായതയുടെ പരകോടിയില്‍ നില്‍ക്കുമ്പോള്‍ ഏല്‍ക്കുന്ന മുറിവില്‍ നിന്നും ഉയിര്‍ കൊള്ളുന്ന അഭിമാനബോധമാണ് അവരെ ജീവിതത്തില്‍ തുടര്‍ന്ന് ചലിപ്പിക്കുക.
വെടിയുണ്ട പായിച്ചവരുടെ കഥയാണ് നരിവേട്ടയും
കോണ്‍സ്റ്റബിള്‍ വര്‍ഗ്ഗീസില്‍ ടൊവിനോ തോമസിനെ കാണാന്‍ കഴിയില്ല സിനിമയില്‍. അത്രമാത്രം കൈയടക്കോടെയാണ് എല്ലാതരത്തിലുള്ള പകര്‍ന്നാട്ടങ്ങളും ടൊവിനോ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരേടായി മാറും നരിവേട്ട.
ടൊവിനോ തോമസ് നരിവേട്ടയില്‍
ഒരാള്‍ നന്നായി അഭിനയിക്കണമെങ്കില്‍ അപ്പുറത്തുള്ളവരും അതുപോലെ മത്സരിച്ചഭിനയിക്കണം. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടിന്റെ ബഷീര്‍ എന്ന കഥാപാത്രം തകര്‍ത്താടിയപ്പോള്‍ ടൊവിനോയുടെ വേഷപ്പകര്‍ച്ചയ്ക്ക് മൂര്‍ച്ച കൂടി. ചേരന്റെ തമിഴും മലയാളവും കലര്‍ന്ന ഭാഷയില്‍ പേസിത്തകര്‍ത്ത പോലീസ് മേധാവിയും എടുത്തു പറയേണ്ടതാണ്. അതിന്റെ പരിസരങ്ങളില്‍ ജീവിച്ചവരും നന്നായി അവരുടെ ഭാഗം ചെയ്തു.
സുരാജ് വെഞ്ഞാടുംമൂടും ചേരനും നരിവേട്ടയില്‍
To every battle for justice To every fight against injustice This one’s for them all നീതിയ്ക്കായുള്ള എല്ലാ പോരാട്ടങ്ങള്‍ക്കും അനീതിക്കെതിരെയുള്ള എല്ലാ പോരാട്ടങ്ങള്‍ക്കും ഇത് അവര്‍ക്കുള്ളതാണ്.
ട്രെയിലറിലെ ഒരു വാചകമാണ്. പ്രകൃതിയില്‍ ചേര്‍ന്ന് ജീവിക്കുന്ന മനുഷ്യര്‍ കാട്ടില്‍ നിന്ന് വല്ലതും പറ്റിയാല്‍ അതവരുടെ പിഴയായി കണക്കാക്കി കൂടുതല്‍ ശ്രദ്ധയോടെ ജീവിക്കുന്നവരാണ്. അവരുടെ ജീവിതത്തില്‍ മായം ചേര്‍ക്കാത്തവര്‍. അവരെയൊന്നും പുതിയ വിനോദസഞ്ചാര ഭൂപടത്തില്‍ കാണാന്‍ കഴിയില്ല. ആദിവാസികളല്ല വന്നവാസികളാണ് അതിന്റെയും ഗുണഭോക്താക്കള്‍.
കുടിയേറ്റക്കാര്‍! വയനാട് വിനോദസഞ്ചാരികള്‍ക്ക് കണ്ണിനും മനസ്സിനും ഒരുപോലെ കുളിരു പകരുന്ന പ്രദേശമാണ്. ഒരിക്കലെങ്കിലും വയനാട് പോയിട്ട് വരേണ്ട സ്ഥലവുമാണ്. അവിടത്തെ ഭൂപ്രകൃതി അത്രമാത്രം ആര്‍ദ്രമാണ്. അവിടുത്തെ മനുഷ്യരെപ്പോലെ തന്നെ.
വയനാടിന്റെ മണ്ണിന് ചുവപ്പും കറുപ്പും കലര്‍ന്ന വര്‍ണ്ണമാണ്. ഒരുപാട് ഒരുപാട് അടരുകള്‍ ഉള്ള ആ നാട്ടിലെ ആദിമ മനുഷ്യരുടെ ശരീരത്തിന്റെയും ചോരയുടെയും നിറം തന്നെയാണത്. കുരുതി കൊണ്ട് ചുവപ്പിച്ച മണ്ണ്.
കാട് ആദിവാസികളുടേതാണ് എന്ന് പറയുമെങ്കിലും ഭൂരഹിതരായ മനുഷ്യരാണവരില്‍ കുറേപ്പേര്‍. നല്ല ജീവിതാന്തരീക്ഷത്തിന് വേണ്ടി കൂലി കൂട്ടിച്ചോദിച്ചപ്പോള്‍, കിടക്കാനും ജീവിക്കാനും സ്വന്തമായി മണ്ണ് ആവശ്യപ്പെടുമ്പോള്‍ ഒക്കെ അധികാരത്തിന്റെ ശ്രേണികളില്‍ ഇരിക്കുന്നവര്‍ക്ക് അരിശം കയറും.
അടിയും തൊഴിയും ഏറ്റ് കാലം കഴിയുമ്പോള്‍ പ്രതിരോധത്തിനിറങ്ങും ജനങ്ങള്‍. അങ്ങനെ അവരുടെ അവകാശ സമരങ്ങള്‍ എന്നൊക്കെ ഉച്ചസ്ഥായിയില്‍ എത്തിയിട്ടുണ്ടോ, അന്നെല്ലാം അവിടെ അരിശം മൂത്ത ഭരണകൂടത്തിന്റെ നായാട്ട് നടന്നിട്ടുമുണ്ട്. സമ്പന്നരെല്ലാം ജാതിമത ഭേദമന്യേ, രാഷ്ട്രീയഭേദമന്യേ അതിനൊപ്പം നിന്നിട്ടുമുണ്ട്.
അങ്ങനെ നടന്ന ഒരു നായാട്ടിലെ ഭരണകൂടത്തിന്റെ പിടികിട്ടാപ്പുള്ളിയായ പെരിയോന്റെ പേര് തന്നെ നരിവേട്ട സിനിമയിലെ നായക കഥാപാത്രത്തിന് നല്‍കിയതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്. ചരിത്രത്തിലെ വര്‍ഗീസിന്റെ ജീവിതത്തില്‍ ഒരു പോലീസ് കോണ്‍സ്റ്റബിളിനുള്ള പങ്ക് നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്.
വര്‍ഷങ്ങളോളം ഒരാളെ വെടിവെച്ചു കൊന്നതിന്റെ മാനസിക പിരിമുറുക്കങ്ങളും സംഘര്‍ഷങ്ങളും ഉള്ളിലൊതുക്കി ജീവിച്ച ഒരു സാദാപോലീസുകാരന്‍. ഒടുവില്‍ ജനങ്ങളോട് അതു തുറന്നു പറഞ്ഞു. അതിലൂടെയാണ് വര്‍ഗീസിന്റെത് ഏറ്റുമുട്ടല്‍ കൊലപാതകം അല്ലെന്നും ഭരണകൂടത്തിന്റെ ആസൂത്രിതമായ കൊലപാതമായിരുന്നു എന്നും ലോകത്തിന് ബോധ്യമായത്.
തങ്ങളുടെ വീടിനു മുന്നിലും കണിക്കൊന്ന പൂക്കണം എന്നാഗ്രഹിക്കുന്ന ആദിവാസി ജീവിതങ്ങളാണ് ഇന്ത്യയിലെ ആദിവാസി സമൂഹം. അവരെ കുടിയിറക്കി മുതലാളിമാരെ കാട്ടിലേക്ക് കടത്തിവിടുന്ന നയമാണ്; ഇന്ത്യയില്‍ മാത്രമല്ല ലോകത്തെല്ലായിടത്തും നടന്നുകൊണ്ടിരിക്കുന്നത്.
അക്രമം ഒന്നിനും പരിഹാരമാകുന്നില്ല. പക്ഷെ ഭരണകൂടം ജനങ്ങളെ കുടിയിറക്കാന്‍ അക്രമമാര്‍ഗ്ഗം അവലംബിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ സ്വന്തം ജീവന്‍ കൊടുത്തും അവര്‍ പോരാടും. അതാണ് എല്ലായിടത്തും കാണുന്നത്.
ന്യായമായി നീതി നടപ്പാക്കിയാല്‍ പ്രതിരോധിക്കാന്‍ ആരുമുണ്ടാകില്ല. അപ്പോള്‍ അതു നടപ്പാക്കേണ്ടവര്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുമ്പോഴാണ് നാട്ടില്‍ സമരങ്ങള്‍ ഉണ്ടാകുന്നത്. ആരാണ് ശരിക്കും കുറ്റക്കാര്‍? സമരക്കാരോ അതോ ഭരണകൂടമോ?
വയനാടിനോട് തന്നെ സാമ്യമുള്ള ഒരു ജീവിതമായിരുന്നു പഴയ കുട്ടനാടന്‍ പാടങ്ങള്‍ക്ക് പറയാനുള്ളത്.
സിനിമയില്‍ പതിറ്റാണ്ടുകളോളം നീണ്ടുനിന്ന ആദിവാസികളുടെ ഭൂസമരത്തിന്റെ പശ്ചാത്തലം പറയുന്നുണ്ട്. കഥ തികച്ചും സാങ്കല്പികം എന്ന് പറയുമെങ്കിലും ആ സമയങ്ങളില്‍ നേരിട്ടും അല്ലാതെയും അതുമായി ബന്ധപ്പെട്ട ടി.വി/പത്ര വാര്‍ത്തകളിലൂടെ പോയവര്‍ക്ക്, ചര്‍ച്ചകളില്‍ ഇടപെട്ടവര്‍ക്ക് എന്നുമാത്രമല്ല മനസ്സാക്ഷിയുള്ള മനുഷ്യര്‍ക്ക് ഇരിപ്പുറക്കാതെ കണ്ടു തീര്‍ക്കാന്‍ പറ്റുന്ന ഒരു സിനിമയാണ് നരിവേട്ട.
ഈ സിനിമ ഉള്ളു പിടയാതെ കണ്ണ് നനയാതെ കാണ്ടുതീര്‍ക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. പച്ചയായ ജീവിതം കോറിയിട്ട തിരശ്ശീലയില്‍ കഥാപാത്രങ്ങളോടൊപ്പം പ്രേക്ഷകരും ഉരുകിത്തീരുന്നുണ്ട്. സിനിമയിലെ ഉദ്വേഗജനകമായ രംഗങ്ങള്‍ കഴിയുമ്പോള്‍ പ്രേക്ഷകരിലും ആ നെടുവീര്‍പ്പ് ഉണ്ടാകുന്നുണ്ട്.
അനുരാജ് മനോഹര്‍ | ജെയ്ക്‌സ് ബിജോയ്
അതുണ്ടാക്കാന്‍ കഴിയുന്നത് സംവിധാനത്തിന്റെ മികവാണ്. സംഗീതത്തിന്റെ പശ്ചാത്തലമൊരുക്കിയ ജെയ്ക്കാണ്. ഗംഭീരം! ഇതിനെയെല്ലാം പകര്‍ത്തിയെടുത്ത ഛായാഗ്രഹണം ഒരു രക്ഷയുമില്ല! ചിത്രങ്ങളെയെല്ലാം വെട്ടിമുറിച്ച് ഒന്നിന് പിറകെ മറ്റൊന്നായി ചേര്‍ത്തുവെച്ച സംയോജനവും കിടിലോല്‍ക്കിടിലം! കഥയും തിരക്കഥയും കുറിക്കു കൊള്ളുന്ന സംഭാഷണങ്ങളും ഒന്നിനൊന്ന് തകര്‍ത്തു. ഒരു ശില്പം രൂപപ്പെടുത്തിയെടുക്കുമ്പോള്‍ ഉണ്ടാകേണ്ട എല്ലാ ജാഗ്രതയും അണിയറയില്‍ നടന്നിട്ടുണ്ട്.
കാട് ആദിവാസികളുടേതാണ് എന്ന് പറയുമെങ്കിലും ഭൂരഹിതരായ മനുഷ്യരാണവരില്‍ കുറേപ്പേര്‍.
ആദിവാസികളുടെ ഭാഷ ഉപയോഗിച്ചത് മനസ്സിലാകാന്‍ ബുദ്ധിമുട്ടേണ്ടി വരുന്നില്ല. അതല്ലാത്തവര്‍ക്ക് സബ്‌ടൈറ്റിലിലൂടെയും വായിക്കാവുന്നതാണ്. സിനിമപ്രവര്‍ത്തകര്‍ ഇതില്‍ ഭരണകൂടത്തിന്റെ പ്രതിനിധികളായ മന്ത്രിമാര്‍ക്ക് പേരൊന്നും കൊടുത്തിരുന്നില്ല. പേര് മാറിയാലും സംവിധാനത്തിന്റെ സ്വഭാവം മാറാറില്ലല്ലോ. സംവിധാനത്തിന്റെ നയം മാറിയിരുന്നുവെങ്കില്‍ ആദിവാസികളുടെ അവകാശ സമരങ്ങള്‍ നീണ്ടുനില്‍ക്കില്ലല്ലോ?
നിരന്തരമായ അവഗണനകളെ തുടര്‍ന്ന് 2001-ല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ കുടില്‍ കെട്ടി സമരം ആരംഭിച്ചു. അത് ജനശ്രദ്ധ പിടിച്ചുപറ്റിയപ്പോള്‍ ചര്‍ച്ചയായി തീരുമാനമായി. ഭൂമി വിതരണം ചെയ്യാമെന്ന് മുഖ്യമന്ത്രിയായ എ.കെ ആന്റണി സമരപ്പന്തലില്‍ നേരിട്ടെത്തി സമരക്കാര്‍ക്ക് ഉറപ്പുനല്‍കി.
എ.കെ. ആന്റണി | കെ. സുധാകരന്‍
പത്രക്കാരോട് പറഞ്ഞു എല്ലാം പരിഹരിച്ചുവെന്ന്. അത് വഞ്ചനയുടെ തുടര്‍പത്രസമ്മേളനം മാത്രമായിരുന്നു. ആദിവാസി മനുഷ്യര്‍ ഊരു കയറി. എല്ലാം തീര്‍ന്നെന്ന് സ്റ്റേറ്റും ആന്റണിയും വനംവകുപ്പ് മന്ത്രി കെ. സുധാകരനും യു.ഡി.എഫും സമാധാനിച്ചു. പക്ഷെ കാലം പതിവുരീതികള്‍ തെറ്റിക്കാന്‍ തുടങ്ങി.
വാക്ക് പാലിക്കുന്നത് ജനാധിപത്യ മര്യാദയാണ്, ആദിവാസികളോട് സര്‍ക്കാര്‍ വാക്ക് പാലിക്കുക
വയനാട്ടിലെ ആദിവാസി ജനവിഭാഗങ്ങള്‍ പല കാരണങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരായിരുന്നു. അവരോട് സര്‍ക്കാര്‍ പറഞ്ഞ സമയപരിധി തീര്‍ന്നിട്ടും ഒരനക്കമുണ്ടായില്ല.
രണ്ടു വര്‍ഷം കഴിഞ്ഞു. 2003 ജനുവരി 2, 3 തിയതികളിലായി വിവിധ ആദിവാസി സമുദായങ്ങള്‍ മുത്തങ്ങയിലെ തകരപ്പാടിയില്‍ സംഘടിച്ചെത്തി. സമരക്കാര്‍ ഭൂമി പതിച്ചു കിട്ടുന്നതു വരെ കുടില്‍കെട്ടി സമരം തുടങ്ങി. തകരപ്പാടിയിലെ കുറ്റിക്കാടുകളും മറ്റും വെട്ടിത്തെളിച്ച് കൃഷിയും തുടങ്ങി. അറുന്നൂറോളം കുടുംബങ്ങള്‍ പുതിയൊരു ഗ്രാമം തന്നെ സൃഷ്ടിച്ചെടുത്തു. ചെറിയ കുട്ടികള്‍ക്കായി അംഗന്‍വാടിയും തുടങ്ങിയിരുന്നു.
ഇതൊരു പ്രതീകാത്മക സമരമായിരുന്നു. പക്ഷെ പോലീസ് നിരന്തരം ഭീകരാന്തരീക്ഷം ഉണ്ടാക്കിക്കൊണ്ടിരുന്നു. പലതരം ആരോപണങ്ങള്‍ ഇവര്‍ക്കു മേല്‍ ആരോപിച്ചു. കിംവദന്തികള്‍ പറഞ്ഞുപരത്തി ആദിവാസി ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിക്കൊണ്ടിരുന്നു. മാധ്യമങ്ങളെ ആ ഭാഗത്തേക്ക് അധികം പ്രവേശിപ്പിക്കാതിരിക്കാന്‍ നന്നായി ശ്രദ്ധിച്ചിരുന്നു.
കുട്ടികളുണ്ടായിരുന്നപ്പോള്‍ തന്നെ അംഗന്‍വാടിടിക്ക് തീ വെച്ചപ്പോഴാണ് ആദിവാസി ജനത വാക്കു തര്‍ക്കത്തിലേക്കും പ്രതിരോധത്തിലേക്കും പോയത്.
ഫെബ്രുവരി 17-ന് ഈ സ്ഥലത്തിന് മൂന്നു ഭാഗത്തും വലിയ പുക ഒരേ സമയത്തു ഉയരുന്നതു കണ്ടിരുന്നു. തുടര്‍ന്ന് സമരക്കാര്‍ കാട്ടില്‍ പരിശോധന നടത്തുകയും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചില ആദിവാസികളും നാട്ടുകാരും ഉള്‍പ്പെടെ പതിനേഴോളം പേരെ തടഞ്ഞുവെക്കുകയും കളക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.
സ്ഥലത്തേക്ക് വൈകിയെത്തിയ കളക്ടര്‍ അടുത്ത ദിവസം ചര്‍ച്ചയാകാമെന്ന് പറഞ്ഞ് സ്ഥലം വിട്ടുപോയി. 18-ാം തിയതി കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് മുഴുവനാളുകളെയും ഗോത്രമഹാസഭ പ്രവര്‍ത്തകര്‍ മോചിപ്പിച്ചു.
അതേ ദിവസം വയനാട്ടിലെ പല ഭാഗങ്ങളിലും തടഞ്ഞുവെച്ചവരെ വിടണമെന്ന് പറഞ്ഞു ഹര്‍ത്താല്‍ നടത്തി. ജനവികാരം ആദിവാസികള്‍ക്ക് എതിരാക്കാന്‍ സര്‍ക്കാര്‍ പറയുന്നത് മാത്രം റിപ്പോര്‍ട്ട് ചെയ്തുകൊണ്ട് പത്രങ്ങളും കൂടെക്കൂടി എന്നു വേണം പറയാന്‍.
വയനാട്ടിലെ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും മറ്റുള്ളവരുടെയും പൊതുബോധം ആദിവാസികളെ ഒഴിപ്പിക്കണം എന്നായിരുന്നു. മുഖ്യമന്ത്രിയായ എ.കെ ആന്റണിയോ, വനംവകുപ്പ് മന്ത്രിയായ കെ. സുധാകരനോ ഒരു തവണ പോലും ചര്‍ച്ചക്ക് ആദിവാസി സംഘടനകളെ വിളിച്ചിരുന്നില്ല എന്ന യാഥാര്‍ത്ഥ്യം ആളുകള്‍ സൗകര്യപൂര്‍വ്വം മറന്നു. അവരെ പൂര്‍ണമായും അവഗണിച്ചിരുന്നു അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍.
ഫെബ്രുവരി 18-ന് കേരളത്തിലെ പരമാവധി പോലീസ് ട്രൂപ്പുകളെ സ്ഥലത്തെത്തിച്ചിരുന്നു. അന്ന് കണ്ണൂര്‍ എ.ആര്‍ ക്യാമ്പ് ചുമതലയുണ്ടായിരുന്ന സുരേഷ് രാജ് പുരോഹിതിന്റെ നേതൃത്വത്തിലായിരുന്നു പോലീസിന്റെ നരനായാട്ട്. സുരേഷ് രാജ് പുരോഹിത് ആകാശത്തേക്ക് വെടിവെച്ചു കൊണ്ടാണ് ലാത്തിച്ചാര്‍ജ്ജ് തുടങ്ങിയതു തന്നെ.
യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ പോലീസും വനംവകുപ്പും നാട്ടുകാരും വെടിയുതിര്‍ത്തും ഗ്രനേഡ് പ്രയോഗിച്ചും കുടിലുകള്‍ തീവെച്ചും മുന്നോട്ടു നീങ്ങി. പേടിച്ചരണ്ട ആദിവാസികള്‍ കാട്ടിനുള്ളിലേക്ക് ഓടാന്‍ തുടങ്ങി. കുട്ടികളുണ്ടായിരുന്നപ്പോള്‍ തന്നെ അംഗന്‍വാടിടിക്ക് തീ വെച്ചപ്പോഴാണ് ആദിവാസി ജനത വാക്കു തര്‍ക്കത്തിലേക്കും പ്രതിരോധത്തിലേക്കും പോയത്.
മുത്തങ്ങയില്‍ പൊലീസ് തീവെച്ച് നശിപ്പിച്ച കുടിലുകളിലൊന്ന്
പ്രായമായവര്‍ ഉള്‍പ്പെടെ 2000 ഓളം വരുന്ന ജനങ്ങളെ എല്ലാ ഭാഗത്തു നിന്നും ഒരേ സമയം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കൈയില്‍ കിട്ടിയതെല്ലാം എടുത്ത് പ്രതിരോധത്തിനിറങ്ങി ഗോത്രമഹാസഭ. തോക്കിനു മുന്നില്‍ അമ്പും വില്ലും. അടുത്ത ദിവസത്തെ കേരളത്തിലെ വലിയ പത്രങ്ങള്‍ക്ക് അമ്പും വില്ലും തലക്കെട്ടായിരുന്നു.
രണ്ടു പേര്‍ക്ക് ജീവന്‍ നഷ്ടമായി. വെടിയേറ്റ് ജോഗിയെന്ന ഗോത്രമഹാസഭ പ്രവര്‍ത്തകനും ഒരു പോലീസുകാരനും. മുറിവേറ്റ പോലീസുകാരനെ ആശുപത്രിയിലെത്തിക്കാന്‍ പോലീസിനോട് സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതിനു കഴിഞ്ഞിരുന്നില്ല. ചോര വാര്‍ന്നാണ് ആ പോലീസുകാരന്‍ മരിച്ചത്.
പോലീസ് ആദിവാസികളെ ഒഴിപ്പിക്കുക എന്ന ദൗത്യം മാത്രമാണ് ചെയ്തത്. മൂന്നു ദിവസം കാടിളക്കി പരിശോധനയും മര്‍ദ്ദനവും തുടര്‍ന്നു. ആദിവാസികള്‍ ഇനി ഭൂമി പോയിട്ട് ഒരാവശ്യങ്ങള്‍ക്കും വരരുത് എന്ന പോലെയാണ് പോലീസ് അന്ന് പെരുമാറിയത്.
ഫെബ്രുവരി 22 നായിരുന്നു സമരനേതാക്കളായ രണ്ടു പേരെയും അറസ്റ്റ് ചെയ്തത്. അടികൊണ്ട് ചീര്‍ത്ത മുഖവുമായി പോലീസ് പിടിയിലായ സി.കെ ജാനുവിന്റെയും എം. ഗീതാനന്ദന്റെയും ഫോട്ടോ അടുത്ത ദിവസം പത്രങ്ങളില്‍ വന്നിരുന്നു.
എത്രപേര്‍ മര്‍ദ്ദിച്ചുവെന്ന് അറിയില്ല എന്നാണ് അവര്‍ പറഞ്ഞത്. പോലീസിന്റെ ബസിലിട്ട് അതായത് ഇടിവണ്ടിയിലിട്ട് ഇഞ്ച വള്ളി ചതക്കുന്ന പോലെയാണ് അവരെ പോലീസ് കൈകാര്യം ചെയ്തത്. ഗീതാനന്ദന്റെ വാരിയെല്ലടക്കം ആ മര്‍ദ്ദനത്തില്‍ തകര്‍ന്നിരുന്നു.
സി.കെ. ജാനു | എം. ഗീതാനന്ദന്‍
ജനങ്ങള്‍ പോലീസ് കൊടുക്കുന്ന വാര്‍ത്തകള്‍ മാത്രം വായിക്കാന്‍ വിധിക്കപ്പെവരായിരുന്നു അന്ന്. അതില്‍ നിന്നും വ്യത്യസ്തമായി അന്ന് റിപ്പോര്‍ട്ട് ചെയ്തത് കൈരളി ചാനല്‍ ആയിരുന്നു. പോലീസ് വേട്ടയുടെ ഭീകരത ലോകം കണ്ടത് കൈരളിയിലൂടെയായിരുന്നു. തുടര്‍ന്നാണ് ലോകം അന്നു പത്രങ്ങളിലൂടെ അറിഞ്ഞതല്ല സത്യം എന്നു മനസ്സിലാക്കിയത്.
മുത്തങ്ങ സമരത്തിലെ ദൃശ്യങ്ങള്‍ പുറംലോകത്തെത്തിച്ച കൈരളി ടി.വിയിലെ ക്യാമറാമാനിയിരുന്ന ഷാജി പട്ടണം
അരുന്ധതി റോയിയുടെയുള്‍പ്പെടെയുള്ള എഴുത്തുകാരുടെയും സാംസ്‌കാരികപ്രവര്‍ത്തകരുടെയും ഇടപെടലും വി.എസ് അച്യുതാനന്ദന്റെ ഇടപെടലുമാണ് മുത്തങ്ങയില്‍ നടന്ന യാഥാര്‍ത്ഥ്യത്തെ ലോകത്തിന് മുന്നിലേക്ക് എത്തിച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയും വനംവകുപ്പ് മന്ത്രിയായിരുന്ന കെ. സുധാകരനും പറഞ്ഞിരുന്നത് വാസ്തവവിരുദ്ധമായിരുന്നു എന്ന് ഇതിലൂടെ ലോകം മനസ്സിലാക്കി.
അരുദ്ധതി റോയ് | വി.എസ്. അച്ചുതാനന്ദന്‍
സംഭവം കഴിഞ്ഞ് 22 വര്‍ഷം കഴിഞ്ഞു. കാട് കൈയേറിയെന്നും കാലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും പോലീസിനെ കൊന്നെന്നും തുടങ്ങി നിരവധി കേസുകളാണ് ഹൈക്കോടതിയില്‍ ഇന്നും തീരാതെ വാദം നടന്നു കൊണ്ടിരിക്കുന്നത്. പ്രതി ചേര്‍ക്കപ്പെട്ട പലരും മരിച്ചു. അവര്‍ രക്ഷപ്പെട്ടു. കോടതി കയറിയിറങ്ങേണ്ടല്ലോ. കേസ് ഇനി എന്നു തീരും! അവരൊക്കെ മരിക്കുന്നതു വരെയല്ലേ നീണ്ടുപോവുകയുള്ളൂ! നമ്മുടെ നീതി-ന്യായ വ്യവസ്ഥ!
ഈ സംഭവത്തെ അതേ പടിയല്ല സിനിമയിലുള്ളത്. പക്ഷെ ഇതിന്റെ പരിപ്രേക്ഷ്യം അതിലുണ്ട്. സിനമയില്‍ സി.കെ ജാനുവിനെ തോന്നിപ്പിക്കുന്ന രീതിയില്‍ തന്നെയാണ് സി.കെ ശാന്തിയായി ആര്യ സലീം പകര്‍ന്നാടിയത്.
നരിവേട്ടയില്‍ ആര്യ സലീം
ഏട്‌ത്തേക്കാണ് നമ്മ പായേണ്ട്. ആരെയാ നമ്മ പേടിക്കേണ്ട്. ചത്താലും ജീവിച്ചാലും ഈട്ത്തന്നെ എന്നു പറയുന്ന താമി. ട്രെയിലറില്‍ ഇങ്ങനെ പറയുന്ന കഥാപാത്രം അവതരിപ്പിച്ച പ്രണവ്, താമിയായി ജീവിക്കുകയായിരുന്നു.
നരിവേട്ടയില്‍ താമിയായി അഭിനയിച്ച പ്രണവ്
സിനിമയില്‍ കുട്ടികളായി വേഷമിട്ടവരും എല്ലാവരും നന്നായി അവരവരുടെ ഭാഗം ചെയ്തു. സിനിമ കഴിഞ്ഞ് എഴുന്നേറ്റ് നടക്കുമ്പോള്‍ ഓരോ പ്രേക്ഷകന്റെയും ഉള്ളില്‍ പറയും, ഓരോ മനുഷ്യന്റെയും ചോരക്ക് ചരിത്രം പകരം ചോദിക്കുന്ന ഒരു ദിനം വന്നുചേരും.
വേടന്റെ പ്രമോ സോംഗ് അന്നവിടെ നടമാടിയ ഭീകരതയുടെ നേര്‍ സാക്ഷ്യം എന്നു പറയാവുന്ന ഒന്നാണ്. വേടന്‍ പാടുന്നത് പോലെ-
നാം മറന്നൊരു ദിനം സ്വരം മറന്നൊരു ദിനം ഇനി ഉയര്‍ന്നെണീറ്റു പാരാകെ പടരും.
പ്രമോ സോംഗ്
പാട്ടരേ കൂട്ടരേ മണ്ണ് കാത്തോനേ പാട്ടിലും വാക്കിലും ചോര വാര്‍ത്തോനേ ഇതു വിധി എന്നു കരുതി ചതി കാടു പൊറുക്കുമോ ദിനംദിനം വേടമകനോ തൊടുമോ ഇനി
കലഹംകൊണ്ട് തട്ടി എടുത്തവരും വീണ്ടും മതിലുകെട്ടി കീറിമുറിച്ചവരും ചതി മറന്നോ മറന്നോ എന്നെ മറന്നോ എന്റെ ചോര ചരിതമീ മണ്ണിലലിഞ്ഞോ
ഓരോ ചെടിക്കും ഓരോ ഉയിര് അതില്‍ തേരോടും നീരിനുമൊരു ഉയിര് മനിതനുയിരും ഒരുപോലല്ലേ നാം മറന്നൊരു ദിനം സ്വരം മറന്നൊരു ദിനം ഇനി ഉയര്‍ന്നെണീറ്റു പാരാകെ പടരും വേടാ വാ …
ഓരോ ചെടിക്കും ഓരോ ഉയിര് അതില്‍ വേരോടും നീരിനുമൊരു ഉയിര് മനിതനുയിരും ഒരുപോലല്ലേ അത് പുരിയാന്‍ ഇനിയും നാള്‍ നീളല്ലേ
ഓരോ കഥയ്ക്കും ഓരോ പൊരുള് നിന്റെ നീറും കഥയ്ക്കുമേലേ ഇരുള് ഇരുളു നീങ്ങുമിനി പകലല്ലേ അതില്‍ നീതി സൂര്യനോ എരിയില്ലേ