| Sunday, 11th May 2025, 1:55 pm

എന്നെ കണ്ടാല്‍ ആ നടിയെപ്പോലെയുണ്ടെന്ന് പലരും പറയാറുണ്ട്, അവസാനം അവര്‍ എന്റെ റീലിന് കമന്റിട്ടപ്പോള്‍ വിശ്വസിക്കാനായില്ല: അമൃത വര്‍ഷിനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

16 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന ജോഡി വീണ്ടും ഒന്നിച്ച ചിത്രമാണ് തുടരും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ചിത്രത്തിലൂടെ തരുണ്‍ മൂര്‍ത്തി പരിചയപ്പെടുത്തിയ പുതുമുഖ താരമാണ് അമൃത വര്‍ഷിനി. മോഹന്‍ലാലിന്റെ മകളായാണ് അമൃത വര്‍ഷിനി ചിത്രത്തില്‍ വേഷമിട്ടത്.

സോഷ്യല്‍ മീഡിയയിലൂടെയാണ് അമൃത വര്‍ഷിനി ശ്രദ്ധേയയാകുന്നത്. തനിക്ക് ഇഷ്ടമുള്ള ആര്‍ട്ടിസ്റ്റുകളെക്കുറിച്ച് സംസാരിക്കുകയാണ് അമൃത വര്‍ഷിനി. ഇപ്പോഴുള്ള നടിമാരില്‍ രശ്മിക മന്ദാനയെ ഇഷ്ടമാണെന്ന് അമൃത വര്‍ഷിനി പറഞ്ഞു. തന്നെക്കണ്ടാല്‍ രശ്മികയെപ്പോലെയുണ്ടെന്ന് പലരും പറയാറുണ്ടെന്നും അത് സന്തോഷം തരാറുണ്ടെന്നും അമൃത കൂട്ടിച്ചേര്‍ത്തു.

പുഷ്പ 2വിലെ ഒരു പാട്ടിന് താന്‍ ഡാന്‍സ് ചെയ്യുന്ന റീല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നെന്നും അതിന് രശ്മിക കമന്റിട്ടിട്ടുണ്ടായിരുന്നെന്നും അമൃത വര്‍ഷിനി പറഞ്ഞു. ആ കമന്റ് കണ്ടപ്പോള്‍ തനിക്ക് ആദ്യം വിശ്വസിക്കാനായില്ലെന്നും രശ്മികയുടെ അക്കൗണ്ട് തന്നെയാണോ അതെന്ന് ചെക്ക് ചെയ്‌തെന്നും അമൃത വര്‍ഷിനി കൂട്ടിച്ചേര്‍ത്തു.

നായകന്മാരില്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ഷാരൂഖ് ഖാനെയാണെന്ന് അമൃത വര്‍ഷിനി പറഞ്ഞു. 90സ് വൈബാണ് തനിക്കെന്നും പഴയകാലത്തെ പാട്ടുകളും സിനിമകളുമാണ് തനിക്ക് ഇഷ്ടമെന്നും അമൃത വര്‍ഷിനി പറയുന്നു. ഷാരൂഖ് ഖാന്റെ കഭി ഖുഷി കഭി ഗം എന്ന സിനിമ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും അമൃത വര്‍ഷിനി പറഞ്ഞു. റെഡ് എഫ്.എം. മലയാളത്തോട് സംസാരിക്കുകയായിരുന്നു അമൃത വര്‍ഷിനി.

‘ഈ ജനറേഷനിലെ നടിമാരില്‍ രശ്മിക മന്ദാനയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. എന്നെക്കാണാന്‍ രശ്മികയെപ്പോലെയുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. പുഷ്പ 2 റിലീസായ സമയത്ത് ഞാന്‍ ആ പടത്തിലെ പാട്ട് റീലെടുത്ത് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തു. ആ വീഡിയോയുടെ താഴെ രശ്മിക കമന്റ് ചെയ്തിരുന്നു. ആദ്യം കണ്ടപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ പറ്റിയില്ല.

എങ്ങാനും ഫേക്ക് ആയിരിക്കുമോ എന്ന് ചിന്തിച്ചു. പിന്നീട് ആ അക്കൗണ്ടില്‍ കയറി നോക്കി വെരിഫൈ ചെയ്തു. നായകന്മാരുടെ കാര്യം നോക്കിയാല്‍ ഷാരൂഖ് ഖാനെ വലിയ ഇഷ്ടമാണ്. പഴയ സിനിമകളാണ് എനിക്ക് കൂടുതല്‍ താത്പര്യം. 90സ് കാലഘട്ടത്തില്‍ ജനിക്കേണ്ടയാളാണ് ഞാന്‍. പഴയ സിനിമകളില്‍ കഭി ഖുഷി കഭി ഗമാണ് എന്റെ ഫേവറെറ്റ്,’ അമൃത വര്‍ഷിനി പറയുന്നു.

Content Highlight: Amritha Varshini saying Rashmika Mandhana and Shah Rukh Khan are her favorite artists

We use cookies to give you the best possible experience. Learn more