'പ്രതിഷേധിക്കുന്നവര്‍ അര്‍ഹിക്കുന്നത് മരണമല്ല'; കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍
national news
'പ്രതിഷേധിക്കുന്നവര്‍ അര്‍ഹിക്കുന്നത് മരണമല്ല'; കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍
രാഗേന്ദു. പി.ആര്‍
Monday, 26th February 2024, 5:29 pm

കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദുത്വ, ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ക്കെതിരെ കടുത്ത ഭാഷയില്‍ ശബ്ദിക്കുന്ന മനുഷ്യാവകാശ സംഘടനയാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍. ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിനെതിരെ ഒന്നിലധികം തവണയാണ് പ്രത്യക്ഷമായും പരോക്ഷമായും ആംനസ്റ്റി ഇന്റര്‍നാഷണല്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ലോകം ഗൗരവമായി കാണുന്ന മനുഷ്യാവകാശ സംഘടനയുടെ നിലപാടുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

കര്‍ഷകരുടെ ദല്‍ഹി ചലോ മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ ശക്തമായ പ്രതികരണമാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് വിലയായി അധികാരികള്‍ നല്‍കേണ്ടത് മരണമല്ലെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാട്ടി.

പൊലീസിന്റെ അനാസ്ഥയും സംസ്ഥാന സര്‍ക്കാരുകളുടെ ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ക്കുമിടയിലാണ് യുവ കര്‍ഷകനായ ശുഭ്കരണ്‍ സിങ് കൊല്ലപ്പെട്ടതെന്ന് ആംനസ്റ്റി പറഞ്ഞു. കര്‍ഷകന്റെ മരണത്തില്‍ കൃത്യവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആംനസ്റ്റി ആവശ്യപ്പെട്ടു.

ഇന്ത്യന്‍ സര്‍ക്കാര്‍ അതിന്റെ അന്താരാഷ്ട്ര മനുഷ്യാവകാശ ബാധ്യതകള്‍ക്ക് അനുസൃതമായി, പൗരന്മാര്‍ക്ക് സമാധാനപരമായി ഒത്തുകൂടാനുള്ള സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും സുഗമമാക്കുകയും വേണമെന്ന് ആംനസ്റ്റി ചൂണ്ടിക്കാട്ടി.

കുറ്റവാളികളെ വധശിക്ഷയ്ക്ക് വിധേയമാക്കരുതെന്നും ന്യായമായ വിചാരണയിലൂടെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആംനസ്റ്റി പറഞ്ഞു.

ട്രാക്ടര്‍ മാര്‍ച്ചിലൂടെ സമരം ശക്തമാക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നതിനാല്‍ പ്രതിഷേധക്കാരുടെ ആശങ്കകളെ സമാധാനപരമായി കൈകാര്യം ചെയ്യാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കണമെന്ന് സംഘടന താക്കീത് നല്‍കി. കര്‍ഷകര്‍ക്ക് മരണവും പരിക്കുകളും സംഭവിക്കാതെ നോക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മനുഷ്യാവകാശ സംഘടന പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലായി ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത് 128 കെട്ടിടങ്ങളാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടുതലും മുസ്‌ലിങ്ങളുടെ സ്വത്തുവകകളാണ് ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ തുടച്ചുനീക്കിയതെന്ന് റിപ്പോര്‍ട്ടില്‍ ആംനസ്റ്റി വ്യക്തമാക്കിയിരുന്നു.

2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള വര്‍ഗീയ കലാപങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഈ കണക്കുകള്‍ പുറത്തുവിട്ടത്.

അസം, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മുസ്‌ലിങ്ങളുടെ വീടുകള്‍ക്കും സ്വത്തുക്കള്‍ക്കും നേരെ ബുള്‍ഡോസര്‍ അനീതി നടക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്റെ വിവേചനപരമായ ഈ നീക്കം 617 പേരെയെങ്കിലും നേരിട്ട് ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവേചനപരമായ നിയമങ്ങളിലും കീഴ്വഴക്കങ്ങളിലും പ്രതിഷേധിച്ചതിന് മുസ്‌ലിം സ്വത്തുക്കള്‍ ശിക്ഷാപരമായി തകര്‍ക്കുക എന്ന കേന്ദ്ര സര്‍ക്കാരിന്റെ യഥാര്‍ത്ഥ നയം ഒരു തുടര്‍ച്ചയായ പ്രതിഭാസമാണെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കി.

സര്‍ക്കാരിന്റെ നിലവിലെ നീക്കങ്ങള്‍ നിര്‍ബന്ധിത കുടിയൊഴിപ്പിക്കലാണെന്നും അന്താരാഷ്ട്ര നിയമപ്രകാരം ഈ നീക്കങ്ങള്‍ തെറ്റാണെന്നും ഏകപക്ഷീയമാണെന്നും സംഘടന പറയുന്നു. ഇതിനെതിരെ ഉടനെ അന്വേഷണം നടത്തണമെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെടുകയുണ്ടായി.

‘നിങ്ങള്‍ സംസാരിച്ചാല്‍ നിങ്ങളുടെ വീട് തകര്‍ക്കപ്പെടും: ഇന്ത്യയിലെ ബുള്‍ഡോസര്‍ അനീതി, ഇന്ത്യയിലെ ബുള്‍ഡോസര്‍ അനീതിയില്‍ ജെ.സി.ബിയുടെ പങ്കും ഉത്തരവാദിത്തവും’ എന്നിങ്ങനെ തലക്കെട്ടുകള്‍ നല്‍കിയ റിപ്പോര്‍ട്ടുകളിലാണ് മനുഷ്യാവകാശ സംഘടനയുടെ താക്കീതുകള്‍.

അനധികൃതമായി ആളുകളുടെ വീടുകള്‍ പൊളിച്ചു മാറ്റുന്ന നയം ഉടനെ അവസാനിപ്പിക്കണമെന്നും കുടിയൊഴിപ്പിക്കുന്നതിനെ തുടര്‍ന്ന് ആരും തന്നെ രാജ്യത്ത് ഭവനരഹിതരാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കേന്ദ്രസര്‍ക്കാരിനോട് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുസ്‌ലിം സമുദായത്തിനെതിരെയുള്ള വിദ്വേഷ പ്രചാരണത്തിനായി ജെ.സി.ബി ബ്രാന്‍ഡായ ബുള്‍ഡോസറുകളാണ് ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് മുസ്‌ലിം സമുദായത്തില്‍ പെടുന്നവരുടെ വീടുകള്‍ തകര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെ നീക്കങ്ങളും ഉടനെ അവസാനിപ്പിക്കണമെന്ന് ആംനസ്റ്റി മുന്നറിയിപ്പ് നല്‍കി.

ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത വീടുകളുടെ ഉടമകള്‍ക്ക് തക്കതായ നഷ്ടപരിഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഈ നിയമലംഘനങ്ങള്‍ക്ക് ഉത്തരവാദികള്‍ തങ്ങളാണെന്ന് സര്‍ക്കാരുകള്‍ സമ്മതിക്കണമെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യം ഉന്നയിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള കടന്നുകയറ്റവും കയ്യേറ്റവും വിവേചനപരമാണെന്നും നിയമവിരുദ്ധവുമാണെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ കടുത്ത ഭാഷയില്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു.

മൗനം ഒരു പരാജയമാണ്, വാക്കുകള്‍ കൊണ്ടെങ്കിലും വര്‍ഗീയതക്കെതിരെ ശബ്ദമുയര്‍ത്തണമെന്ന് പറയുകയാണ് ആംനസ്റ്റി.

Content Highlight: Amnesty International against central government’s Hindutva and anti-minority stance

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.