| Thursday, 24th July 2025, 8:27 pm

പോർമുഖം തുറന്ന് AMMA; ജോയ് മാത്യുവിന്റെ പത്രിക തള്ളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ AMMAയിലെ തെരഞ്ഞെടുപ്പിന് ചൂടേറുന്നു. ഇത്തവണ കടുത്ത മത്സരമാണ് സംഘടനയിൽ നടക്കുന്നത്. AMMAയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്മാരായ ജഗദീഷ്, ജോയ് മാത്യു, രവീന്ദ്രൻ, ദേവൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവരും നടി ശ്വേതാ മേനോനും നാമനിർദേശ പത്രിക സമർപ്പിച്ചു. ആകെ ഏഴ് പേരാണ് പ്രസിഡന്റ സ്ഥാനത്തേക്ക് മത്സരിക്കാൻ വേണ്ടി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

എന്നാൽ നടൻ ജോയ് മാത്യുവിന്റെ പത്രിക തള്ളുകയായിരുന്നു. പേരിലുണ്ടായ പ്രശ്നത്തെ തുടർന്നാണ് ജോയ് മാത്യുവിന്റെ പത്രിക തള്ളിയത് എന്നാണ് റിപ്പോർട്ട്.

നിലവിലെ ജോയിന്റ് സെക്രട്ടറിയായ ബാബുരാജ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 15ന് നടക്കാനിരിക്കുന്ന ഭരണസമിതി തെരഞ്ഞെടുപ്പിലേക്കുള്ള പത്രിക സമർപ്പണം അവസാനിച്ചപ്പോൾ ആകെ 93 നോമിനേഷനുകളാണ് ലഭിച്ചത്. സംഘടന രൂപീകരിച്ച് 32 വർഷങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്.

നവ്യനായർ, കുക്കുപരമേശ്വരൻ, ടിനി ടോം, വിനു മോഹൻ, അനന്യ, കൈലാഷ്, സന്തോഷ് കീഴാറ്റൂർ ഉൾപ്പടെ നിരവധി പേരാണ് മത്സരംഗത്തുള്ളത്. ഈ മാസം 31 വരെ നാമനിർദേശ പത്രിക പിൻവലിക്കാൻ സമയമുണ്ട്. പത്രികകളുടെ സൂക്ഷ്‌മ പരിശോധന ഇതിനകം ആരംഭിച്ചിട്ടുണ്ട്.

അതേസമയം തെരഞ്ഞെടുപ്പിൽ ആരോപണ വിധേയരായവർക്ക് മത്സരിക്കാമോ എന്നതിനെച്ചൊല്ലി അംഗങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ട്. സംഘടനാ തെരഞ്ഞെടുപ്പിൽ ആരോപണ വിധേയർക്കും മത്സരിക്കാമെന്നും തങ്ങൾ കോടതിയല്ലെന്നും 500 പേർ മാത്രമുള്ള സംഘടനയാണെന്നും സരയൂ മാധ്യമങ്ങളോട് പറഞ്ഞു. ആരോപണവിധേയരായ മന്ത്രിമാർ തന്നെ തെരെഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ആരോപണവിധേയരായ നടന്മാർ മത്സരിക്കുന്നതിൽ എന്താണ് തെറ്റെന്ന് നടി അൻസിബയും ചോദിച്ചു.

മുൻ പ്രസിഡന്റ് മോഹൻലാൽ ഇനി മത്സര രംഗത്തേക്ക് എത്തില്ലെന്ന് വ്യക്തമാക്കിയിരുന്നു. നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയരാഘവന്റേയും കുഞ്ചാക്കോ ബോബന്റെയും പേരുകൾ കേട്ടിരുന്നു. എന്നാൽ ഇവരാരും തന്നെ ഇതുവരെയും പത്രിക സമർപ്പിച്ചിട്ടില്ല.

Content Highlight: AMMA Organization Election; Joy Mathew’s Nomination Rejected

We use cookies to give you the best possible experience. Learn more