അമിതാഭ് ബച്ചന്‍ മുതല്‍ വിജയ് സേതുപതി വരെ, മലയാളത്തില്‍ ആദ്യമായി അഭിനയിച്ച സിനിമകളെല്ലാം ഫ്‌ളോപ്പ്, വൈറലായി കുറിപ്പ്
Malayalam Cinema
അമിതാഭ് ബച്ചന്‍ മുതല്‍ വിജയ് സേതുപതി വരെ, മലയാളത്തില്‍ ആദ്യമായി അഭിനയിച്ച സിനിമകളെല്ലാം ഫ്‌ളോപ്പ്, വൈറലായി കുറിപ്പ്
അമര്‍നാഥ് എം.
Tuesday, 17th March 2026, 1:25 pm

മലയാളസിനിമയില്‍ അന്യഭാഷാ താരങ്ങള്‍ ഒരുപാട് പേര്‍ തങ്ങളുടെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഭാഷാ വ്യത്യാസമില്ലാതെ പല താരങ്ങളും മലയാളത്തില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ പലകാലങ്ങളിലായി ചെയ്തിട്ടുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയിലെ പല താരങ്ങളും അതിഥിവേഷത്തിലെത്തിയതിനെക്കുറിച്ചുള്ള കുറിപ്പും അതിന് ലഭിച്ച കമന്റുകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

ഐശ്വര്യ ജി.ആര്‍ എന്ന ഐ.ഡിയാണ് പോസ്റ്റ് പങ്കുവെച്ചത്. മലയാളത്തില്‍ അതിഥിവേഷം ചെയ്ത അന്യഭാഷാ താരങ്ങള്‍ എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. അമിതാഭ് ബച്ചന്‍ മുതല്‍ വിജയ് സേതുപതി വരെയുള്ള താരങ്ങള്‍ മലയാളത്തില്‍ ചെയ്ത അതിഥിവേഷത്തെക്കുറിച്ചാണ് പോസ്റ്റില്‍ പറയുന്നത്.

മേജര്‍ രവി സംവിധാനം ചെയ്ത കാണ്ഡഹാറിലൂടെയാണ് ബോളിവുഡ് ഷെഹന്‍ഷാ അമിതാഭ് ബച്ചന്‍ മലയാളത്തില്‍ അരങ്ങേറിയത്. ലോകനാഥ് ശര്‍മ എന്ന കഥാപാത്രമായാണ് ബിഗ് ബി കാണ്ഡഹാറില്‍ വേഷമിട്ടത്. വളരെ ചുരുക്കം സീനുകള്‍ മാത്രമേ അമിതാഭ് ബച്ചന് ചിത്രത്തിലുണ്ടായിരുന്നുള്ളൂ. നാല് സീനുകളില്‍ മാത്രം വന്നുപോയ ബിഗ് ബിക്ക് ചിത്രത്തില്‍ ഒരിംപാക്ടും ഉണ്ടാക്കാനായില്ല. ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായി കാണ്ഡഹാര്‍ മാറി.

തമിഴിലെ സൂപ്പര്‍താരങ്ങളിലൊരാളായ ധനുഷ് ഒരൊറ്റവട്ടം മാത്രമേ മലയാള സിനിമയുടെ ഭാഗമായിട്ടുള്ളൂ. മമ്മൂട്ടി- ദിലീപ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ കമ്മത്ത് ആന്‍ഡ് കമ്മത്തില്‍ ധനുഷായി തന്നെയാണ് താരം വേഷമിട്ടത്. തോംസണ്‍ സംവിധാനം ചെയ്ത ചിത്രം സാമ്പത്തികമായി വലിയ ഹിറ്റായിരുന്നില്ല.

തമിഴില്‍ ഒരുകാലത്ത് മുന്‍നിരയില്‍ തിളങ്ങിയിരുന്ന ശ്രീകാന്തും മലയാളത്തില്‍ ഒരുകൈ നോക്കിയിരുന്നു. ഉപ്പുകണ്ടം ബ്രദേഴ്‌സ് ബാക്ക് ഇന്‍ ആക്ഷന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രീകാന്ത് മലയാളത്തില്‍ അരങ്ങേറിയത്. മുടക്കുമുതലിന്റെ പകുതിപോലും കിട്ടാതെ ഈ ചിത്രവും പരാജയമായി. പൃഥ്വിരാജ് നായകനായ ഹീറോയില്‍ വില്ലനായി വേഷമിട്ടെങ്കിലും ഈ സിനിമകളൊന്നും ശ്രീകാന്തിന് ഗുണം ചെയ്തില്ല.

തമിഴിലെ ആക്ഷന്‍ ഹീറോ വിശാലും മലയാളത്തില്‍ ഒരുകൈ പയറ്റിയിരുന്നു. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത വില്ലനിലായിരുന്നു വിശാലിന്റെ മലയാളം അരങ്ങേറ്റം. മോഹന്‍ലാല്‍ നായകനായ ചിത്രം വന്‍ പരാജയമായി മാറി. ഏറ്റവുമൊടുവില്‍ വിജയ് സേതുപതിയും മലയാള സിനിമയുടെ ഭാഗമായെങ്കിലും ആ ചിത്രവും ഫ്‌ളോപ്പ് ലിസ്റ്റില്‍ ഇടംപിടിച്ചു. ജയറാം നായകനായ മാര്‍ക്കോണി മത്തായിയില്‍ മക്കള്‍ സെല്‍വന്‍ അതിഥിവേഷത്തിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ചിത്രം പരാജയമായി മാറി.

അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരീഷിന്റെ മോളിവുഡ് എന്‍ട്രിയും നിരാശയായിരുന്നു സമ്മാനിച്ചത്. മോഹന്‍ലാല്‍- മേജര്‍ രവി കൂട്ടുകെട്ടിലൊരുങ്ങിയ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിലായിരുന്നു സിരീഷിന്റെ എന്‍ട്രി. ഈ ചിത്രവും പരാജയമായിരുന്നു. അന്യഭാഷയിലെ കൊമ്പന്മാര്‍ക്ക് മലയാളം അത്ര രാശിയല്ലെന്നാണ് പലരുടെയും കമന്റ്.

Content Highlight: Amitabh Bachchan and Vijay Sethpathi’s Mollywood debut were flop

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം