| Saturday, 25th October 2025, 2:02 pm

അമിത് ഷായുടെ റാലി നടക്കട്ടെ; തേജസ്വി യാദവിന്റെ പ്രചാരണ യോഗം റദ്ദാക്കി ജില്ലാ ഭരണകൂടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ വിവാദമായി സംസ്ഥാനത്തെ പ്രാദേശിക ഭരണകൂടത്തിന്റെ നടപടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഖഗാരിയയില്‍ തെരഞ്ഞെടുപ്പ് റാലി നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇതേ മണ്ഡലത്തില്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് നടത്താനിരുന്ന റാലിക്ക് പ്രാദേശിക ഭരണകൂടം അനുമതി നിഷേധിച്ചു. ഇന്ന് (ശനിയാഴ്ച) നടക്കാനിരുന്ന റാലിയാണ് റദ്ദാക്കിയത്.

തേജസ്വിയുടെ ഹെലികോപ്റ്ററിന് ലാന്‍ഡിങ്ങിനുള്ള അനുമതിയും നിഷേധിച്ചിട്ടുണ്ട്. റാലി റദ്ദാക്കാനുള്ള കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് സമയത്തിന്റെ പരിമിതിയാണ്.

അതേസമയം, ഈ തീരുമാനത്തെ സ്വേച്ഛാധിപത്യ സമീപനമെന്ന് തേജസ്വി യാദവ് വിമര്‍ശിച്ചു. ജില്ലാ ഭരണകൂടമാണ് അനുമതി നിഷേധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

അമിത് ഷാ ഇന്ന് മൂന്നിടങ്ങളിലാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. ഖഗാരിയ, മുങ്ങെര്‍, ബിഹാര്‍ ഷരീഫ് എന്നിവിടങ്ങളിലാണ് പരിപാടികള്‍.

ഖഗാരിയയിലെ റാലി റദ്ദാക്കിയെങ്കിലും ശനിയാഴ്ച തേജസ്വി യാദവ് ഷാപൂരിലെ ദേര മിഡില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കും.

അതേസമയം, തെരഞ്ഞെടുപ്പിനിടയിലെ നാടകീയ സംഭവങ്ങള്‍ക്കിടെ കോണ്‍ഗ്രസ് നേതാവ് പപ്പു യാദവിന് ഇന്‍കം ടാക്‌സ് വകുപ്പ് നോട്ടീസയച്ചു. പണം വിതരണം ചെയ്‌തെന്ന് ആരോപിച്ചാണ് നോട്ടീസയച്ചിരിക്കുന്നത്. അടുത്ത വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് നോട്ടീസില്‍ പറയുന്നു.

അതേസമയം, പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് പണിതുനല്‍കിയതിനാണ് തനിക്കെതിരെ ഐ.ടി. നോട്ടീസ് അയച്ചിരിക്കുന്നതെന്ന് പപ്പു യാദവ് ആരോപിച്ചു. അതൊരു കുറ്റകൃത്യമാണെങ്കില്‍ ഈ കുറ്റകൃത്യം തുടരാനാണ് തന്റെ തീരുമാനമെന്ന് പപ്പു യാദവ് എക്‌സില്‍ കുറിച്ചു.

Content Highlight:  Amit Shah’s rally; District administration cancels Tejashwi Yadav’s election campaign meeting

We use cookies to give you the best possible experience. Learn more