| Tuesday, 22nd April 2025, 10:48 am

നമ്മള്‍ ലോക്കലി സിനിമ ചെയ്യുമ്പോളാണ് അത് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്: ആമിര്‍ ഖാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്ന് അറിയപ്പെടുന്ന നടനാണ് ആമിര്‍ ഖാന്‍. 40 വര്‍ഷത്തിലധികം നീണ്ടുനിന്ന സിനിമാ ജീവതത്തില്‍ ആമിര്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. ബോളിവുഡിലെ പല റെക്കോഡ് കളക്ഷനും ആമിറിന്റെ ചിത്രങ്ങളിലൂടെയാണ് പിറന്നത്. ഹിന്ദിയിലെ ആദ്യത്തെ 200, 300, 700, 1000 കോടി ചിത്രങ്ങള്‍ തന്റെ പേരിലാക്കാന്‍ ആമിര്‍ ഖാന് സാധിച്ചിട്ടുണ്ട്. ദംഗല്‍, ലഗാന്‍, ത്രീ ഇഡിയറ്റ്‌സ് എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ ലോക ശ്രദ്ധ പിടിച്ച് പറ്റിയ സിനിമകളാണ്.

ഇപ്പോള്‍ എങ്ങനെയാണ് താങ്കള്‍ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന തരത്തില്‍ സിനിമകള്‍ ക്രിയേറ്റ് ചെയ്യുന്നത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ആമിര്‍ ഖാന്‍.

ഒരിക്കലും താന്‍ സിനിമകള്‍ ലോക പ്രേക്ഷകര്‍ക്കായിട്ട് ചെയ്യുക എന്ന ഉദ്ദേശത്തോടെ ചെയ്യുന്നതല്ലെന്നും എത്രത്തോളം പ്രാദേശികമായി നമ്മള്‍ സിനിമയെ സമീപിക്കുന്നുവോ അത്രത്തോളം നമ്മള്‍ ഗ്ലോബലി ശ്രദ്ധിക്കപ്പെടുമെന്നും ആമിര്‍ ഖാന്‍ പറയുന്നു. പല രാജ്യങ്ങളിലും വ്യത്യസ്ത സംസ്‌ക്കാരത്തിലും ജീവിക്കുന്നവര്‍ എപ്പോഴും മറ്റു പ്രദേശങ്ങളെ പറ്റിയും രാജ്യങ്ങളെ പറ്റിയും അവിടുത്തെ ആളുകളെ കുറിച്ചുമൊക്കെ അറിയാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദി ഹോളിവുഡ് റിപ്പോര്‍ട്ടറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദംഗലും ലഗാനും ത്രീ ഇഡിയറ്റ്‌സും ഒക്കെ തന്നെ ലോകം മുഴുവനും സഞ്ചരിക്കുകയും ശ്രദ്ധ നേടുകയും ചെയ്ത സിനിമകളാണ്. ലോക പ്രേക്ഷകര്‍ക്കായി ഒരിക്കലും രൂപകല്‍പ്പന ചെയ്തിട്ടുള്ള സിനിമകള്‍ അല്ല ഇവയൊന്നും തന്നെ. അങ്ങനെ ഒരു ഉദ്ദേശത്തോടെ ചെയ്ത സിനിമകള്‍ അല്ല അവയൊന്നും. പിന്നെ എനിക്ക് ആത്മാര്‍ത്ഥമായി തോന്നുന്ന ഒരു കാര്യമുണ്ട്. നമ്മുടെ സിനിമകള്‍ അല്ലെങ്കില്‍, ആ കഥകള്‍ ലോകം മുഴുവന്‍ എത്തണമെങ്കില്‍ നമ്മള്‍ കൂടുതല്‍ ലോക്കല്‍ ആയിരിക്കണം. വളരെ പ്രാദേശികമായി തന്നെ കഥകള്‍ അപ്രോച്ച് ചെയ്യണം. ‘ദി മോര്‍ ലോക്കല്‍ യു ആര്‍ ദി മോര്‍ ഗ്ലോബല്‍ യു ബി കം’.

കാരണം, വ്യത്യസ്ത രാജ്യങ്ങളിലും സമൂഹങ്ങളിലും അത് പോലെ വ്യത്യസ്ത കള്‍ച്ചറിലും ജീവിക്കുന്ന ആളുകള്‍ നമ്മളെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ നമ്മള്‍ നമ്മളെക്കുറിച്ച് വളരെ ആധികാരികതയുള്ളവരാണെങ്കില്‍, അത്രത്തോളം നമ്മള്‍ ഈ ലോകത്തിന് ഇന്‍ട്രസ്റ്റിങ്ങായ ആളുകളായിരിക്കും. ഇപ്പോള്‍ ലാപത ലേഡീസ് പോലുള്ള സിനിമ എല്ലാ തരത്തിലും പക്കാ ഇന്ത്യന്‍ സിനിമയാണ്. അതാണ് മറ്റുള്ളവരെ ഇന്‍ട്രസ്റ്റ് ചെയ്യിക്കുന്ന കാര്യം. ലഗാനും അങ്ങനെ തന്നെ. ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് നമ്മള്‍ എങ്ങനെയുള്ളവരാണെന്നും ഇവിടെ എങ്ങനെയാണ് എന്നൊക്കെ അറിയാനും ആകാംഷ തോന്നും,’ആമിര്‍ ഖാന്‍ പറയുന്നു.

Content Highlight: Amir khan talks about why his  films get attention world wide

We use cookies to give you the best possible experience. Learn more