അമേരിക്കയുടെത് വെനസ്വലെയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം: മംദാനി
Trending
അമേരിക്കയുടെത് വെനസ്വലെയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം: മംദാനി
നിഷാന. വി.വി
Sunday, 4th January 2026, 1:42 pm

വാഷിങ്ടണ്‍: വെനസ്വലെന്‍ പ്രസിഡന്റ് നിക്കോളസ് മഡൂറോയേയും പങ്കാളി സീലിയ ഫ്‌ളോറസിനെയും ബന്ദികളാക്കിയ അമേരിക്കയുടെ നടപടിക്കെതിരെ വിമര്‍ശനവുമായി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനി.

ട്രംപിനെ നേരിട്ട് ഫോണില്‍ വിളിച്ച് എതിര്‍പ്പറിയിച്ചിട്ടുണ്ടെന്ന് മമ്ദാനി മാധ്യമങ്ങളോട് പറഞ്ഞു.

ഭരണമാറ്റത്തിനായുള്ള നഗ്നമായ ശ്രമം ന്യൂയോര്‍ക്കുകാരെയും നഗരത്തിലുള്ള വെനസ്വലെക്കാരെയും ബാധിക്കുമെന്നും മംദാനി പറഞ്ഞു.

‘ ഒരു പരമാധികാര രാഷ്ട്രത്തെ ഏകപക്ഷീയമായി അക്രമിക്കുന്നത് യുദ്ധമാണ്. ഫെഡറല്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ്,’ മേയര്‍ പ്രസ്താവനയില്‍ പറഞ്ഞു.

തന്റെ ശ്രദ്ധ ഓരോ ന്യൂയോര്‍ക്കുകാരന്റെയും ന്യൂയോര്‍ക്കിനെ സ്വന്തം വാസസ്ഥലമായി കാണുന്ന പതിനായിരക്കണക്കിന് വെനസ്വലെക്കാരുടെയും സുരക്ഷയിലാണന്നും അതിനായി തന്റെ ഭരണകൂടം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ന്യൂയോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്റ്റില്‍ മഡൂറോയ്ക്കും പങ്കാളിക്കുമെതിരെ കുറ്റം ചുമത്തിയതായി യു.എസ് അറ്റോണി ജനറല്‍ പമേല ബോണ്ടി പറഞ്ഞു.

ഈ നടപടിക്ക് ധൈര്യം കാണിച്ച ട്രംപിനും വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കിയ സൈന്യത്തിനും ബോണ്ടി നന്ദി അറിയിച്ചു. അവര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മെമ്പറാണ്.

മയക്കുമരുന്ന് കടത്താരോപിച്ച് മഡൂറോയെ മാസങ്ങളോളമുള്ള വേട്ടയാടലിന് ശേഷം രാജ്യത്ത് അതിക്രമിച്ച് കടന്ന് അമേരിക്ക അദ്ദേഹത്തെയും പങ്കാളിയേയും ബന്ദിയാക്കുകയായിരുന്നു.

ശനിയാഴ്ച്ച പുലര്‍ച്ചയോടെ യു.എസ് സേനയുടെ ഭീകരവിരുദ്ധ സേനയായ ഡെല്‍റ്റ ഫോഴ്‌സാണ് ഇരുവരെയും ബന്ദിയാക്കിയത്.

കിടപ്പുമുറിയില്‍ അതിക്രമിച്ച് കടന്നായിരുന്നു നടപടി. വിവരം ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് തന്നെയാണ് പുറത്തുവിട്ടത്. വെനസ്വലെ അമേരിക്ക ഭരിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

മഡൂറോയ്‌ക്കെതിരെ കടുത്ത വകുപ്പുകളാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. നാര്‍ക്കോ-ടെററിസംസം ഗൂഢാലോചന, യന്ത്രതോക്കുകളും വിനാശകരമായ ആയുധങ്ങളും കൈവശം വെക്കല്‍, കൊക്കൈന്‍ ഇറക്കുമതി ഗൂഢാലോചന, യു.എസിനെതിരെയുള്ള ഗൂഢാലോചന തുടങ്ങിയവയാണ് മഡൂറോയ്‌ക്കെതിരായി ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

ഇരുവരെയും ന്യൂയോര്‍ക്കിലെ ബ്രൂക്കിന്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റും .തുടര്‍ന്ന് അമേരിക്കന്‍ ലഹരി വുരുദ്ധ സേന മഡൂറോയെ ചോദ്യം ചെയ്യും.

എന്നാല്‍ അമേരിക്കയിലെ നടപടിക്കെതിര ബ്രസീലിയന്‍ പ്രസിഡന്റ് ലുല ഡ സില്‍വ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കരന്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും വെനസ്വലെയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഉറുഗ്വേ, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളും നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ റഷ്യ, ചൈന, ഇറാന്‍, ക്യൂബ തുടങ്ങിയ രാജ്യങ്ങളും നടപടിയെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്.

Content Highlight: America’s invasion of Venezuela’s sovereignty: Mandani

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.