ഇറാന്റെ നാവിക താവളങ്ങളില്‍ അമേരിക്കന്‍ ആക്രമണം; ബന്ദര്‍ അബ്ബാസ്, കൊണാര്‍ക്ക് തുറമുഖങ്ങള്‍ തകര്‍ന്നു
Iran US Conflict
ഇറാന്റെ നാവിക താവളങ്ങളില്‍ അമേരിക്കന്‍ ആക്രമണം; ബന്ദര്‍ അബ്ബാസ്, കൊണാര്‍ക്ക് തുറമുഖങ്ങള്‍ തകര്‍ന്നു
യെലന കെ.വി
Thursday, 5th March 2026, 8:20 am

ടെഹ്റാന്‍: ഇറാന്റെ തന്ത്രപ്രധാനമായ നാവിക കേന്ദ്രത്തിന് നേരെ അമേരിക്കയുടെ വ്യോമാക്രമണം.ആക്രമണത്തില്‍ ഇറാന്റെ തന്ത്രപ്രധാന നാവിക കേന്ദ്രമായ ബന്ദര്‍ അബ്ബാസ്, കൊണാര്‍ക് തുറമുഖങ്ങള്‍ തകര്‍ന്നു.

ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക സ്വാധീനം ഇല്ലാതാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്.

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി ഇറാന്‍ നിര്‍മ്മിച്ച നാവിക കേന്ദ്രമാണ് ബന്ദര്‍ അബ്ബാസ്.
അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, ഇറാന്റെ അഭിമാനമായ IRIS മക്രാന്‍ ഉള്‍പ്പെടെ 11 യുദ്ധക്കപ്പലുകള്‍ ആക്രമണത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ലോകത്തെ ഏറ്റവും വലിയ ഡ്രോണ്‍ വാഹിനി കപ്പലുകളില്‍ ഒന്നായ മക്രാന്‍ കപ്പല്‍ പകുതിയോളം കടലില്‍ മുങ്ങിയതായും വലിയ തീപിടുത്തം ഉണ്ടായതായും ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഡ്രോണ്‍ വാഹിനികളായ ഷാഹിദ് ബാഘേരി ഉള്‍പ്പെടെയുള്ള അത്യാധുനിക കപ്പലുകളും തകര്‍ക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.
ഇറാനിയന്‍ നാവികസേനയുടെ പ്രധാന ആസ്ഥാനാമായതിനാല്‍ നിരവധി കപ്പലുകളും അന്തര്‍വാഹിനികളും ഈ താവളത്തിലാണ് നിലയുറപ്പിച്ചിരിക്കുന്നത്.

പ്രദേശത്തെ പ്രധാന മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളും റഡാര്‍ സംവിധാനങ്ങളും പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടതായി ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യയുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത ചാബഹാര്‍ തുറമുഖത്തിന് തൊട്ടടുത്തുള്ള കൊണാര്‍ക്ക് താവളമാണ് ആക്രമിക്കപ്പെട്ടത് .

യുദ്ധം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 10 ശതമാനം വര്‍ദ്ധിച്ച് ബാരലിന് 80 ഡോളറിലെത്തി. ഇത് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇന്ധനവില വര്‍ദ്ധനവിന് കാരണമായേമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: America destroyed Iran’s Bandar Abbas, Konark Port, satellite photos surfaced

 

 

യെലന കെ.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.