പശ്ചിമേഷ്യയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത് അമേരിക്ക; അതിന് പറ്റിയ ചങ്ങാതി ഇസ്രഈല്‍, തെമ്മാടി: മുഖ്യമന്ത്രി
Kerala
പശ്ചിമേഷ്യയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത് അമേരിക്ക; അതിന് പറ്റിയ ചങ്ങാതി ഇസ്രഈല്‍, തെമ്മാടി: മുഖ്യമന്ത്രി
നിഷാന. വി.വി
Sunday, 1st March 2026, 3:57 pm

കല്‍പ്പറ്റ: ഇറാനിലെ ഇസ്രഈല്‍-യു.എസ് സംയുക്ത വ്യോമാക്രമണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

നമ്മുടെ നാട്ടിലെ ചില തെമ്മാടികള്‍ സ്വീകരിക്കുന്ന നിലപാടാണ് ചില തെമ്മാടി രാഷ്ട്രങ്ങളുടേതെന്ന് ഇറാനിലെ ആക്രമണത്തെ അപലപിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ആ തെമ്മാടി രാഷ്ട്രങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അമേരിക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വല്ലാത്ത നടുക്കത്തിലാണ് നമ്മുടെ നാടും ലോകവും ഇപ്പോഴുള്ളത്. മനുഷ്യര്‍ തമ്മില്‍ പാലിക്കുന്ന മര്യാദ പോലെതന്നെ രാജ്യങ്ങള്‍ തമ്മില്‍ മര്യാദകള്‍ പാലിക്കേണ്ടതുണ്ട്. ഒരു രാജ്യത്തിന്റെ അതേ അഭിപ്രായം തന്നെ ആവണം മറ്റൊരു രാജ്യത്തിന് എന്ന് നിര്‍ബന്ധിക്കാനാവില്ല.

പക്ഷേ നമ്മുടെ നാട്ടില്‍ സാധാരണ തെമ്മാടികള്‍ സ്വീകരിക്കുന്ന നില ചില തെമ്മാടി രാഷ്ട്രങ്ങള്‍ ഇപ്പോള്‍ സ്വീകരിക്കുകയാണ്. ആ തെമ്മാടി രാഷ്ട്രങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് അമേരിക്കന്‍ സാമ്രാജ്യത്വമാണ് എന്നതാണ് ഏറ്റവും കടുത്ത അനുഭവം. അവരുടെ കയ്യില്‍ ആയുധങ്ങളും സമ്പത്തുമുണ്ട്. സാധാരണഗതിയില്‍ ഒരു രാജ്യത്തിന് നേതൃത്വം കൊടുക്കേണ്ട മാനസികാവസ്ഥയുള്ളയാള്‍ തന്നെയാണോ അവിടെ നേതൃത്വം വഹിക്കുന്നതെന്ന കാര്യത്തില്‍ ശങ്കയുണ്ട്,’ മുഖ്യമന്ത്രി പറഞ്ഞു.

വെനസ്വേലയിലെ യു.എസ് കടന്നുകയറ്റത്തെകുറിച്ചും മുഖ്യമന്ത്രി പരാമര്‍ശിച്ചു. ഇതൊന്നും ഒരു രാജ്യവും ചെയ്യുന്ന കാര്യമല്ലെന്നും ഇപ്പോള്‍ അത്തരത്തില്‍ ഇറാന് നേരെ ആക്രമണം നടത്തിയിരിക്കുകയാണെന്നും ഇറാന് നേരെ ആക്രമണം നടത്താനുള്ള എന്ത് സാഹചര്യമാണ് ലോകത്തിനു മുന്നില്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം ചോദിച്ചു.

‘ഇന്നത്തെ ആധുനിക സാങ്കേതിക വിദ്യയ്ക്ക് മുകളില്‍ നിന്ന് നിങ്ങള്‍ എവിടെയുണ്ടെന്ന് മനസിലാക്കാന്‍ പറ്റും. അങ്ങനെ മനസിലാക്കികൊണ്ട് ആയുധം പ്രയോഗിക്കാന്‍ പറ്റുന്ന സാങ്കേതിക വിദ്യകള്‍ അമേരിക്കന്‍ സാമ്രാജ്യത്തിന്റെയും മറ്റും കയ്യിലുണ്ട്. അതുവെച്ച് ഒരു രാഷ്ട്ര രാഷ്ട്രത്തിന്റെ പരമാധികാരിയായി ആ രാഷ്ട്രം കണക്കാക്കുന്ന വ്യക്തിയെ പോലും കൊല ചെയ്യാന്‍ തയ്യാറാവുകയാണ്. ഖാംനഇയേയും അദ്ദേഹത്തിന്റെ മകളെയും മരുമകനെയും പേരകുട്ടിയേയുമടക്കം കൊലപ്പെടുത്തിയിരിക്കുകയാണ്,’ പിണറായി പറഞ്ഞു.

നമ്മുടെ നാട്ടിലും ഒരുപാടാളുകള്‍ ഈ വിഷയത്തില്‍ ആശങ്കയിലാണ്. ഓരോ വിട്ടിലും തന്റെ മകനും മകളും സുക്ഷിതരാണോയെന്ന ആശങ്കയുണ്ട്. ഈ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘നമ്മുടെ ലക്ഷ കണക്കിന് സഹോദരങ്ങളാണ് ഗള്‍ഫ് നാടുകളില്‍ ഉള്ളത്. വല്ലാത്തൊരു അരക്ഷിതാവസ്ഥയിലേക്കാണ് ഈ അക്രമണങ്ങളെല്ലാം നയിച്ചിരിക്കുന്നത്.
ഇതെല്ലാം ഉണ്ടാക്കി വെച്ചത് ഈ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഭ്രാന്തമായ നടപടികളാണ്. അവര്‍ക്ക് അതിനു പറ്റിയ ചങ്ങാതി മറ്റൊരു ലോകതെമ്മാടി ഇസ്രഈല്‍. ഈ രണ്ടുകൂട്ടരും കൂടിയാണ് ഇതെല്ലാം കാട്ടിക്കൂട്ടുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വം കാണിക്കുന്ന ഇത്തരം കാര്യങ്ങള്‍ക്കെതിരെയുള്ള ശക്തമായ വികാരം നാം ഒന്നടങ്കം പ്രകടിപ്പിക്കേണ്ടതാണ്,’ മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: America created all these problems, Israel is the best friend for it; CM reacts to conflicts in West Asia

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.