ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധം പുകയുന്നു. ഇറാന്റെ സൈനിക കേന്ദ്രങ്ങളിലേക്ക് ബോംബാക്രമണം നടത്തിയ യു.എസ് നടപടിയില്‍ തിരിച്ചടിച്ച് ഇറാന്‍. അമേരിക്ക- ഇസ്രഈല്‍ ഉടമസ്ഥതയിലുള്ള എം.എസ്.സി സരിസ്‌കവി എന്ന ചരക്കുകപ്പലിന് നേരെ ക്രൂയിസ് മിസൈല്‍ ആക്രമണം നടത്തിയകായി ഐ.ആര്‍.ജി.സി അറിയിച്ചു.
ഇറാഖിലെ ഉം ഖസര്‍ തുറമുഖത്തിന് സമീപം വെച്ചാണ് ഇറാന്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ റഡാര്‍, ഡ്രോണ്‍ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ബോംബാക്രമണം നടത്തിയിരുന്നു. ഗോരുക് നഗരത്തിലേയും കൃഷം ദ്വീപിലേയും കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിരുന്നു.
എന്നാല്‍ ഇതിനെതിരെ തിരിച്ചടിച്ച് യു.എസ് താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ പ്രത്യാക്രമണം നടത്തി. കുവൈത്തില്‍ മിസൈല്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിറിക് ദ്വീപിന് നേരെയുള്ള ആക്രമണത്തിന് ഉപയോഗിച്ച താവളവും ഇറാന്‍ തകര്‍ത്തതായി ഐ.ആര്‍.ജി.സി അറിയിച്ചിരുന്നു.
വ്യോമപാത ലംഘിച്ച് എത്തിയ യു.എസിന്റെ വിമാനം തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശത്രുതാപരമായ നീക്കങ്ങളുമായി എത്തിയ യു.എസ് വിമാനത്തെ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകര്‍ത്തതായി ജാം കൗണ്ടി ഗവര്‍ണര്‍ മസൂദ് തംഗെസ്താനി സ്ഥിരീകരിച്ചതായി തസ്‌നീം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ഇറാന്റെ അവകാശവാദങ്ങള്‍ യു.എസ് നിഷേധിക്കുകയും തങ്ങളുടെ വിമാനങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടില്ലെന്ന് വാദിക്കുകയും ചെയ്തു.
അതേസമയം ലെബനിലേയും ഗസയിലേയും ഇസ്രഈല്‍ ആക്രമണം അവസാനിപ്പിക്കുന്നതു വരെ യു.എസുമായി മധ്യസ്ഥ ചര്‍ച്ചകള്‍ക്കില്ലെന്ന് ഇറാന്‍ റവല്യൂഷനി ഗാര്‍ഡ് കോര്‍ വ്യക്തമാക്കിയതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഗസയിലെയും ലെബനനിലെയും ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നത് വെടിനിര്‍ത്തലിനുള്ള പ്രധാന നിബന്ധനയായിരുന്നുവെന്നും, അത് ലംഘിക്കപ്പെട്ട സാഹചര്യത്തില്‍ ഇടനിലക്കാര്‍ മുഖേനയുള്ള സന്ദേശങ്ങള്‍ കൈമാറുന്നത് നിര്‍ത്തിയതായും ഇറാന്റെ വാര്‍ത്താ ഏജന്‍സിയായ തസ്നിം റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
സംഘര്‍ഷം രൂക്ഷമായതോടെ ആഗോള വിപണിയില്‍ എണ്ണവില ഗണ്യമായി വര്‍ധിച്ചു. ഇന്ത്യന്‍ ഓഹരി വിപണിയായ സെന്‍സെക്സും നിഫ്റ്റിയും തുടര്‍ച്ചയായ നാലാം ദിവസവും ഇടിവ് രേഖപ്പെടുത്തി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.