| Wednesday, 5th February 2025, 12:43 pm

മീനത്തില്‍ താലികെട്ട്; അന്ന് ആ നടന്‍ ഗ്ലിസറിനില്ലാതെ കരയാന്‍ പഠിപ്പിച്ചു തന്നു: അമ്പിളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാജന്‍ ശങ്കരാടിയുടെ സംവിധാനത്തില്‍ 1998ല്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണ് മീനത്തില്‍ താലികെട്ട്. ദിലീപ്, തിലകന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങി മികച്ച താരനിരയായിരുന്നു ഈ സിനിമക്കായി ഒന്നിച്ചത്. ചിത്രത്തില്‍ തിലകന്റെ മകളായി അഭിനയിച്ചത് അമ്പിളിയായിരുന്നു.

ഒരുപാട് മലയാള സിനിമകളില്‍ ബാലതാരമായി അഭിനയിച്ച് മലയാളികള്‍ക്ക് പരിചിതയായ നടിയാണ് അമ്പിളി. നിരവധി സിനിമകളില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ മകളായി നടി അഭിനയിച്ചിട്ടുണ്ട്.

ഇപ്പോള്‍ തിലകനെ കുറിച്ചും മീനത്തില്‍ താലികെട്ട് സിനിമയെ കുറിച്ചും പറയുകയാണ് അമ്പിളി. സിനിമയില്‍ അവസാനമുള്ള ഇമോഷണല്‍ സീന്‍ ചെയ്തത് ഗ്ലിസറിന്‍ ഇല്ലാതെ ആയിരുന്നു എന്നാണ് നടി പറയുന്നത്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അമ്പിളി.

മീനത്തില്‍ താലികെട്ട് സിനിമയില്‍ അവസാനം ഒരു ഇമോഷണലായ സീനുണ്ടായിരുന്നു. ദിലീപേട്ടന്റെ വീട്ടില്‍ പോയിട്ട് സംസാരിക്കുമ്പോഴുള്ള സീനായിരുന്നു ഇത്. അതില്‍ ഗ്ലിസറിന്‍ ഇല്ലാതെ ആയിരുന്നു ഞാന്‍ കരഞ്ഞത്. തിലകന്‍ അങ്കിളായിരുന്നു എനിക്ക് ആ കാര്യം പഠിപ്പിച്ചു തന്നത്.

‘ചെറിയ കുട്ടിയല്ലേ. അപ്പോള്‍ ഗ്ലിസറിന്‍ കണ്ണിന് കേടല്ലേ’ എന്നായിരുന്നു അദ്ദേഹം എന്നോട് ചോദിച്ചത്. ‘മാറി നിന്നിട്ട് വിഷമുള്ള കാര്യങ്ങളൊക്കെ ആലോചിച്ചാല്‍ മതി’യെന്നും അങ്കിള്‍ പറഞ്ഞു. ഞാന്‍ അപ്പോള്‍ എന്താണ് വിഷമമുള്ള കാര്യമെന്ന് അദ്ദേഹത്തോട് തിരികെ ചോദിച്ചു.

ഞാന്‍ അപ്പോള്‍ ചെറിയ കുട്ടിയല്ലേ. എനിക്ക് എന്ത് വിഷമം ഉണ്ടാകാനാണ് (ചിരി). ‘സ്‌കൂളില്‍ നിന്ന് അടികിട്ടിയതോ അല്ലെങ്കില്‍ നമ്മള്‍ പട്ടിണി കിടക്കുന്നത് പോലെയോ ചിന്തിച്ച് നോക്കൂ. എത്രയോ പാവങ്ങളാണ് പട്ടിണി കിടക്കുന്നത്’ എന്നായിരുന്നു തിലകന്‍ അങ്കിളിന്റെ മറുപടി.

അങ്ങനെയുള്ള കാര്യങ്ങള്‍ കുറച്ച് നേരം ആലോചിച്ചു നോക്കാന്‍ അദ്ദേഹം പറഞ്ഞു. വലിയ ലെജന്റായ മനുഷ്യനാണ് എന്നോട് ഈ കാര്യം പറയുന്നത്. അന്ന് നമുക്ക് അതൊന്നും അറിയില്ലല്ലോ. അങ്ങനെ ഞാന്‍ ഒരിടത്ത് മാറി നിന്നിട്ട് ഓരോന്നും ആലോചിച്ച് വിഷമിച്ചു. പിന്നെ ആ സീനിലേക്ക് പോയതും നാച്ചുറലായിട്ട് കണ്ണില്‍ നിന്ന് വെള്ളം വന്നു,’ അമ്പിളി പറഞ്ഞു.

Content Highlight: Ambili Talks About Thilakan And Meenathil Thalikettu Movie

We use cookies to give you the best possible experience. Learn more