അമ്പിളി- സ്‌നേഹം വിടര്‍ത്തിയ അമ്പിളി അമ്മാവന്‍
Film Review
അമ്പിളി- സ്‌നേഹം വിടര്‍ത്തിയ അമ്പിളി അമ്മാവന്‍
ശംഭു ദേവ്
Friday, 9th August 2019, 8:44 pm

പ്രേക്ഷക പ്രശംസ ലഭിച്ചിട്ടും, ആളുകള്‍ തിയേറ്ററില്‍ പോയി കാണാതെ പരാജയപ്പെട്ട ചിത്രമായിരുന്നു ഗപ്പി. ജോണ്‍ പോള്‍ ജോര്‍ജ് എന്ന പുതുമുഖ സംവിധായകന്‍ യാതൊരു ഇടര്‍ച്ചകളില്ലാതെ തനിക്ക് പറയാനുള്ള കഥ പറഞ്ഞിരുന്നു.

ആദ്യ ചിത്രമാണെന്ന് തോന്നാത്ത വിധം അദ്ദേഹം തന്റെ മികച്ച ക്രാഫ്റ്റ് കൊണ്ട് ഗപ്പി എന്ന ചിത്രം അവിസ്മരണീയമാക്കി. ഏറെ ആര്‍ഹിച്ചിരുന്നിട്ടും ഡി.വി ഡി റീലീസിന് ശേഷം വാഴ്ത്തപ്പെടാനായിരുന്നു ചിത്രത്തിന്റെ വിധി.

ഇ ഫോര്‍ എന്റര്‍ടൈന്മെന്റ് ആയിരുന്നു ഗപ്പിയുടെയും നിര്‍മ്മാണം, അവര്‍ക്കൊപ്പം തന്നെയാണ് ഇത്തവണയും ജോണ്‍ പോള്‍ ജോര്‍ജിന്റെ രണ്ടാമൂഴം. അമ്പിളി കറയില്ലാത്ത മനുഷ്യ ജീവിതത്തിന്റെ തുറന്ന് പറച്ചിലാണ്. സൗബിനാണ് അമ്പിളിയായി വേഷമിടുന്നത്. അമ്പിളിയുടെ ബാല്യത്തിലെ സന്തോഷങ്ങള്‍ നിറഞ്ഞ നുറുങ്ങ് നിമിഷത്തിലൂടെ തുടങ്ങുകയാണ് ചിത്രം.

 

പിന്നെ യാത്രയാണ് അയാള്‍ക്കൊപ്പം.അയാളുടെ ജീവിതത്തിലെ സന്തോഷങ്ങളിലേക്ക്,സങ്കടങ്ങളിലേക്ക്, ബന്ധങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന യാത്ര. അതില്‍ അമ്പിളിയെ സ്‌നേഹിക്കുന്നവരെ നമുക്ക് കാണാം, കബളിപ്പിക്കുന്നവരെ കാണാം, വിഷമിപ്പിക്കുന്നവരെ കാണാം പക്ഷെ അവിടെയെല്ലാം സ്‌നേഹം വിതക്കുന്ന നിലവെളിച്ചമായി അമ്പിളി പുഞ്ചിരിക്കും. ഇത് അയാളുടെ മാത്രം കഥയാണ്.

അമ്പിളിയായി സൗബിന്‍ പ്രകാശിക്കുകയാണ് സിനിമയില്‍ മുഴുവന്‍. പ്രേക്ഷകര്‍ക്ക് അതിന്റെ ഭംഗി ആസ്വദിക്കാന്‍ കഴിയുമെന്നത് നിലാവ് പോലെ സത്യമാണ്. അതങ്ങനെ ആകുവാന്‍ ശരണ്‍ വേലായുധന്റെ ഛായാഗ്രഹണവും, വിഷ്ണു വിജയിന്റെ സംഗീതവും ഏറെ സഹായമാകുന്നു.
ദൃശ്യ മികവ് അമ്പിളിയുടെ ആസ്വാദനത്തിന്റെ നിലവാരം ഉയര്‍ത്തുന്ന ഘടകമാണ്. തുടക്കം തൊട്ടേ ഒരു ഒഴുക്കില്‍ അമ്പിളിക്കൊപ്പം പ്രേക്ഷകനെ ഇരുത്തുന്നതില്‍ ഛായാഗ്രഹണം മുന്നോട്ട് നിന്നു.

ഒപ്പം സംഗീതം ഒരു താളം സൃഷ്ടിക്കുന്നതില്‍ ക്യാമറയ്ക്ക് ഒപ്പം തന്നെ സഞ്ചരിക്കുന്നു. എല്ലാ വിധ നിമിഷങ്ങളിലും പ്രേക്ഷകന്റെ മനസ്സില്‍ ഇമോഷന്‍ ബന്ധിപ്പിക്കുന്നതില്‍ പശ്ചാത്തല സംഗീതത്തിന് വിജയകരമായി സാധ്യമായി.

ക്ലൈമാക്‌സിലേ രംഗങ്ങള്‍ അതിന്റെ സൂചനയാണ്. പ്രേക്ഷകന്റെ മനസ്സും കണ്ണും നിറക്കുന്ന നിമിഷങ്ങള്‍ എന്ത് കൈയ്യടക്കത്തോടെയാണ് സംവിധായകന്‍ കൈകാര്യം ചെയ്തിരിക്കുന്നത് എന്ന് അമ്പിളി നിങ്ങളെ കൊണ്ട് ചിന്തിപ്പിക്കും. അത്രയ്ക്ക് നിഷ്‌കളങ്കമാണ് ഈ ജോണ്‍ പോള്‍ ചിത്രം. അമ്പിളി പരത്തുന്ന നിലാ വെളിച്ചം ഇരുണ്ട് കയറുന്ന കാര്‍ മേഘങ്ങളെ അകറ്റാന്‍ സാധ്യമാകട്ടെ…