ഐ.പി.എല്ലില്‍ 2025ല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി അരങ്ങേറ്റം നടത്തിയ താരമാണ് വൈഭവ് സൂര്യവംശി. ക്യാപ്റ്റന്‍ സഞ്ജുവിന് പുറത്തിരിക്കേണ്ടി വന്നപ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലാണ് വൈഭവ് ടൂര്‍ണമെന്റില്‍ അരങ്ങേറ്റം കുറിച്ചത്. ശേഷം വെടിക്കെട്ട് പ്രകടനം കൊണ്ട് ക്രിക്കറ്റ് പ്രേമികളെ കയ്യിലെടുക്കാന്‍ 14കാരനായ യുവ താരത്തിന് സാധിച്ചിരുന്നു. മാത്രമല്ല ഇന്ത്യ അണ്ടര്‍ 19ന് വേണ്ടിയും നിലവില്‍ മിന്നും പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.
ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ അമ്പാട്ടി റായിഡു. വൈഭവിന് നല്ല ബാറ്റിങ് വേഗതയുണ്ടെന്നും ബ്രയാന്‍ ലാറയെപ്പോലെയാണ് താരത്തിന്റെ ബാറ്റ് ലിഫ്‌റ്റെന്നും റായിഡു പറഞ്ഞു. മാത്രമല്ല താരത്തിന് ധാരാളം നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നും ദ്രാവിഡിനെപ്പോലൊരു പരിശീലകനെ ലഭിച്ചത് ഭാഗ്യമാണെന്നും റായിഡു കൂട്ടിച്ചേര്‍ത്തു.
‘വൈഭവിന് നല്ല ബാറ്റിങ് വേഗതയുണ്ട്, അവന്റെ ബാറ്റ് വിപ്പ് ആരും മാറ്റരുതെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സമാനമായ ബാറ്റ് ലിഫ്റ്റ് ഉണ്ടായിരുന്ന ബ്രയാന്‍ ലാറയുമായി അവന്‍ സംസാരിക്കണം. പ്രതിരോധിച്ചുകൊണ്ട് ബാറ്റ് വേഗത നിയന്ത്രിക്കാനും പതിയെ കളിക്കാനും അവന് പഠിക്കാന്‍ കഴിയും. അത് പഠിച്ചാല്‍, വൈഭവ് ധാരാളം നേട്ടങ്ങള്‍ കൈവരിക്കും.
എല്ലാവരുടെയും വാക്കുകള്‍ അവന്‍ കേല്‍ക്കരുത്. അവന്‍ തന്റെ കഴിവുകളെ മാത്രം പിന്തുണച്ചാല്‍ മതി. പരിശീലകര്‍ അദ്ദേഹത്തിന് വളരെയധികം നിര്‍ദേശങ്ങള്‍ നല്‍കരുത്. രാഹുല്‍ ദ്രാവിഡ് കൂടെയുള്ളത് അവന്റെ ഭാഗ്യമാണ്. യുവ ബാറ്ററെ അദ്ദേഹം നന്നായി പരിപാലിക്കും,’ റായിഡു ശുഭങ്കര്‍ മിശ്രയോട് പറഞ്ഞു.
കഴിഞ്ഞ ഐ.പി.എല്ലില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 252 റണ്‍സാണ് താരം അടിച്ചെടുത്തത്. 36.0 എന്ന ആവറേജും 206.56 എന്ന സ്‌ട്രൈക്ക് റേറ്റും ഉള്‍പ്പെടെയാണ് താരത്തിന്റെ ബാറ്റിങ് പ്രകടനം. സീസണില്‍ ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും താരം നേടി. ഇതോടെ പല റെക്കോഡുകളും യുവ താരം തന്റെ പോക്കറ്റിലാക്കിയിരുന്നു.
അതേസമയം 2025ലെ ഏഷ്യാ കപ്പിനുള്ള 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുകയാണ്. ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെയും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെയുമാണ് സെലക്ഷന്‍ കമ്മറ്റി തെരഞ്ഞെടുത്തത്. സെപ്റ്റംബര്‍ ഒമ്പതിനാണ് ടൂര്‍ണമെന്റിന് ആരംഭിക്കുന്നത്.
Content Highlight: Ambati Rayudu Praises Young Batter Vaibhav Suryavanshi