'ഒരു ദിവസം ഇന്ത്യയെ നയിക്കാനുള്ള കഴിവ് അവനുണ്ടെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു'; രവീന്ദ്ര ജഡേജയെക്കുറിച്ച് സി.എസ്.കെ താരം
IPL
'ഒരു ദിവസം ഇന്ത്യയെ നയിക്കാനുള്ള കഴിവ് അവനുണ്ടെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു'; രവീന്ദ്ര ജഡേജയെക്കുറിച്ച് സി.എസ്.കെ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 24th April 2022, 11:43 pm

ചെന്നൈക്ക് അത്ര നല്ല തുടക്കമല്ല ഐ.പി.എല്ലിലെ ഈ സീസണില്‍. തുടര്‍ച്ചയായി ചെന്നൈ പരാജയപ്പെടുമ്പോള്‍ ആരാധകരും ക്രിക്കറ്റ് അനലിസ്റ്റുകളും ഒരുപോലെ വിരല്‍ ചൂണ്ടുന്നത് ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയ്ക്ക് നേരെയാണ്.

പ്രഷര്‍ സിറ്റ്വേഷനുകളില്‍ കൃത്യമായ തീരുമാനെമെടുക്കാനാവാതെ സമ്മര്‍ദ്ദത്തിലാവുന്ന ക്യാപ്റ്റനെയാണ് സി.എസ്.കെ ആരാധകര്‍ എന്നും കാണുന്നത്. എന്നാല്‍ ഒരു ദിവസം ഇന്ത്യയെ നയിക്കാനുള്ള കഴിവ് ജഡേജക്കുണ്ടെന്ന് പറയുകയാണ് സി.എസ്.കെ താരം അമ്പാട്ടി റായിഡു.

ജഡേജ ക്യാപ്റ്റനെന്ന തന്റെ പുതിയ റോളില്‍ കാലത്തിനനുസരിച്ച് മെച്ചപ്പെടുമെന്നും റായിഡു അഭിപ്രായപ്പെട്ടു. സി.എസ്.കെ.യുടെ യൂട്യൂബ് ചാനലില്‍ വന്ന അഭിമുഖത്തിലായിരുന്നു റായിഡുവിന്റെ പ്രതികരണം.

‘ജഡേജ കൂടുതല്‍ മെച്ചപ്പെടും. ഒരു ദിവസം സി.എസ്.കെയെ മാത്രമല്ല ഇന്ത്യയെയും നയിക്കാനുള്ള കഴിവ് അവനുണ്ട്. രവീന്ദ്ര ജഡേജയുടെ കീഴില്‍ സി.എസ്.കെ മികച്ച വിജയം നേടും.

അവസാന ഓവറിലെ ത്രില്ലറില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഞങ്ങളുടെ ടീമിന് നിര്‍ണായക വിജയം നേടാനായി. അവസാന നാല് പന്തില്‍ 16 റണ്‍സ് അടിച്ച് ധോണി തന്റെ ടീമിന് വിജയം സമ്മാനിച്ചു.
ബാറ്റുകൊണ്ടുള്ള ധോണിയുടെ മാസ്റ്റര്‍ക്ലാസ് ഒരിക്കല്‍കൂടി കാണാന്‍ കഴിഞ്ഞു,’ റായിഡു പറഞ്ഞു.

ഒരു പരിവര്‍ത്തന ഘട്ടത്തിലൂടെയാണ് ടീം കടന്നുപോകുന്നത്. ജഡേജയുടെ കീഴില്‍ ഈ പുതിയ കളിക്കാര്‍ക്ക് ടീമില്‍ ഇടം കണ്ടെത്താനുള്ള അവസരമുണ്ടാകും. വരും വര്‍ഷങ്ങളില്‍ ആരാധകര്‍ക്ക് ലൈനപ്പില്‍ ഒരുപാട് യുവമുഖങ്ങളെ കാണാമെന്നും റായിഡു സൂചിപ്പിച്ചു.

അതേസമയം, സീസണില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയം മാത്രമുള്ള ചെന്നൈ പോയിന്റ് പട്ടികയില്‍ പിന്നിലാണ്. പ്ലേഓഫിലെത്താന്‍ ചെന്നൈയ്ക്ക് ഇനിയുള്ള മത്സരങ്ങളില്‍ അത്ഭുതകരമായ തിരിച്ചുവരവ് നടത്തേണ്ടി വരും.

CONTENT HIGHLIGHT:  Ambati Rayudu on CSK captain Ravindra Jadeja,  He has it in him to lead India one day