2025 ഐ.സി.സി വനിതാ ഏകദിന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ 271 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയമാണ് വേദി.
മഴമൂലം 47 ഓവറായി വെട്ടിക്കുറച്ച മത്സരത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സാണ് ഇന്ത്യ നേടിയത്. ഡി.എല്‍.എസ് നിയമപ്രകാരമാണ് ശ്രീലങ്കയുടെ വിജയലക്ഷ്യം 47 ഓവറില്‍ 271 ആയി പുനര്‍നിശ്ചയിച്ചത്.
അമന്‍ജോത് കൗറിന്റെയും ദീപ്തി ശര്‍മയുടെയും അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. കൗര്‍ 56 പന്തില്‍ 57 റണ്‍സ് നേടിയപ്പോള്‍ 53 പന്തില്‍ 53 റണ്‍സാണ് ദീപ്തി ശര്‍മ നേടിയത്.
ഈ ഇന്നിങ്‌സിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അമന്‍ജോത് കൗര്‍. വനിതാ ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയാണ് കൗര്‍ തിളങ്ങിയത്. ഈ നേട്ടത്തിലെത്തുന്ന ആറാമത് മാത്രം ഇന്ത്യന്‍ താരമാണ് അമന്‍ജോത് കൗര്‍.
(താരം – സ്‌കോര്‍ – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
അഞ്ജു ജെയ്ന്‍ – 84 – വെസ്റ്റ് ഇന്‍ഡീസ് – നോട്ടിങ്ഹാം – 1993
മിതാലി രാജ് – 69 – സൗത്ത് ആഫ്രിക്ക – ക്രൈസ്റ്റ്ചര്‍ച്ച് – 2000
സ്മൃതി മന്ഥാന – 90 – ഇംഗ്ലണ്ട് – ഡെര്‍ബി – 2017
സ്‌നേഹ് റാണ – 53 – പാകിസ്ഥാന്‍ – മംഗനൂയി – 2022
പൂജ വസ്ത്രാര്‍കര്‍ – 67 – പാകിസ്ഥാന്‍ – മംഗനൂയി – 2022
അമന്‍ജോത് കൗര്‍ – 57 – ശ്രീലങ്ക – ഗുവാഹത്തി – 2025*
മത്സരത്തില്‍ എട്ടാം നമ്പറിലാണ് കൗര്‍ കളത്തിലിറങ്ങിയത്. രണ്ട് ഓവറിനിടെ നാല് നിര്‍ണായക വിക്കറ്റുകള്‍ വീണ സാഹചര്യത്തിലായിരുന്നു താരം ക്രീസിലെത്തിയത്.
12 പന്തുകള്‍ക്കിടെ ഹര്‍ലിന്‍ ഡിയോള്‍, ജെമീമ റോഡ്രിഗസ്, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് എന്നിവരെ നഷ്ടപ്പെട്ട് ഇന്ത്യ വന്‍ തകര്‍ച്ച അഭിമുഖീരിക്കവെ ദീപ്തി ശര്‍മയ്‌ക്കൊപ്പം ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ കൗര്‍ ഇന്ത്യന്‍ ഇന്നിങ്‌സിനെ താങ്ങി നിര്‍ത്തി.
ബാറ്റിങ്ങിനിടെ പല തവണ ശ്രീലങ്കന്‍ ബൗളര്‍മാര്‍ അമന്‍ജോതിനെ കൈവിട്ടുകളഞ്ഞിരുന്നു. ലൈഫ് ലഭിച്ച അമന്‍ജോത് അവസരം വിനിയോഗിക്കുകയും ഇന്ത്യയ്ക്കായി മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുകയും ചെയ്തു.
44ാം ഓവറിലെ മൂന്നാം പന്തിലാണ് അമന്‍ജോത് പുറത്താകുന്നത്. ഉദ്ദേശിക പ്രബോധിനിയുടെ പന്തില്‍ വിഷ്മി ഗുണരത്‌നെക്ക് ക്യാച്ച് നല്‍കിയായിരുന്നു കൗറിന്റെ മടക്കം. നേരത്തെ പല തവണ സിംപിള്‍ ക്യാച്ചുകള്‍ കൈവിട്ട ലങ്കന്‍ ഫീല്‍ഡര്‍മാരുടെ പിഴവുകളെ മറികടക്കുന്ന രീതിയിലായിരുന്നു വിഷ്മി ക്യാച്ച് കൈപ്പിടിയിലൊതുക്കിയത്.
അര്‍ധ സെഞ്ച്വറി നേടിയ കൗറിനും ദീപ്തി ശര്‍മയ്ക്കും പുറമെ ഹര്‍ലീന്‍ ഡിയോള്‍ (64 പന്തില്‍ 48), പ്രതീക റാവല്‍ (59 പന്തില്‍ 37), ഹര്‍മന്‍പ്രീത് കൗര്‍ (19 പന്തില്‍ 21) എന്നിവരും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി.
ശ്രീലങ്കയ്ക്കായി ഇനോക രണവീര നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രണ്ട് വിക്കറ്റുമായി ഉദ്ദേശിക പ്രബോധിനിയും തിളങ്ങി. അചിനി കുലസൂര്യ, ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തു എന്നിവര്‍ ചേര്‍ന്നാണ് ശേഷിച്ച രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്.
Content Highlight: Amanjot Kaur scored hair maiden 50 in World Cup debut