ആയുർവേദത്തെ കുറിച്ച് തെറ്റായ സന്ദേശം; വാഴ 2 വിനെതിരെ നിയമനടപടിയുമായി എ.എം.എ.ഐ
Malayalam Cinema
ആയുർവേദത്തെ കുറിച്ച് തെറ്റായ സന്ദേശം; വാഴ 2 വിനെതിരെ നിയമനടപടിയുമായി എ.എം.എ.ഐ
നന്ദന എം.സി
Friday, 17th April 2026, 3:19 pm

മലയാള സിനിമയിൽ അപൂർവമായൊരു വിജയഗാഥയായി മുന്നേറുകയാണ് സവിൻ സാ സംവിധാനം ചെയ്ത വാഴ 2. ഇൻസ്റ്റാഗ്രാം റീൽസിലൂടെ ശ്രദ്ധ നേടിയ ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തിൽ ബിജുക്കുട്ടൻ, അജു വർഗീസ്, വിജയ് ബാബു തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

വാഴ 2.Photo: IMDb

ചിത്രത്തിലെ വിനായകിന്റെ അച്ഛനായുള്ള കഥാപാത്രമായി ബിജുക്കുട്ടൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ, സിനിമയിലെ ഒരു പ്രത്യേക രംഗം ഇപ്പോൾ വിവാദത്തിനിടയാക്കിയിരിക്കുകയാണ്.

ബിജുക്കുട്ടന്റെ കഥാപാത്രത്തിന് കരൾ രോഗം വരാൻ കാരണം ‘അരിഷ്ടം’ ഉപയോഗിച്ചതാണെന്ന രീതിയിൽ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതായി ആരോപണമുയർന്നിട്ടുണ്ട്. ഇത് ആയുർവേദത്തെ തെറ്റായി അവതരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ആയുർവേദ മേഖലയിലെ വിദഗ്ധർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) ഈ വിഷയത്തിൽ പ്രതികരിച്ച്, സിനിമ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചു. വിഷയത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

വാഴ 2.Photo: Bijukuttan/ Facebook

ഇതിനുമുമ്പ് തന്നെ നിരവധി ആയുർവേദ ഡോക്ടർമാർ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി വിമർശനം ഉന്നയിച്ചിരുന്നു. ഇപ്പോൾ അത് നിയമപരമായ നീക്കങ്ങളിലേക്ക് കടക്കുകയാണ്.

അതേസമയം, വിവാദങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ വാഴ 2 വൻ വിജയമാണ് നേടുകയാണ്. റിലീസ് ചെയ്ത് ഏഴ് ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടി. കൂടാതെ, വെറും 15 ദിവസങ്ങൾക്കുള്ളിൽ കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം 100 കോടി രൂപ സമാഹരിച്ച ചിത്രമായി മാറുകയും ചെയ്തു. തുടരും, ലോക എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന സിനിമയായും വാഴ 2 മാറി.

Content Highlight: AMAI takes legal action against Vazha 2, alleging it gave a wrong message about Ayurveda

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.