തിരുവനന്തപുരം: ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വിദേശ യാത്ര വിവാദമായതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. താനൊരു ട്രാവല്‍ ഏജന്റാണോ , തന്നോട് ചോദിച്ചിട്ട് കാര്യമുണ്ടോ എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമായി കൊണ്ടിരിക്കെ രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് വിദേശ യാത്രയ്ക്ക് പോയതെന്നും അത് ബി.ജെ.പി ആയുധമാക്കി കഴിഞ്ഞല്ലോ എന്നുമുള്ള മാധ്യമപ്രവര്കത്തകന്റെ ചോദ്യത്തിന് മറുപടി നല്കി കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ ഞാനൊരു ട്രാവല്‍ ഏജന്റാണോ, എന്നോട് ചോദിച്ചിട്ട് വല്ല കാര്യവും ഉണ്ടോ, ഞാന്‍ എന്തുകൊണ്ടാണ് ദല്‍ഹി വിട്ട് നാട്ടിലേക്ക് വന്നത്. ഓരോ ആളുകള്‍ക്കും ഓരോ ഉത്തരവാദിത്തമുണ്ടാവും എനിക്ക് പറയാനറിയില്ല,’ തരൂര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ ബി.ജെ.പി തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ചിരുന്നു.
‘നുണകള്‍ പ്രചരിപ്പിച്ചു മടുത്തതുകൊണ്ട് കുറച്ചുദിവസം വിയറ്റ്നാമില്‍ കറങ്ങാന്‍ പോയതാണ്’എന്ന് പരിഹസിച്ചാണ് ബി.ജെ.പി വീഡിയോ പങ്കുവെച്ചത്. നവരാത്രി ആഘോഷങ്ങളുടെയും പ്രതിപക്ഷ പ്രതിഷേധങ്ങളുടെയും സമയത്ത് അദ്ദേഹം രാജ്യം വിട്ടുപോയതിനെ ബി.ജെ.പി വക്താക്കള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
രാഹുല്‍ ഗാന്ധിയുടേത് തികച്ചും വ്യക്തിപരമായ യാത്രയാണെന്നും അദ്ദേഹത്തിന് സ്വന്തം സമയത്ത് എവിടെയും യാത്ര ചെയ്യാനുള്ള അവകാശമുണ്ടെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളെ ചൂണ്ടിക്കാണിച്ചാണ് കോണ്‍ഗ്രസ് ഇതിനെ പ്രതിരോധിച്ചത്.
Content Highlight: “Am I a travel agent? Is there any point in asking me?” – Tharoor on the controversy surrounding Rahul Gandhi’s foreign trip.
