ഐ.സി.സി വനിതാ ഏകദിന ലോകകപ്പില്‍ കഴിഞ്ഞ ദിവസം ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ അലീസ ഹീലി വീണ്ടും സെഞ്ച്വറി നേടിയിരുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 77 പന്തില്‍ പുറത്താകാതെ 133 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. നേരത്തെയും ഈ ടൂര്‍ണമെന്റില്‍ ഓസീസ് ക്യാപ്റ്റന്‍ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു.
ബംഗ്ലാദേശിന് പുറമെ, ഒക്ടോബര്‍ 12ന് ഇന്ത്യയുമായി നടന്ന മത്സരത്തിലാണ് ഹീലി ഈ ടൂര്‍ണമെന്റില്‍ മൂന്നക്കം കടന്നത്. അന്ന് വിശാഖപട്ടണം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 107 പന്തില്‍ 142 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇതിലേക്ക് ഒരു സെഞ്ച്വറി കൂടി ചേര്‍ത്തതോടെയാണ് ഒരു അപൂര്‍വ ലിസ്റ്റിലേക്ക് താരം ചെന്ന് കയറിയത്.
Back-to-back 💯s at #CWC25 for Australia skipper Alyssa Healy 🫡
വനിതാ ലോകകപ്പ് ചരിത്രത്തില്‍ ഒന്നിലേറെ സീസണില്‍ ഒന്നിലധികം സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയിലാണ് ഹീലി സ്വന്തം പേര് ചേര്‍ത്തിരിക്കുന്നത്. ഈ സീസണിന് പുറമെ, 2022ലും ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ രണ്ട് സെഞ്ച്വറികള്‍ നേടിയിരുന്നു.
കഴിഞ്ഞ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയും ഇംഗ്ലണ്ടിനെതിരെയുമാണ് താരം സെഞ്ച്വറി സ്വന്തമാക്കിയത്. യഥാക്രമം സെമിഫൈനലിലും ഫൈനലിലുമാണ് ഈ സെഞ്ച്വറികള്‍ പിറന്നത്.
ഹീലി മാത്രമല്ല, ഇംഗ്ലണ്ട് സൂപ്പര്‍ ക്യാപ്റ്റന്‍ നാറ്റ് സിവര്‍ ബ്രണ്ടും ഇത്തരത്തില്‍ വിവിധ ലോകകപ്പില്‍ ഒന്നിലധികം സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വനിതാ ലോകകപ്പില്‍ ഈ നേട്ടം സ്വന്തമാക്കിയ രണ്ടേ രണ്ട് പേര്‍ ഇവര്‍ മാത്രമാണ്. 2017ലും 2022ലും രണ്ട് വീതം സെഞ്ച്വറി നേടിയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഈ ലിസ്റ്റില്‍ ഇടം നേടിയത്.
ഹീലിക്കൊപ്പം തന്നെ, സിവര്‍ ബ്രണ്ടും ഈ ലോകകപ്പില്‍ കളിക്കുന്നുണ്ട്. തങ്ങളുടെ ടീമുകളെ നയിക്കുന്നതും ഇവര്‍ തന്നെയാണ്. ഹീലി ഈ വര്‍ഷം രണ്ട് സെഞ്ച്വറി സ്‌കോര്‍ ചെയ്തപ്പോള്‍ ബ്രണ്ട് ഒരു തവണ മൂന്നക്കം കടന്നു.
ശ്രീലങ്കക്കെതിരെ നടന്ന മത്സരത്തിലാണ് താരം സെഞ്ച്വറി നേടിയത്. 117 പന്തില്‍ 117 റണ്‍സ് സ്‌കോര്‍ ചെയ്ത് ക്യാപ്റ്റന്‍ ടീമിനെ വിജയിപ്പിക്കുകയും ചെയ്തിരുന്നു.
Content Highlight: Alyssa Healy and Nat Sciver Brunt are two players to score multiple centuries in different edition in the Women World Cup History