അല്‍ഫോണ്‍സ് പുത്രന്‍ – നിവിന്‍ പോളി കൂട്ടുകെട്ടില്‍ 2015ല്‍ പുറത്തിറങ്ങിയ ‘പ്രേമം’ മലയാള സിനിമയിലെ ഏറ്റവും വലി ബ്ലോക്ക് ബസ്റ്റുകളിലൊന്നായിരുന്നു. അന്നത്തെ യുവാക്കളുടെ ഹരമായി മാറിയ ഈ ചിത്രം കേരളത്തിന് പുറത്തും വലിയ ചലനമുണ്ടാക്കി. ‘നേരം’ എന്ന ആദ്യ ചിത്രത്തിന് ശേഷം അല്‍ഫോണ്‍സ് ഒരുക്കിയ ഈ സിനിമ നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലുകളില്‍ ഒന്നായാണ് ഇന്നും കണക്കാക്കപ്പെടുന്നത്.
നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ പ്രൊജക്ടിനായി ഇരുവരും ഒന്നിക്കുന്നുവെന്ന വാര്‍ത്ത സിനിമാപ്രേമികള്‍ ആവേശത്തോടെയാണ് കേട്ടത്. ഇപ്പോഴിതാ വാഴ2വിന്റെ തിയേറ്റര്‍ വിസിറ്റിനിടെ പ്രേമം സിനിമയിലെ ഒരു രംഗത്തെ കുറിച്ച് അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജ് എന്ന കഥാപാത്രത്തിന്റെ അച്ഛനായി അഭിനയിച്ചത് തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കറാണ്. ജോര്‍ജിന്റെ അധ്യാപകരെ കാണാനായി കോളേജിലേക്ക് താരം വരുന്ന സീനുകളും ഡയലോഗുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, ആ സീനില്‍ രഞ്ജി പണിക്കര്‍ പറയുന്ന ഡയലോഗുകള്‍ താന്‍ എഴുതിയതല്ലെന്ന് അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു.
‘പ്രേമത്തില്‍ രഞ്ജി പണിക്കരുടെ കഥപാത്രം സ്റ്റാഫ് റൂമില്‍ വെച്ച് പറയുന്ന ഡയലോഗ് ഞാന്‍ എഴുതി കൊടുത്തതല്ല. എന്റെ ആവശ്യപ്രകാരം അദ്ദേഹം എനിക്ക് എഴുതി തന്ന ഡയലോഗുകളാണത്. കാരണം അദ്ദേഹത്തിന് അങ്ങനെ ഡയലോഗ് എഴുതി കൊടുക്കാന്‍ ഞാന്‍ ആരും അല്ല.
സാര്‍ തന്നെയാണ് പ്രോപ്പറായിട്ടുള്ള ഇംഗ്ലീഷില്‍ ആ ഡയലോഗുകള്‍ എഴുതിയത്. അങ്ങനെ അദ്ദേഹം എഴുതി തന്നപ്പോള്‍ ഇത് ഓക്കെയാണെന്ന് പറഞ്ഞ് ഞങ്ങള്‍ ആ സീന്‍ ഷൂട്ട് ചെയ്യുകയായിരുന്നു,’ അല്‍ഫോണ്‍സ് പുത്രന്റെ വാക്കുകള്‍.
പ്രേമം പോലൊരു സിനിമ തനിക്ക് ഇനി ചെയ്യാന്‍ കഴിയില്ലെന്നും അത് യങ് ഏയിഞ്ചിന്റെ എനര്‍ജിയില്‍ വന്ന ഒരു സിനിമയാണെന്നും അല്‍ഫോണ്‍സ് പുത്രന്‍ വ്യക്തമാക്കിയിരുന്നു. ഇനി അതുപോലൊരു സിനിമയെടുക്കണമെങ്കില്‍ താന്‍ വീണ്ടും ചെന്ന് പ്ലസ് ടുവും ഡിഗ്രിയും പഠിച്ച്, ഇപ്പോഴത്തെ പ്രേമങ്ങള്‍ എങ്ങനെയാണെന്ന് മനസിലാക്കണമെന്നും അത് അത്ര എളുപ്പമല്ലെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.