| Sunday, 22nd June 2025, 9:32 am

മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലെ കഴിവുള്ള യുവതാരങ്ങളാണ് ആ നടന്‍മാര്‍: അല്ലു അര്‍ജുന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട തെലുങ്ക് നടനാണ് അല്ലു അര്‍ജുന്‍. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായ ആര്യ മലയാളത്തില്‍ ഡബ്ബ് ചെയ്ത് ഇറക്കുകയും 100 ദിവസത്തിന് മുകളില്‍ കേരളത്തിലെ തിയേറ്ററുകളില്‍ ഓടുകയും ചെയ്തിരുന്നു.

പിന്നീട് നടന്റെ മറ്റ് തെലുങ്ക് സിനിമകളും മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത് എത്താന്‍ തുടങ്ങിയതോടെ അല്ലു അര്‍ജുന്‍ മലയാളികള്‍ക്ക് മല്ലു അര്‍ജുനായി മാറുകയായിരുന്നു. ഒരു മലയാള നടനോട് കാണിക്കുന്ന അതേ സ്‌നേഹമായിരുന്നു മലയാളികള്‍ക്ക് അല്ലുവിനോട് ഉണ്ടായിരുന്നത്.

ഇപ്പോള്‍ മലയാളികള്‍ക്ക് തന്നോടും തനിക്ക് മലയാള സിനിമയോടുമുള്ള സ്‌നേഹത്തെ കുറിച്ച് സംസാരിക്കുകയാണ് അല്ലു അര്‍ജുന്‍. മലയാളികളുടെ സ്‌നേഹത്തിനും ലാളനയ്ക്കും എന്നും താന്‍ കടപ്പെട്ടിരിക്കുമെന്നും അതാണ് മല്ലു അര്‍ജുന്‍ എന്ന പേര് സമ്മാനിച്ചതെന്നും അല്ലു അര്‍ജുന്‍ പറയുന്നു.

നല്ല നടന്മാരുള്ള നാടാണ് കേരളമെന്നും മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമേ ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, നിവിന്‍ പോളി തുടങ്ങിയ കഴിവുള്ള യുവനടന്മാരും മലയാളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാരുന്നു അല്ലു അര്‍ജുന്‍.

‘മലയാളികള്‍ അവരുടെ ഹൃദയത്തില്‍ എനിക്ക് ഒരു പ്രത്യേക സ്ഥാനം നല്‍കുന്നുണ്ട്. അവരുടെ സ്‌നേഹത്തിനും ലാളനയ്ക്കും എന്നും ഞാന്‍ കടപ്പെട്ടിരിക്കും. ഈ സ്‌നേഹവും ലാളനയുമാണ് മല്ലു അര്‍ജുന്‍ എന്ന പേരും സമ്മാനിച്ചത്. എനിക്ക് തോന്നുന്നത് മറ്റൊരു താരത്തെയും മലയാളികള്‍ ഇങ്ങനെ സ്വീകരിച്ചിട്ടില്ലെന്നാണ്. ഇന്ത്യയിലെ എല്ലാ താരങ്ങള്‍ക്കും മലയാള സിനിമയോട് പ്രത്യേക ബഹുമാനമുണ്ട്. ചര്‍ച്ചകളിലും മലയാള സിനിമകള്‍ കടന്നുവരാറുണ്ട്.

ഒരുപാട് നല്ല നടന്മാരുള്ള നാടാണ് കേരളം. മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമേ ഒരുപാട് മികച്ച യുവതാരങ്ങളുമുണ്ട്. ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, നിവിന്‍ പോളി തുടങ്ങി എല്ലാവരും ഒരുപാട് കഴിവുള്ള നടന്മാര്‍. എന്നാല്‍ എപ്പോള്‍ ഒരു മലയാളം സിനിമയുണ്ടാകും എന്ന് ചോദിച്ചാല്‍ ഒരു ഉത്തരം മാത്രമേയുള്ളൂ, ഒരു മലയാളി സംവിധായകനും ഇതുവരെ എന്നോട് കഥ പറഞ്ഞിട്ടില്ല. കുറേക്കാലമായി ഒരു മലയാളി സംവിധായകന്റെ വരവിനായി ഞാനും കാത്തിരിക്കുകയാണ്,’ അല്ലു അര്‍ജുന്‍ പറയുന്നു.

Content highlight: Allu Arjun talks about the love of Keralites towards him

We use cookies to give you the best possible experience. Learn more