അല്ലു അർജുന്റെ കണ്ണിൽ നോക്കാൻ പാടില്ല; താരത്തെ കാണാൻ 42 റൂളുകൾ?: പ്രതികരണവുമായി ടീം എ.എ
indian cinema
അല്ലു അർജുന്റെ കണ്ണിൽ നോക്കാൻ പാടില്ല; താരത്തെ കാണാൻ 42 റൂളുകൾ?: പ്രതികരണവുമായി ടീം എ.എ
നന്ദന എം.സി
Wednesday, 11th February 2026, 7:38 am

മലയാളികൾ സ്നേഹത്തോടെ മല്ലു അർജുൻ എന്ന് വിളിക്കുന്ന താരമാണ് തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ. മലയാളിയല്ലെങ്കിലും കേരളത്തിൽ അദ്ദേഹത്തിനുള്ള ആരാധകവലയം വളരെ വലുതാണ്. ആര്യ, ഹാപ്പി, ബണ്ണി, പുഷ്പ തുടങ്ങിയ ചിത്രങ്ങൾ മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചവയാണ്. സ്‌റ്റൈലും ഡാൻസും അഭിനയശൈലിയും കൊണ്ടാണ് അല്ലു അർജുൻ മലയാളികളുടെ മനസിൽ പ്രത്യേക സ്ഥാനം നേടിയത്.

എന്നാൽ അടുത്തിടെ അല്ലു അർജുനുമായി ബന്ധപ്പെട്ട് ഒരു പോഡ്കാസ്റ്റ് ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വലിയ വിവാദമായി മാറിയിരുന്നു. ബ്രാൻഡ് മാനേജർ കാവേരി ബറുവ പങ്കുവെച്ച വീഡിയോയിലാണ് വിവാദ പരാമർശങ്ങൾ ഉണ്ടായത്. വീഡിയോയിൽ അല്ലു അർജുനെ നേരിൽ കാണുമ്പോൾ കർശനമായ നിയമങ്ങൾ പാലിക്കണമെന്ന് തന്റെ ടീമിന് നിർദേശം നൽകിയിരുന്നുവെന്ന് കാവേരി അവകാശപ്പെട്ടു.

അല്ലു അർജുൻ, Photo: IMDb

അല്ലു അർജുനെ കാണുന്നതിന് മുമ്പ് 42 ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ ലിസ്റ്റ് ടീമിന് നൽകിയിരുന്നുവെന്നും, താരത്തിന്റെ കണ്ണുകളിലേക്ക് നോക്കരുത്, ഷേക്ക് ഹാൻഡ് കൊടുക്കരുത് തുടങ്ങിയ നിർദ്ദേശങ്ങളുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. കൂടാതെ, അല്ലു അർജുന് ഒന്നിലധികം മാനേജർമാരുണ്ടെന്ന അവകാശവാദവും അവർ ഉയർത്തി. ഈ പരാമർശങ്ങളാണ് സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായത്.

ക്ലിപ്പ് വൈറലായതോടെ പ്രേക്ഷകരിൽ നിന്ന് രൂക്ഷമായ വിമർശനങ്ങളാണ് താരത്തിനെതിരെ ഉയർന്നിരുന്നത്. പലരും താരത്തിന്റെ വിനയത്തെക്കുറിച്ചും മുൻ അനുഭവങ്ങളും ചൂണ്ടിക്കാട്ടി ആരോപണങ്ങളെ ചോദ്യം ചെയ്തു. വിവാദം ശക്തമായതോടെ അല്ലു അർജുന്റെ പി.ആർ ടീം ഔദ്യോഗികമായി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

വീഡിയോയിലെ ആരോപണങ്ങൾ പൂർണ്ണമായും അസത്യവും അടിസ്ഥാനരഹിതവുമാണെന്ന് ടീം വ്യക്തമാക്കി. അല്ലു അർജുൻ എപ്പോഴും എല്ലാവരോടും ബഹുമാനത്തോടെയും വിനയത്തോടെയുമാണ് പെരുമാറിയിട്ടുള്ളതെന്നും, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ടീം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊതുജനങ്ങളോടും മാധ്യമങ്ങളോടും അവർ അഭ്യർത്ഥിച്ചു.

ഇതിനിടെ കാവേരി ബറുവ തന്റെ ഇൻസ്റ്റാഗ്രാം, ലിങ്ക്ഡ്ഇൻ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തതും ചർച്ചയായി. വിവാദം അവസാനിച്ചിട്ടില്ലെങ്കിലും സെലിബ്രിറ്റികളുടെ സ്വകാര്യതയും പ്രൊഫഷണൽ ജീവിതവും സംബന്ധിച്ച വലിയ സംവാദങ്ങളിലേക്കാണ് ഈ സംഭവം വഴി തുറന്നിരിക്കുന്നത്.

Content Highlight: Allu Arjun’s team responds to the controversy against Allu Arjun

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.