| Saturday, 28th February 2026, 9:56 pm

മത്സരം അവസാനിക്കും മുമ്പ് തന്നെ ഒത്തുകളി ആരോപണം; സെമി ശ്രീലങ്കയില്‍ കിട്ടാനുള്ള ശ്രീലങ്കയുടെ തന്ത്രമെന്ന് സോഷ്യല്‍ മീഡിയ

ആദര്‍ശ് എം.കെ.

ഐ.സി.സി ടി-20 ലോകകപ്പിലെ സൂപ്പര്‍ 8 മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ 212 റണ്‍സുമായി പാകിസ്ഥാന്‍. പല്ലേക്കലെയില്‍ നടക്കുന്ന മത്സരത്തില്‍ ഓപ്പണര്‍മാരായ സാഹിബ്‌സാദ ഫര്‍ഹാന്റെയും ഫഖര്‍ സമാന്റെയും കരുത്തിലാണ് പാകിസ്ഥാന്‍ സ്‌കോര്‍ ഉയര്‍ത്തിയത്.

ഫര്‍ഹാന്‍ സെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ ഫഖര്‍ സമാന്‍ അര്‍ധ സെഞ്ച്വറിയുമായി മികച്ച പിന്തുണ നല്‍കി.

എന്നാല്‍ പാകിസ്ഥാന്‍ ഇന്നിങ്‌സിന് പിന്നാലെ ഒത്തുകളി ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ശ്രീലങ്ക പാകിസ്ഥാനോട് മനപ്പൂര്‍വം തോറ്റുകൊടുക്കാനുള്ള ശ്രമമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു കൂട്ടര്‍ അവകാശപ്പെടുന്നത്.

ശ്രീലങ്ക ഇതിനോടകം തന്നെ പുറത്തായതിനാല്‍ ടൂര്‍ണമെന്റിന്റെ ഒരു സെമി ഫൈനല്‍ ലങ്കന്‍ മണ്ണില്‍ നടക്കാനുള്ള ഏക പോംവഴി പാകിസ്ഥാനെ ടൂര്‍ണമെന്റില്‍ നിലനിര്‍ത്തുകയാണെന്നും ഇതിനായി ലങ്ക മോശം പ്രകടനം പുറത്തെടുത്തു എന്നുമാണ് ഇക്കൂട്ടര്‍ പറയുന്നത്.

സെമി ഫൈനല്‍ മത്സരത്തിന് ആതിഥേയത്വം വഹിച്ചാല്‍ കൂടുതല്‍ റവന്യൂ ലഭിക്കുമെന്നും ഇതാണ് ശ്രീലങ്കയെ ഇതിന് പ്രേരിപ്പിച്ചതെന്നുമാണ് ഇവരുടെ വാദം.

സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ ട്രോളുകളും പോസ്റ്റുകളും നിറഞ്ഞിട്ടുണ്ട്.

എന്നാല്‍ ഇതില്‍ ഒത്തുകളിയില്ലെന്ന് വാദിക്കുന്നവരും കുറവല്ല.

ലോകകപ്പിന്റെ സെമി ഫൈനല്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ ശ്രീലങ്കയ്‌ക്കെതിരെ കളത്തിലിറങ്ങിയത്. കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡ് ഇംഗ്ലണ്ടിനോട് തോറ്റതോടെ കിവികളുടെ നെറ്റ് റണ്‍ റേറ്റ് മറികടക്കുന്ന വിജയം സ്വന്തമാക്കിയാല്‍ പാകിസ്ഥാന്‍ ഗ്രൂപ്പ് 2ല്‍ നിന്നും സെമിയില്‍ പ്രവേശിക്കുന്ന രണ്ടാമത് ടീമാകാം.

65 റണ്‍സിന്റെ വിജയമെങ്കിലും നേടിയാല്‍ മാത്രമേ പാകിസ്ഥാന് സെമി ഫൈനല്‍ സ്വപ്‌നം കാണാന്‍ സാധിക്കൂ. ഇതിനായി ശ്രീലങ്ക 147 റണ്‍സിന് മുമ്പ് തന്നെ പുറത്താകുമെന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ തകൃതിയാണ്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് ഓപ്പണര്‍മാര്‍ ചേര്‍ന്ന് ഗംഭീര തുടക്കമാണ് സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ 176 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് സമാന്‍ – ഫര്‍ഹാന്‍ ദ്വയം പല്ലേക്കലയില്‍ വെടിക്കെട്ട് തീര്‍ത്തത്.

ഫഖര്‍ സമാന്‍ 42 പന്തില്‍ 84 റണ്‍സ് നേടിയപ്പോള്‍ 60 പന്തില്‍ നൂറ് റണ്‍സുമായാണ് ഫര്‍ഹാന്‍ മടങ്ങിയത്.

ശ്രീലങ്കയ്ക്കായി ദല്‍ഷന്‍ മധുശങ്ക മൂന്ന് വിക്കറ്റും ക്യാപ്റ്റന്‍ ദാസുന്‍ ഷണക രണ്ട് വിക്കറ്റും വീഴ്ത്തി. രണ്ട് താരങ്ങള്‍ റണ്‍ ഔട്ടായപ്പോള്‍ ദുഷ്മന്ത ചമീരയാണ് ശേഷിച്ച വിക്കറ്റെടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക പവര്‍പ്ലേ അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 49 എന്ന നിലയിലാണ്.

Content highlight: Allegations on social media that the Sri Lanka-Pakistan match in the Super 8s was fixed

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more