കൊച്ചി:മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ റോഷിപാലിന്റെ ‘അവള്‍ക്കൊപ്പം’ പുസ്തകത്തില്‍ കേരളത്തിലെ ഒരു ഉന്നത രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര വെളിപ്പെടുത്തല്‍. പുസ്തകത്തിലെ ‘ഉന്നത രാഷ്ട്രീയ നേതാവിന്റെ കപട മുഖം’ എന്ന അധ്യായത്തിലാണ് ഈ വെളിപ്പെടുത്തല്‍.
നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിവരങ്ങള്‍ പലതും പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകനാണ് റോഷിപാല്‍. ഈ കേസില്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് ഈ ഉന്നത രാഷ്ട്രീയ നേതാവ് സ്വീകരിച്ചതായി പുസ്തകത്തില്‍ പറയുന്നു.
വെള്ളക്കുപ്പായക്കാരന്‍ എന്നാണ് പുസ്തകത്തില്‍ ഈ നേതാവിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ശരീരഭാഷയിലും സംസാരത്തിലും ഈ നേതാവ് ഇരക്കൊപ്പമല്ല വേട്ടക്കാരനൊപ്പമാണെന്ന് സാമാന്യ ബോധമുള്ളവര്‍ക്ക് മനസിലാക്കാന്‍ കഴിയുമെന്നും ഈ അധ്യായത്തില്‍ പറയുന്നു.
കേസിലെ പ്രതിയുമായി ഈ നേതാവിനുള്ള ബന്ധങ്ങള്‍ നേരത്തെ അറിയാമായിരുന്നു. ഇത്തരം തരം താണ സമീപനം ഈ വെള്ളക്കുപ്പായക്കാരന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് താന്‍ കരുതിയില്ലെന്നും പുസ്തകത്തില്‍ റോഷിപാല്‍ പറയുന്നു.
‘നടിയെ ആക്രമിച്ച കേസ് എവിടെയുമെത്തില്ല. ഇത് കുറച്ചുദിവസം കഴിഞ്ഞാല്‍ എല്ലാവരും മറക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ ദിലീപിനെതിരെ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണ്,’ എന്നും രാഷ്ട്രീയ നേതാവ് പറഞ്ഞതായി പുസ്തകത്തില്‍ പറയുന്നു.
ബാലചന്ദ്രകുമാറിനെയും നേതാവ് കുറ്റപ്പെടുത്തി
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ ബാലചന്ദ്ര കുമാറിനെതിരെ ഈ നേതാവ് അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതായും പുസ്തകത്തില്‍ പറയുന്നു. ‘ബാലചന്ദ്ര കുമാര്‍ നല്ല തട്ടിപ്പുകാരനാണ്. അയാളെ വിശ്വസിക്കാന്‍ കഴിയില്ല,’ എന്നായിരുന്നു പരാമര്‍ശം.
ഈ പരാമര്‍ശം കേട്ട ശേഷം ബാലചന്ദ്രകുമാറിനെ അറിയാമോ എന്ന് രാഷ്ട്രീയ നേതാവിനോട് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടിയും ഈ പുസ്തത്തില്‍ റോഷിപാല്‍ നല്‍കിയിട്ടുണ്ട്. ‘നിങ്ങള്‍ ചെയ്ത അഭിമുഖം ഞാന്‍ കണ്ടു, ദൃശ്യങ്ങള്‍ കണ്ടപ്പോള്‍തന്നെ അയാള്‍ കള്ളനാണെന്ന് എനിക്കു മനസ്സിലായി,’ എന്നായിരുന്നു നേതാവിന്റെ മറുപടി.
ദൃശ്യങ്ങളിലൂടെ കള്ളന്മാരെ തിരിച്ചറിയാന്‍ കഴിയുന്ന അപാര കഴിവ് ഈ നേതാവിനുണ്ടെന്ന സത്യം ഞാന്‍ അപ്പോഴാണ് മനസ്സിലാക്കിയതെന്ന് മന്ത്രിയുടെ ഈ മറുപടിയെക്കുറിച്ച് റോഷിപാല്‍ തന്റെ പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്.
‘ബാലചന്ദ്രകുമാര്‍ ശക്തമായ തീരുമാനത്തോടെയാണ് വെളിപ്പെടുത്തല്‍ നടത്തിയതെന്ന എന്റെ വാദം ഈ നേതാവ് അംഗീകരിച്ചില്ല. പൊതുവേ ആരും പറയു ന്നത് അംഗീകരിക്കാത്ത ഒരു സ്വഭാവം ഇദ്ദേഹത്തിന് ഉണ്ടെന്ന് സഹപ്രവര്‍ത്തകരില്‍നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു,’ എന്നും പുസ്തകത്തില്‍ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ദിലീപിനോട് വൈരാഗ്യമെന്ന് നേതാവ്
‘കേസിലെ അന്വേഷണ ഉദ്യോഗസ്ഥരും സത്യസന്ധന്മാരല്ലെന്നാണ് നേതാവിന്റെ കണ്ടെത്തല്‍. അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ ദിലീപിന് എതിരേ വ്യക്തി വൈരാഗ്യം കാണിക്കുകയാണെന്നും ഈ ഉന്നത രാഷ്ട്രീയ നേതാവ് പറഞ്ഞു,’ എന്നും പുസ്തകത്തില്‍ പറയുന്നു.
‘ശരീരഭാഷയിലും സംസാര ത്തിലും ഈ നേതാവ് ഇരയൊപ്പമല്ല വേട്ടക്കാരനൊപ്പമാണെന്ന് തിരിച്ചറിയാന്‍ സാമാന്യബോധമുള്ളവര്‍ക്കു കഴിയും. അതു കൊണ്ടുതന്നെ സമയം നഷ്ടമാക്കാതെ ‘ഞങ്ങള്‍ അതിജീവി തയ്ക്ക് നീതി കിട്ടുംവരെ പോരാട്ടത്തില്‍ ഉണ്ടാകുമെന്ന്’ തറപ്പിച്ചു പറഞ്ഞ് അവിടെനിന്നും ഞാന്‍ ഇറങ്ങിപ്പോന്നു,’ എന്നും പുസ്തകത്തില്‍ പറയുന്നു.
നേതാവിന്റെ പേര് പുസ്തകത്തില്‍ തുറന്ന് പറയുന്നില്ല. എന്നാല്‍ ‘തല്‍ക്കാലം ഈ പ്രമുഖന്റെ പേര് ഞാന്‍ വെളിപ്പെടുത്തുന്നില്ല. ഈ മാന്യനെ കാലം തുറന്നുകാട്ടുമെന്ന് ഉറപ്പാണ്,’ എന്ന് പറഞ്ഞാണ് റോഷിപാല്‍ ഈ അധ്യായം അവസാനിപ്പിക്കുന്നത്.
Content Highlight: Allegation About Senior Kerala Leader In Avalkkoppam Book By Roshipal