2025ലെ ഏറ്റവും മികച്ച പുരുഷ ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയാണ് ഒസ്മാനെ ഡെംബലെ ലോകമെമ്പാടുമുള്ള ആരാധകരുടെ കയ്യടികളേറ്റുവാങ്ങിയത്. പി.എസ്.ജിയെ ട്രെബിള്‍ അടക്കം അഞ്ച് കിരീടത്തിലേക്ക് കൈപിടിച്ചുനടത്തിയതിന് പിന്നാലെയാണ് ഡെംബലയെ തേടി പുരസ്‌കാരമെത്തിയത്.
തുടര്‍ച്ചയായ പരിക്കുകള്‍ കാരണം ‘ഡെംബുലന്‍സ്’ എന്ന് വിളിച്ചവരെ കൊണ്ട് തന്നെ ‘ഡെംബുഡോര്‍’ എന്ന് പി.എസ്.ജിയുടെ ഫ്രഞ്ച് താരം തിരുത്തിവിളിപ്പിച്ചിരിക്കുകയാണ്. താരത്തിന്റെ കരിയറിലെ ആദ്യ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരമാണിത്.
ഒസ്മനെ ഡെംബലെ മാത്രമല്ല, മറ്റു ചില താരങ്ങളും ടീമുകളും പരിശീലകരും കഴിഞ്ഞ ദിവസം പുരസ്‌കാര നേട്ടത്തില്‍ തിളങ്ങിയിരുന്നു. ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ടത് ബാഴ്‌സലോണയുടെ ഐറ്റാന ബോണ്‍മാറ്റിയെ തന്നെയാണ്.
ഡെംബലെയുടെ പുരസ്‌കാരനേട്ടത്തെക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കുന്നതാണ് ബോണ്‍മാറ്റിയുടെ ബാലണ്‍ ഡി ഓര്‍ നേട്ടം. തുടര്‍ച്ചയായ മൂന്നാം തവണയാണ് കറ്റാലന്‍മാരുടെ രാജകുമാരി ബാലണ്‍ ഡി ഓറിന്റെ സുവര്‍ണ ഗോളത്തില്‍ മുത്തമിടുന്നത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ വനിതാ താരം കൂടിയാണ് ബോണ്‍മാറ്റി.
ഇതിന് പുറമെ ഏറ്റവുമധികം ബാലണ്‍ ഡി ഓര്‍ ഫെമിനിന്‍ പുരസ്‌കാരം നേടിയ താരമെന്ന നേട്ടവും ബോണ്‍മാറ്റി സ്വന്തമാക്കി. അലക്‌സ പുട്ടെയാസിനെ (രണ്ട് തവണ) മറികടന്നാണ് താരം ഈ നേട്ടത്തിലെത്തിയത്.
ഏറ്റവും മികച്ച പുരുഷ ടീമായി പി.എസ്.ജിയെ തെരഞ്ഞെടുത്തപ്പോള്‍ വനിതാ ടീമായി ആഴ്‌സണലും പുരസ്‌കാരം നേടി.
ഏറ്റവും മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി രണ്ടാം തവണയും ബാഴ്‌സ വണ്ടര്‍ കിഡ് ലാമിന്‍ യമാല്‍ തന്റെ പേരില്‍ കുറിച്ചപ്പോള്‍ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ക്കുള്ള ഗെര്‍ഡ് മുള്ളര്‍ ട്രോഫി സ്വീഡിഷ് സൂപ്പര്‍ താരം വിക്ടര്‍ ഗ്യോക്കറസും സ്വന്തമാക്കി.
ഏറ്റവും മികച്ച പുരുഷ ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം ഇറ്റാലിയന്‍ വന്‍മതില്‍ ജിയാന്‍ലൂജി ഡൊണാറൂമ തന്റെ പേരില്‍ കുറിച്ചു. ഇത് രണ്ടാം തവണയാണ് താരം യാഷിന്‍ ട്രോഫി സ്വന്തമാക്കുന്നത്. ഇതോടെ ഏറ്റവുമധികം തവണ ഈ പുരസ്‌കാര നേട്ടത്തിലെത്തുന്ന താരമെന്ന എമിലിയാനോ മാര്‍ട്ടീനസിന്റെ റെക്കോഡിനൊപ്പമെത്താനും ഡൊണറൂമ്മയ്ക്ക് സാധിച്ചു.