| Monday, 9th December 2024, 10:07 pm

ഗോള്‍ഡന്‍ ഗ്ലോബിലും തിളങ്ങാന്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പായല്‍ കപാഡിയ സംവിധാനം ചെയ്ത് കനി കുസൃതി, ദിവ്യ പ്രഭ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. ഈ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ പ്രി അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. ഈ നേട്ടത്തിലെത്തിയ ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്.

ഇപ്പോഴിതാ ചിത്രം ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിലും തിളങ്ങാന്‍ പോകുന്നു എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. മികച്ച നോണ്‍ ഇംഗ്ലീഷ് ചിത്രം, മികച്ച സംവിധായിക എന്നീ വിഭാഗങ്ങളിലാണ് ചിത്രം നോമിനേഷന്‍ നേടിയിരിക്കുന്നത്. ഓസ്‌കറിന് ശേഷം സിനിമാലോകത്തെ ഏറ്റവും പ്രശസ്തമായ അവാര്‍ഡാണ് ഗോള്‍ഡന്‍ ഗ്ലോബ്.

ഫ്രഞ്ച് ചിത്രം എമിലിയ പെരെസ്, ബ്രസീലിയന്‍ ചിത്രം ഐ ആം സ്റ്റില്‍ ഹിയര്‍, സ്വീഡിഷ് ചിത്രം ദ ഗേള്‍ വിത് എ നീഡില്‍, ജര്‍മന്‍ ചിത്രം ദ സീഡ് ഓഫ് എ സേക്രഡ് ഫിഗ്, ഇറ്റാലിയന്‍ ചിത്രം വെര്‍മീഗ്ലിയോ എന്നീ സിനിമകളാണ് നോണ്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ നോമിനേഷന്‍ നേടിയ മറ്റ് ചിത്രങ്ങള്‍.

ബ്രാഡി കോര്‍ബറ്റ് (ദി ബ്രൂട്ടലിസ്റ്റ്), ഫ്രഞ്ച് സംവിധായിക കൊരാലീ ഫാര്‍ജെ (ദ സബ്സ്റ്റന്‍സ്), എഡ്വാര്‍ഡ് ബെര്‍ജെര്‍ (ദ കോണ്‍ക്ലേവ്), ജാക്‌സ് ഓഡിയാര്‍ഡ് (എമിലിയ പെരെസ്), ഷോണ്‍ ബേക്കര്‍ (അനോര) എന്നിവരാണ് മികച്ച സംവിധായകര്‍ക്കുള്ള വിഭാഗത്തില്‍ പായല്‍ കപാഡിയക്കൊപ്പം മത്സരിക്കുന്നത്.

2024ലെ ഡ്രാമ, മ്യൂസിക്കല്‍/ കോമഡി, അനിമേഷന്‍, സീരീസ് എന്നിവക്ക് വെവ്വേറെയായാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. 2025 ജനുവരി അഞ്ചിനാണ് പുരസ്‌കാര പ്രഖ്യാപനം. സ്ലംഡോഗ് മില്യണയര്‍ എന്ന ഇന്ത്യന്‍- ഇംഗ്ലീഷ് ചിത്രത്തിലെ സംഗീതത്തിന് എ.ആര്‍ റഹ്‌മാന്‍ നേടിയ പുരസ്‌കാരമാണ് 81 വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് ചരിത്രത്തിലെ ഒരേയൊരു ഇന്ത്യന്‍ സാന്നിധ്യം. ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിലൂടെ വീണ്ടും ഗോള്‍ഡന്‍ ഗ്ലോബ് വേദിയില്‍ ഇന്ത്യന്‍ സാന്നിധ്യമുണ്ടാകുമോ എന്ന് കാണാനാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്.

Content Highlight: All We Imagine as Light nominated for Golden Globe Awards 2024

We use cookies to give you the best possible experience. Learn more