തുടരും എന്ന സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ ഒരിക്കലും മറക്കാത്ത ഒരു കഥാപാത്രമാണ് എസ്.ഐ ജോര്‍ജ്. പ്രകാശ് വര്‍മയെന്ന അഭിനേതാവല്ലാതെ മറ്റൊരു നടനെ ആ കഥാപാത്രത്തിലേക്ക് സങ്കില്‍പ്പിക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ അത്രയേറെ ഗംഭീരമായി ആ റോള്‍ അദ്ദേഹം ചെയ്തുവെച്ചിട്ടുണ്ട്.
പ്രകാശ് വര്‍മയിലേക്ക് താന്‍ എത്തിയതിനെ കുറിച്ചും സിനിമ തുടങ്ങുന്നതിന് മുന്‍പേ ആ കഥാപാത്രത്തിന്റെ രൂപം തന്റെ മനസില്‍ പതിഞ്ഞതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി.
ബാത്ത് റൂം ബ്രഷ് പോലെ മീശയുള്ള, കഷണ്ടിയുള്ള ഒരാളായിരുന്നു തന്റെ മനസിലെന്നും നിരവധി താരങ്ങളെ താന്‍ സമീപിച്ചിരുന്നെന്നും തരുണ്‍ പറയുന്നു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു തരുണ്‍.
‘ഞങ്ങള്‍ ശരിക്കും ആ റോള്‍ ചെയ്യാനായി അണ്‍ പ്രഡിക്ടബിള്‍ ആയ ഒരു ഫേസ് വേണം എന്ന് ആലോചിച്ചിരുന്നു. ലാലേട്ടനോട് ചോദിച്ചപ്പോള്‍ പുറത്തുനിന്ന് ആരേയെങ്കിലും കൊണ്ടുവന്നാലോ എന്ന് ചോദിച്ചു.
ഹിന്ദിയില്‍ നിന്നൊക്കെ ഉള്ള ആരെങ്കിലും. മലയാളത്തില്‍ നിന്ന് ഏതെങ്കിലും ഒരു തിയേറ്റര്‍ ആര്‍ടിസ്റ്റിനെ തപ്പി കണ്ടുപിടിക്കാമെന്ന് ഞാന്‍ പറഞ്ഞു. സമയം ഇല്ലല്ലോ നമ്മള്‍ എങ്ങനെ ചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു.
പുറത്തുനിന്ന് ആരെയെങ്കിലും കണ്ടുപിടിക്കാമെന്ന് പറഞ്ഞതിന്റെ ധൈര്യത്തിന്റെ പുറത്ത് രണ്ട് മൂന്ന് ആക്ടേഴ്‌സിനെ കണ്ട് അവരുമായി മീറ്റിങ് ഒക്കെ നടത്തി.
എന്റെ ഏക കണ്‍സേണ്‍ ഈ കഥാപാത്രം മലയാളം പറയണം എന്നതായിരുന്്‌നു. ഡബ്ബിങ് പടമാണെന്ന് തോന്നരുത്. വേറെ ഡബ്ബിങ് ആര്‍ടിസ്റ്റിനെ കൊണ്ട് ഡബ്ബ് ചെയ്യിക്കാതെ സ്വന്തമായി ഡബ്ബ് ചെയ്യുന്ന, ഭയങ്കര റോ ആയിട്ടുള്ള ഒരാള്‍ വേണം എന്നു പറഞ്ഞു.
നമ്മള്‍ ഈ കഥാപാത്രത്തിലേക്ക് സമീപിച്ച ആള്‍ക്കാരനൊക്കെ ചെയ്യാന്‍ റെഡിയായിരുന്നു. ഏത് സമയവും റെഡി ആണെന്നാണ് അവരൊക്കെ പറഞ്ഞത്.
പക്ഷേ എന്റെ മനസിലുള്ള ഒരു ആര്‍ടിസ്റ്റിനെ കിട്ടുന്നില്ല. പുതിയ ഒരാളെ കിട്ടുകയാണെങ്കില്‍ ആക്ട് ചെയ്യിച്ചെടുക്കുന്ന കാര്യം ഞാന്‍ ഏറ്റുവെന്ന് പറഞ്ഞിരുന്നു.
എനിക്ക് ഒരു രൂപം കിട്ടണം, കട്ടി മീശയൊക്കെയുള്ള കഷണ്ടിക്കാരനായ ഒരാള്‍. ഇത് ഞാന്‍ കോ റൈറ്റര്‍ സുനിലേട്ടനോട് പറഞ്ഞു. ഒരാളുണ്ട് പുളളി അഭിനയിക്കുമോ എന്നറിയില്ല എന്ന് പറഞ്ഞു.
അഭിനയിക്കാന്‍ ചാന്‍സില്ല, ഈ പറഞ്ഞ കഷണ്ടിയും കാര്യങ്ങളുമൊക്കെ ഉണ്ടെന്ന് പറഞ്ഞു. ഞാന്‍ പുള്ളിയോട് പറഞ്ഞത് നമ്മള്‍ ബാത്ത് റൂം തുടയ്ക്കണ ബ്രഷ് പോലത്തെ മീശവേണം എന്നൊക്കെയായിരുന്നു.
നമുക്ക് വേണമെങ്കില്‍ ഒന്ന് സംസാരിച്ചു നോക്കാമെന്ന് പറഞ്ഞു. ആ സമയത്ത് പുള്ളി മീശ നീട്ടിവളര്‍ത്തിയിരുന്നു. ഇത് ഞാന്‍ പ്രകാശേട്ടനോടും പറഞ്ഞിരുന്നു. സുനിലിന് ഫോട്ടോഗ്രാഫിയും യാത്രയുമായി ബന്ധപ്പെട്ട് എവിടെയോ ഒരു ഹൈ ബൈ റിലേഷന്‍ഷിപ്പുണ്ടായിരുന്നു പ്രകാശേട്ടനുമായിട്ട്. അങ്ങനെയാണ് കണക്ട് ചെയ്യുന്നത്,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.
Content Highlight: All those actors were ready to do SI George Character says Director Tharun Moorthy