192/0 എന്ന നിലയില്‍ നിന്നും 192 ഓള്‍ഔട്ടിലേക്ക്; ടീമിലെ എട്ട് പേരെയും ഡയമണ്ട് ഡക്കാക്കിയ രാജതന്ത്രം; ഈ തലച്ചോറിന് കയ്യടിക്കെടാ...
Sports News
192/0 എന്ന നിലയില്‍ നിന്നും 192 ഓള്‍ഔട്ടിലേക്ക്; ടീമിലെ എട്ട് പേരെയും ഡയമണ്ട് ഡക്കാക്കിയ രാജതന്ത്രം; ഈ തലച്ചോറിന് കയ്യടിക്കെടാ...
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 10th May 2025, 5:20 pm

ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്ല്‍ സ്ട്രാറ്റജിക്കാണ് ആരാധകര്‍ കയ്യടിക്കുന്നത്. ഐ.സി.സി വനിതാ ടി-20 ലോകകപ്പിന്റെ ഏഷ്യ റീജ്യണ്‍ ക്വാളിഫയറില്‍ തങ്ങളുടെ പത്ത് താരങ്ങളെയും റിട്ടയര്‍ഡ് ഔട്ടാക്കിയ യു.എ.ഇ വനിതാ ടീമിന്റെ തന്ത്രമാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്.

ഖത്തര്‍ വനിതാ ടീമിനെതിരായ മത്സരത്തിലാണ് ടീമിലെ പത്ത് താരങ്ങളും റിട്ടയര്‍ഡ് ഔട്ടായി മടങ്ങിയത്. ടീമിന്റെ ഈ തന്ത്രം വിജയിക്കുകയും യു.എ.ഇ 163 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കുകയുമായിരുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ 16 ഓവറില്‍ ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ 192 റണ്‍സിലെത്തിയിരുന്നു. ക്യാപ്റ്റന്‍ ഇഷ ഒസയുടെ സെഞ്ച്വറിയും തീര്‍ത്ഥ സതീഷിന്റെ അര്‍ധ സെഞ്ച്വറിയുമാണ് ടീമിനെ മികച്ച സ്‌കോറിലെത്തിച്ചത്.

16 ഓവര്‍ പിന്നിടുമ്പോള്‍ ഇഷ ഒസ 55 പന്തില്‍ 113 റണ്‍സും തീര്‍ത്ഥ സതീഷ് 42 പന്തില്‍ 74 റണ്‍സും നേടിയാണ് ക്രീസില്‍ നിലയുറപ്പിച്ചത്.

എന്നാല്‍ മത്സരം മഴയെടുക്കാനും പോയിന്റ് പങ്കുവെക്കാനും താത്പര്യമില്ലാതിരുന്ന യു.എ.ഇ പെട്ടെന്ന് തന്നെ ഇന്നിങ്‌സ് അവസാനിപ്പിക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു. ടി-20 ഫോര്‍മാറ്റില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ നിയമം അനുവദിക്കാത്ത സാഹചര്യത്തില്‍ എല്ലാ ബാറ്റര്‍മാരും ക്രീസിലെത്തി റിട്ടയര്‍ഡ് ഔട്ടായി മടങ്ങുകയായിരുന്നു.

ഇഷയ്ക്കും തീര്‍ത്ഥയ്ക്കും ശേഷം ക്രീസിലെത്തിയ എല്ലാ ബാറ്റര്‍മാരും ഒറ്റ പന്ത് പോലും നേരിടാതെ പൂജ്യത്തിന് പുറത്തായി.

ഇതോടെ 16 ഓവറില്‍ 192/0 എന്ന നിലയില്‍ നിന്നും 16 ഓവറില്‍ 192/10 എന്ന നിലയില്‍ യു.എ.ഇ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഖത്തര്‍ വെറും 29 റണ്‍സിന് ഓള്‍ ഔട്ടായി. ക്യാപ്റ്റന്‍ അയിഷയടക്കം ഏഴ് താരങ്ങളാണ് പൂജ്യത്തിന് പുറത്തായത്. 29 പന്തില്‍ 20 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാനോ ഇമ്മാനുവലാണ് ടോപ് സ്‌കോറര്‍.

ഏയ്ഞ്ചലിന്‍ മാര്‍ (ആറ് പന്തില്‍ അഞ്ച്) ഷഹ്‌റീന്‍ ബഹാദൂര്‍ (13 പന്തില്‍ രണ്ട്) എന്നിവരാണ് ഖത്തര്‍ നിരയില്‍ റണ്‍സ് കണ്ടെത്തിയ മറ്റ് താരങ്ങള്‍. ശേഷിച്ച രണ്ട് റണ്‍സാകട്ടെ എക്‌സട്രാസിലൂടെയാണ് പിറന്നത്.

യു.എ.ഇക്കായി മിഷേല്‍ ബോത മൂന്ന് വിക്കറ്റും കെയ്റ്റി തോംസണ്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. ഇന്ദുജ നന്ദകുമാര്‍, ക്യാപ്റ്റന്‍ ഇഷ ഒസ, ഹീന ഹൊട്ചാന്ദ്‌നി, വൈഷ്ണവി മഹേഷ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി ഖത്തറിന്റെ പതനം പൂര്‍ത്തിയാക്കി.

മോശം കാലാവസ്ഥ കാരണം മത്സരം ഉപേക്ഷിക്കപ്പെടാനും പോയിന്റ് പങ്കുവെക്കാനും കാത്തുനില്‍ക്കാതെ യു.എ.ഇ വിജയം സ്വന്തമാക്കുകയായിരുന്നു. ഈ വിജയത്തോടെ ഗ്രൂപ്പ് ബി-യില്‍ ഒന്നാമതെത്താനും ടി-20 ലോകകപ്പ് യോഗ്യതയിലേക്ക് ഒരടി കൂടി വെക്കാനും യു.എ.ഇക്കായി.

 

Content Highlight: All ten UAE players retired in the match against Qatar.