ഇവന്‍മാര്‍ക്ക് പ്രാന്താടാ... അല്ലാതെ ഇങ്ങനെ ഒക്കെ അടിക്കുമോ; ഓസീസിന്റെ 129 വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ത്തെറിഞ്ഞ് ഇന്ത്യയുടെ ചുണക്കുട്ടികള്‍
Sports News
ഇവന്‍മാര്‍ക്ക് പ്രാന്താടാ... അല്ലാതെ ഇങ്ങനെ ഒക്കെ അടിക്കുമോ; ഓസീസിന്റെ 129 വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ത്തെറിഞ്ഞ് ഇന്ത്യയുടെ ചുണക്കുട്ടികള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 9th June 2022, 2:44 pm

കഴിഞ്ഞ ദിവസം രഞ്ജി ട്രോഫിയില്‍ നടന്ന മത്സരം കണ്ട് ക്രിക്കറ്റ് ലോകം അന്തം വിട്ടിരിക്കുകയാണ്. ഇതൊക്കെ ആര് കണ്ടാലും അന്തം വിടും, അത്തരത്തിലൊരു റെക്കോഡാണ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ പിറന്നത്.

ബംഗാള്‍ – ജാര്‍ഖണ്ഡ് തമ്മില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലായിരുന്നു ഇത്തരത്തിലൊരു അസുലഭ റെക്കോഡ് പിറന്നത്. ബംഗാള്‍ നിരയില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ഒമ്പത് താരങ്ങളും അര്‍ധസെഞ്ച്വറി നേടിയ ശേഷമാണ് തിരികെയെത്തിയത്. രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ് ഇത്തരത്തിലൊരു സൂപ്പര്‍ റെക്കോഡ് പിറക്കുന്നത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 129 വര്‍ഷത്തിന് മുമ്പാണ് സമാനമായ റെക്കോഡ് പിറന്നത്. 1893ല്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മില്‍ പോര്‍ട്‌സ് മൗത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ എട്ട് ബാറ്റര്‍മാരായിരുന്നു അര്‍ധ സെഞ്ച്വറി നേടിയത്. ഈ റെക്കോഡാണ് ബംഗാളിന്റെ താരങ്ങള്‍ മറികടന്നത്.

ഓപ്പണറായി ഇറങ്ങിയ അഭിഷേക് രമണ്‍ മുതല്‍ ഒമ്പതാമനായി ഇറങ്ങിയ ആകാശ് ദീപ് വരെ 50 തികച്ചാണ് തിരികെയെത്തിയത്. ബംഗാളിന്റെ ബാറ്റര്‍മാരുടെ കരുത്തില്‍ ടീം ഉയര്‍ത്തിയ റണ്‍സാകട്ടെ 773ഉം. അവസാനം റണ്ണടിച്ചുമതിയായതുകൊണ്ടോ എന്തോ 773ല്‍ 7 വിക്കറ്റ് എന്ന നിലയില്‍ നില്‍ക്കവെ ടീം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

No description available.

മൂന്നാമനായി ഇറങ്ങിയ സുദീപ് ഗരാമിയാണ് ഇക്കൂട്ടത്തിലെ ടോപ് സ്‌കോറര്‍. 380 പന്തില്‍ നിന്നും 21 ഫോറും ഒരു സിക്‌സറുമടക്കം 186 റണ്‍സാണ് ഗരാമി അടിച്ചെടുത്തത്.

അഭിഷേക് രമണ്‍ – 61 (109)

അഭിമന്യു ഈശ്വരന്‍ – 65 (124)

സുദീപ് ഗരാമി – 186 (380)

എ. മജുംദാര്‍ – 117 (194)

മനോജ് തിവാരി – 73 (173)

അഭിഷേക് പോരല്‍ – 68 (111)

ഷഹബാസ് അഹമ്മദ് – 78 (124)

എസ്. മോണ്ഡല്‍ – 53* (85)

ആകാശ് ദീപ് – 53* (18)

ബാറ്റ് ചെയ്യാന്‍ ബാക്കിയുള്ളവര്‍

ഇഷാന്‍ പോരല്‍, മുകേഷ് കുമാര്‍

എന്നിങ്ങനെയായിരുന്നു ബംഗാളിന്റെ സ്‌കോര്‍ ബോര്‍ഡ്. എക്‌സ്ട്രാസ് മാത്രമാണ് ഇക്കൂട്ടത്തില്‍ ഹാഫ് സെഞ്ച്വറി നേടാതെ പോയത്. 19 റണ്‍സാണ് എക്‌സ്ട്രാസ് ഇനത്തില്‍ പിറന്നത്.

ഇതിന് പുറമെ മറ്റൊരു സൂപ്പര്‍ റെക്കോഡും മത്സരത്തില്‍ പിറന്നിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ വേഗതയേറിയ അര്‍ധസെഞ്ച്വറി നേടുന്ന താരത്തിനുള്ള റെക്കോഡായിരുന്നു ബംഗാളിന്റെ ആകാശ് ദീപ് സ്വന്തമാക്കിയത്.

18 പന്തില്‍ നിന്നുമായിരുന്നു താരത്തിന്റെ അര്‍ധ സെഞ്ച്വറി നേട്ടം. രഞ്ജി ട്രോഫിക്ക് മുമ്പായി ഐ.പി.എല്‍ കളിച്ചതിനാലാണോ എന്നറിയില്ല, ഫോര്‍മാറ്റ് മറന്ന പ്രകടനമായിരുന്നു ആകാശ് പുറത്തെടുത്തത്. ആകാശ് അടക്കമുള്ള താരങ്ങളുടെ ബലത്തിലാണ് ബംഗാള്‍ റണ്‍മല പടുത്തുയര്‍ത്തിയത്.

 

Content Highlight: All nine batters in Bengal Team scores Half Century against Jharkhand in Renji Trophy