ടെസ്റ്റ് ചാമ്പ്യന്‍മാര്‍ സൗത്ത് ആഫ്രിക്ക, ടി-20 ലോകകപ്പുമായി ന്യൂസിലാന്‍ഡ്; നിലവില്‍ മൂന്ന് കിരീടം ഇന്ത്യയ്ക്കും മൂന്നെണ്ണം ഓസ്‌ട്രേലിയക്കും
Sports News
ടെസ്റ്റ് ചാമ്പ്യന്‍മാര്‍ സൗത്ത് ആഫ്രിക്ക, ടി-20 ലോകകപ്പുമായി ന്യൂസിലാന്‍ഡ്; നിലവില്‍ മൂന്ന് കിരീടം ഇന്ത്യയ്ക്കും മൂന്നെണ്ണം ഓസ്‌ട്രേലിയക്കും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 18th June 2025, 8:35 pm

 

ഐ.സി.സി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയെ തകര്‍ത്ത് തെംബ ബാവുമയുടെ സൗത്ത് ആഫ്രിക്ക കിരീടമണിഞ്ഞിരുന്നു. ഏറെ നാളുകളായി ആരാധകര്‍ കാത്തിരുന്ന കിരീടമാണ് ലോര്‍ഡ്സില്‍ പ്രോട്ടിയാസ് ശിരസിലണിഞ്ഞത്.

കിരീടത്തിനരികിലേക്ക് ഓടിയെത്തി, കപ്പിനും ചുണ്ടിനും ഇടയില്‍ വിജയം നഷ്ടപ്പെടുത്തുന്ന ചോക്കേഴ്സ് എന്ന പരിഹാസങ്ങള്‍ക്കും സൗത്ത് ആഫ്രിക്ക അന്ത്യം കുറിച്ചിരുന്നു.

സൗത്ത് ആഫ്രിക്കയുടെ ക്രിക്കറ്റ് ചരിത്രത്തിലെ മൂന്നാം ഐ.സി.സി കിരീടമാണ് തെംബ ബാവുമയും സംഘവും സ്വന്തമാക്കിയത്.

നിലവില്‍ സൗത്ത് ആഫ്രിക്കയുടെ ഏക ഐ.സി.സി കിരീടമാണിത്. അതേസമയം, ഇന്ത്യയും ഓസ്‌ട്രേലിയയും മൂന്ന് കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ന്യൂസിലാന്‍ഡിന്റെ പേരിലാണ് ശേഷിച്ച ഐ.സി.സി കിരീടമുള്ളത്.

നിലവിലെ ഓരോ ഐ.സി.സി കിരീടജേതാക്കളെയും പരിശോധിക്കാം

 

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് – സൗത്ത് ആഫ്രിക്ക

കരുത്തരായ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാണ് പ്രോട്ടിയാസ് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ചൂടിയത്. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ ഏയ്ഡന്‍ മര്‍ക്രം, ക്യാപ്റ്റന്‍ തെംബ ബാവുമ, കഗീസോ റബാദ എന്നിവരുടെ മികവിലാണ് സൗത്ത് ആഫ്രിക്ക വിജയം സ്വന്തമാക്കിയത്.

ഐ.സി.സി ഏകദിന ലോകകപ്പ് (പുരുഷന്‍) – ഓസ്‌ട്രേലിയ

ഇന്ത്യ ആതിഥേയത്വം വഹിച്ച 2023 ലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയ കിരീട ജേതാക്കളായത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം. ഇത് ആറാം തവണയാണ് ഓസീസ് ഏകദിന ലോകകപ്പ് സ്വന്തമാക്കുന്നത്.

ഐ.സി.സി ഏകദിന ലോകകപ്പ് (വനിതകള്‍) – ഓസ്‌ട്രേലിയ

2022ലാണ് അവസാനമായി ഐ.സി.സി ഏകദിന വനിതാ ലോകകപ്പ് അരങ്ങേറിയത്. ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ഓസീസ് വനിതകള്‍ തങ്ങളുടെ ഏഴാം ഏകദിന ലോകകിരീടം കങ്കാരുക്കളുടെ മണ്ണിലെത്തിച്ചു. ഓസീസ് ലെജന്‍ഡ് അലീസ ഹീലിയുടെ സെഞ്ച്വറി കരുത്തിലാണ് ഓസീസ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി കിരീടമണിഞ്ഞത്.

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി – ഇന്ത്യ

2025ല്‍ തങ്ങളുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടവുമായാണ് ഇന്ത്യ തങ്ങളുടെ ട്രോഫി ക്യാബിന്‍ സമ്പന്നമാക്കിയത്. ഇതോടെ ഏറ്റവുമധികം ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കുന്ന ടീമായും ഇന്ത്യ മാറിയിരുന്നു. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന് ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ വിജയം.

ടി-20 ലോകകപ്പ് (പുരുഷന്‍) – ഇന്ത്യ

2024ല്‍ അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും സംയുക്തമായി ആതിഥേയരായ ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കുട്ടിക്രിക്കറ്റിന്റെ നെറുകയിലെത്തിയത്. 2013ലെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ശേഷം ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ആദ്യ കിരീടമാണിത്.

ഈ വിജയത്തോടെ വെസ്റ്റ് ഇന്‍ഡീസിനും ഇംഗ്ലണ്ടിനും ശേഷം കിരീടനേട്ടം ആവര്‍ത്തിക്കുന്ന ടീമായി മാറാനും ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.

ടി-20 ലോകകപ്പ് (വനിതകള്‍) – ന്യൂസിലാന്‍ഡ്

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സൗത്ത് ആഫ്രിക്കയെ 32 റണ്‍സിന് തകര്‍ത്താണ് ന്യൂസിലാന്‍ഡ് ടി-20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടി-20 കിരീടവും വനിതാ ക്രിക്കറ്റിലെ രണ്ടാം കിരീടവുമായിരുന്നു ഇത്. ദുബായില്‍ നടന്ന കിരീടപ്പോരാട്ടത്തില്‍ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 159 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

അണ്ടര്‍ 19 ലോകകപ്പ് (പുരുഷന്‍) – ഓസ്‌ട്രേലിയ

അഞ്ച് തവണ ലോകകിരീടം നേടിയ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയന്‍ കൗമാര താരങ്ങളാണ് 2024ലെ അണ്ടര്‍ 19 ലോകകപ്പ് സ്വന്തമാക്കിയത്. സൗത്ത് ആഫ്രിക്കയിലെ വില്ലോമൂറില്‍ നടന്ന മത്സരത്തില്‍ 79 റണ്‍സിനായിരുന്നു കുട്ടിക്കങ്കാരുക്കളുടെ വിജയം. ഓസ്‌ട്രേലിയയുടെ നാലാം അണ്ടര്‍ 19 ലോകകിരീടമാണിത്.

അണ്ടര്‍ 19 ടി-20 ലോകകപ്പ് (വനിതകള്‍) – ഇന്ത്യ

ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇന്ത്യയുടെ ഭാവി താരങ്ങള്‍ അണ്ടര്‍ 19 വനിതാ ടി-20 ലോകകപ്പില്‍ മുത്തമിട്ടത്. നിക്കി പ്രസാദിന്റെ നേതൃത്വത്തിലിറങ്ങിയ കൗമാര സംഘം കിരീടപ്പോരാട്ടത്തില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ലോകചാമ്പ്യന്‍മാരായത്.

ഇതുവരെ രണ്ട് തവണയാണ് അണ്ടര്‍ 19 വനിതാ ടി-20 ലോകകപ്പ് നടന്നിട്ടുള്ളത്. ഇതില്‍ രണ്ടിലും ഇന്ത്യയാണ് ലോകചാമ്പ്യന്‍മാരായത് എന്നതാണ് രസകരമായ മറ്റൊരു വസ്തുത. ഷെഫാലി വര്‍മയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ പ്രഥമ അണ്ടര്‍ 19 വനിതാ ടി-20 ലോകകപ്പ് ജേതാക്കളായത്.

 

Content Highlight: All current ICC Championship winners