തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്രോത്സവത്തില്‍ നിന്നും പ്രദര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയ മുഴുവന്‍ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുമെന്ന് ഐ.എഫ്.എഫ്.കെ ഫെസ്റ്റിവല്‍ ഡയറക്ടറും ചെയര്‍പേഴ്‌സണുമായ റസൂല്‍ പൂക്കുട്ടി. സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്.
ഫലസ്തീന്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമകളുടെയും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന സിനിമകളുടെയും പ്രദര്‍ശനം കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് വിലക്കിയിരുന്നു. 19 സിനിമകള്‍ക്കാണ് പ്രദര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി 11 സിനിമകളുടെ പ്രദര്‍ശനം മുടങ്ങിയതോടെയാണ് ചര്‍ച്ചകള്‍ ഉയര്‍ന്നത്.
സംഭവത്തില്‍ ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ കടുത്ത പ്രതിഷേധം അറിയിച്ചതോടെ നാല് സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയിരുന്നു. എങ്കിലും ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ലഭിച്ച അബ്ദു റഹ്‌മായ സിസോക്കോയുടെ ടിംബക്ടൂ ഡോക്യുമെന്ററി, ബാറ്റില്‍ഷിപ്പ് പൊട്ടംകീന്‍, സ്പാനിഷ് ചിത്രമായ ബീഫ് തുടങ്ങിയ 15 സിനിമകളുടെ പ്രദര്‍ശനത്തെ കുറിച്ച് തീരുമാനമെടുത്തിരുന്നില്ല.
എന്നാല്‍ സംസ്ഥാന സര്‍ക്കാരും ചലച്ചിത്ര വകുപ്പും മുന്‍കയ്യെടുത്ത് വിലക്കേര്‍പ്പെടുത്തിയ മുഴുവന്‍ സിനിമകള്‍ക്കും പ്രദര്‍ശനാനുമതി നല്‍കുകയായിരുന്നു. വണ്‍സ് അപ് ഓണ്‍ എ ടൈം ഇന്‍ ഗസ, ബീഫ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ വിലക്കാണ് നീക്കിയതിനാല്‍ വരും ദിവസങ്ങളില്‍ പ്രദര്‍ശനമുണ്ടാകും.
സാംസ്‌കാരിക, ചലച്ചിത്ര വകുപ്പ് മന്ത്രി സജി ചെയറിയാന്‍ വിഷയത്തില്‍ ഗൗരവകരമായ ഇടപെടല്‍ നടത്തിയെന്നും സിനിമാ പ്രദര്‍ശനത്തിന് വഴിയൊരുക്കിയത് ഈ നടപടിയാണെന്നും നടനും സംവിധായകനുമായ മധുപാല്‍ പ്രതികരിച്ചു.
മുമ്പ് ഇത്തരത്തിലുള്ള നടപടികള്‍ ഉണ്ടായപ്പോഴും ധീരമായ നിലപാടാണ് സര്‍ക്കാരെടുത്തത്. ഇപ്പോഴും അതുതന്നെയാണ് തുടരുന്നത്. ഭയപ്പെട്ട് പിന്മാറിയാല്‍ ഫെസ്റ്റിവലിനെ ബാധിക്കും. അതുകൊണ്ട് ഭയമല്ല വേണ്ടത്. ജനങ്ങള്‍ സിനിമ കണ്ട് വിലയിരുത്തട്ടെയെന്നും മധുപാല്‍ പറയുന്നു.
ചില സിനിമകള്‍ ജനങ്ങളെ കാണിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് ഭയം കാരണമാണ്. അല്ലെങ്കില്‍ ഈ സിനിമകളെന്താണ് എന്ന് മനസിലാക്കാനുള്ള വിവരമില്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
സംവിധായകന്‍ കമലും സര്‍ക്കാര്‍ നടപടിയെ പ്രശംസിച്ചു. റഷ്യന്‍ വിപ്ലവത്തെ കുറിച്ച് പറയുന്ന സിനിമയായ ബാറ്റില്‍ഷിപ്പ് പൊട്ടെംകീന്‍ കമ്മ്യൂണിസ്റ്റ് അനുകൂല സിനിമയാണെന്ന് കരുതിയായിരിക്കാം വിലക്കിയതെന്നും കേന്ദ്രത്തിന്റെത് ഫാസിസ്റ്റ് നടപടിയാണെന്നും കമല്‍ വിമര്‍ശിച്ചു.
വിവിധ കാറ്റഗറികളിലായി 150ലധികം സിനിമകളാണ് ഈ വര്‍ഷത്തെ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ഐ.എഫ്.എഫ്.കെ ഇന്ത്യയിലെ മികച്ച ചലച്ചിത്രോത്സവങ്ങളിലൊന്നാണ്. രണ്ടായിരത്തിലധികം ഡെലഗേറ്റുകളാണ് വിവിധ കോണുകളില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്താറുള്ളത്.
Content Highlight: All 19 banned films will be screened at IFFK: Kerala Government