| Monday, 23rd December 2024, 4:59 pm

ജീവിതം കൈയില്‍ പിടിച്ചാണ് ജോജു ആ സിനിമ ചെയ്തത്, ആ അവസ്ഥയില്‍ അവന്‍ യുക്തിയും ലോജിക്കും നോക്കാതെയേ പ്രതികരിക്കൂ:അലക്‌സാണ്ടര്‍ പ്രശാന്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജോജു ജോര്‍ജ് ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ ചിത്രമായിരുന്നു പണി. ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയ സിനിമയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും ഉയര്‍ന്നിരുന്നു. ചിത്രത്തിന്റെ പ്രസക്തഭാഗങ്ങളടക്കം വിശദീകരിച്ച് റിവ്യൂ ചെയ്തയാളെ ജോജു ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തിയത് വലിയ വാര്‍ത്തയായി മാറി. ഈ വിവാദത്തില്‍ പ്രതികരിക്കുകയാണ് നടന്‍ അലക്‌സാണ്ടര്‍ പ്രശാന്ത്.

ജോജു അയാളുടെ ജീവിതം കൈയില്‍ പിടിച്ചാണ് ആ ചിത്രം പൂര്‍ത്തിയാക്കിയതെന്ന് പ്രശാന്ത് പറഞ്ഞു. ആ സിനിമ വര്‍ക്കായില്ലെങ്കില്‍ തന്റെ ജീവിതം തീരുമെന്നും സമ്പാദ്യം മുഴുവന്‍ കൈവിട്ടുപോകുമെന്നും ജോജു തന്നോട് പറഞ്ഞിരുന്നെന്ന് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. അങ്ങനെ ഒരു അവസ്ഥയില്‍ നിന്ന ജോജു ആ റിവ്യൂ കണ്ടപ്പോള്‍ യുക്തിയും ലോജിക്കും നോക്കാതെയേ പ്രതികരിക്കുള്ളൂവെന്ന് പ്രശാന്ത് പറഞ്ഞു.

ആ റിവ്യൂ ചെയ്തയാള്‍ക്ക് ഒരു സ്‌പോയിലര്‍ അലര്‍ട്ട് വെച്ചാല്‍ തീരാവുന്ന പ്രശ്‌നമേ ഉണ്ടായിരുന്നുള്ളൂവെന്നും അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇതൊന്നും ഉണ്ടാവില്ലായിരുന്നെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. അങ്ങനെ ചെയ്യേണ്ടതാണ് മാന്യതയെന്നും ഗവേഷണ വിദ്യാര്‍ത്ഥിയെന്ന് പറയുന്നയാള്‍ക്ക് വേറെ പല ഉദ്ദേശങ്ങളും ഉണ്ടായിരുന്നിരിക്കാമെന്നും പ്രശാന്ത് പറഞ്ഞു.ആര്‍ക്കും റിവ്യൂ പറയാമെന്നും എന്നാല്‍ സിനിമയുടെ പ്രധാന ഭാഗങ്ങള്‍ പറയുമ്പോള്‍ സ്‌പോയിലര്‍ പറയാത്തത് വേറെ ഉദ്ദേശം കൊണ്ടായിരിക്കാമെന്നും പ്രശാന്ത് പറഞ്ഞു.

ജോജുവുമായുള്ള സംഭാഷണത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ സമൂഹം കേട്ടുള്ളൂവെന്നും ആദ്യം മുതലുള്ള ഭാഗത്തില്‍ ചിലപ്പോള്‍ മാന്യമായ സംഭാഷണമായിരിക്കുമെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. രണ്ട് പേര്‍ തമ്മിലുള്ള സംഭാഷണം പബ്ലിക് പ്ലാറ്റ്‌ഫോമില്‍ ഷെയര്‍ ചെയ്യുമ്പോള്‍ ജോജുവിന്റെ അനുവാദം വാങ്ങണമെന്ന മര്യാദ അയാള്‍ കാണിച്ചില്ലെന്നും പ്രശാന്ത് പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു പ്രശാന്ത് അലക്‌സാണ്ടര്‍.

‘ജീവിതം കൈയില്‍ പിടിച്ചിട്ടാണ് ജോജു ആ സിനിമ ചെയ്തത്. അവന്‍ പലപ്പോഴും എന്റെയടുത്ത് പറഞ്ഞിട്ടുണ്ട്, ‘എടാ, എന്റെ എല്ലാ സമ്പാദ്യവും ഇതില്‍ ഇട്ടിരിക്കുകയാണ്. ഇത് പാളിയാല്‍ എന്റെ എല്ലാം പോകും’ എന്ന്. അപ്പോള്‍ അത്രയും എഫര്‍ട്ട് എടുത്ത് നിന്ന സമയത്ത് അതുപോലൊരു പോസ്റ്റ് കാണുമ്പോള്‍ ലോജിക്കും യുക്തിയും നോക്കാതെയേ പ്രതികരിക്കുള്ളൂ.

ആ റിവ്യൂ ചെയ്തയാള്‍ ഒരു സ്‌പോയിലര്‍ അലര്‍ട്ട് ഇട്ടാല്‍ തീരാവുന്ന പ്രശ്‌നമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇതൊന്നും വരില്ലായിരുന്നു. അതാണ് മാന്യത. ഗവേഷണ വിദ്യാര്‍ത്ഥിയെന്ന് പറയുന്നയാള്‍ക്ക് അങ്ങനൊരു കാര്യം ചെയ്യാന്‍ പറ്റാത്തതുകൊണ്ട് അയാളുടെ ഉദ്ദേശം വേറെയായിരിക്കാം. റിവ്യൂ ആര്‍ക്ക് വേണമെങ്കിലും പറയാം. പക്ഷേ, സിനിമയുടെ പ്രസക്ത ഭാഗങ്ങള്‍ പറയുമ്പോള്‍ സ്‌പോയിലര്‍ ഇടേണ്ടതാണ്.

അതിലേക്ക് ജോജു പോയി പെട്ടതാണ്. മാത്രമല്ല, അവര്‍ തമ്മിലുള്ള സംഭാഷണത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ നമ്മള്‍ കേട്ടിട്ടുള്ളൂ. അതിന്റെ തുടക്കത്തില്‍ മാന്യമായിട്ട് സംസാരിച്ചിട്ടുണ്ടാകാം. മാത്രമല്ല, രണ്ടുപേര്‍ തമ്മിലുള്ള സ്വകാര്യസംഭാഷണം ഒരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അപ്പുറത്തുള്ള ആളുടെ അനുവാദം വാങ്ങണമെന്ന മാന്യതയും അയാള്‍ കാണിച്ചിട്ടില്ല,’ പ്രശാന്ത് അലക്‌സാണ്ടര്‍ പറയുന്നു.

Content Highlight: Alexander Prasanth reacts to the Pani movie controversy

Latest Stories

We use cookies to give you the best possible experience. Learn more