കളിക്കുന്നത് പുറകിൽ, റെക്കോഡിൽ മുന്നിൽ; യൂറോപ്പ്യൻ ടോപ് ഫൈവ് ലീഗിൽ ഒന്നാമൻ
Football
കളിക്കുന്നത് പുറകിൽ, റെക്കോഡിൽ മുന്നിൽ; യൂറോപ്പ്യൻ ടോപ് ഫൈവ് ലീഗിൽ ഒന്നാമൻ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 21st January 2024, 12:32 pm

ബുണ്ടസ്ലീഗയില്‍ ബയെര്‍ ലെവര്‍കൂസന് ആവേശകരമായ വിജയം. ആര്‍.ബി ലെപ്സിക്കിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലെവര്‍ക്കൂസന്‍ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ലെവര്‍കൂസന് വേണ്ടി സ്പാനിഷ് താരം അലക്‌സ് ഗ്രിമാല്‍ഡോ രണ്ട് അസിസ്റ്റ് നേടി മികച്ച പ്രകടനമാണ് ഗ്രിമാല്‍ഡോ നടത്തിയത്. ഇതിന് പിന്നാലെ ഒരു ഒരു റെക്കോഡ് നേട്ടമാണ് സ്പാനിഷ് താരത്തെ തേടിയെത്തിയത്.

യൂറോപ്യന്‍ ടോപ്പ് ഫൈവ് ലീഗില്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടുന്ന താരമായി മാറാനും അലക്‌സ് ഗ്രിമാല്‍ഡോക്ക് സാധിച്ചു. എട്ട് അസിസ്റ്റുകളാണ് സ്പാനിഷ് താരം ജര്‍മന്‍ ക്ലബ്ബിനൊപ്പം ഈ സീസണില്‍ നേടിയത്.

യൂറോപ്പ്യന്‍ ടോപ്പ് ഫൈവ് ലീഗില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയ ഡിഫന്‍ഡര്‍മാര്‍

(താരം, അസിസ്റ്റ് എന്നീ ക്രമത്തില്‍)

അലക്‌സ് ഗ്രിമാല്‍ഡോ-8

പെഡ്രൊ പോറോ-7

കിറോണ്‍ ട്രിപ്പിയര്‍-7

ജെറെമീ ഫ്രിപൊങ്-6

ഫ്രാങ്ക് ഹോനോറാട്ട്-6

ബെനിഫിക്കയില്‍ നിന്നും 2023ലാണ് ഗ്രിമാല്‍ഡോ ലെവര്‍കൂസനില്‍ എത്തുന്നത്. ജര്‍മന്‍ ക്ലബ്ബിനൊപ്പം 28 മത്സരങ്ങളില്‍ നിന്നും ഒമ്പത് ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് ഗ്രിമാല്‍ഡോ നേടിയത്.

അതേസമയം ലെപ്സിക്കിന്റെ ഹോം ഗ്രൗണ്ടായ റെഡ്ബുള്‍ അറീനയില്‍ നടന്ന മത്സരത്തില്‍ 4-2-2-2 എന്ന ഫോര്‍മേഷനിലായിരുന്നു ആതിഥേയര്‍ കളത്തിലിറങ്ങിയത്. മറുഭാഗത്ത് 3-4-2-1 എന്ന ശൈലിയുമായിരുന്നു ലെവര്‍ക്കൂസന്‍ പിന്തുടര്‍ന്നത്.

മത്സരത്തിന്റെ ഏഴാം മിനിട്ടില്‍ സാവി സിമോണ്‍സിലൂടെ ആര്‍.ബി ലെപ്സിക്കാണ് ആദ്യം ലീഡ് നേടിയത്. ഒടുവില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന് ആതിഥേയര്‍ മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ മത്സരം കൂടുതല്‍ ആവേശകരമായി മാറുകയായിരുന്നു. 47ാം മിനിട്ടില്‍ നഥാന്‍ ടെല്ലയിലൂടെ ലെവര്‍ക്കൂസന്‍ മറുപടി ഗോള്‍ നേടി. 56ാം മിനിട്ടില്‍ ലോയിസ് പെണ്ടയിലൂടെ ആതിഥേയര്‍ വീണ്ടും മുന്നിലെത്തി. 63ാം മിനിട്ടില്‍ ജോനാഥാന്‍ തായിലൂടെ സന്ദര്‍ശകര്‍ വീണ്ടും ഒപ്പം പിടിച്ചു.

ഒടുവില്‍ മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ പിയെറൊ ഹിന്‍കാപിളിലൂടെ ലെവര്‍ക്കൂസന്‍ വിജയഗോള്‍ നേടുകയായിരുന്നു.

ജയത്തോടെ ബുണ്ടസ്ലീഗയില്‍ 18 മത്സരങ്ങളില്‍ നിന്നും 15 വിജയവും മൂന്ന് സമനിലയും അടക്കം 48 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബയെര്‍ ലെവര്‍കൂസന്‍. ബുണ്ടസ്ലീഗയില്‍ ജനുവരി 27ന് ബൊറൂസിയ മൊഞ്ചന്‍ഗ്ലാഡ്ബാച്ചിനെതിരെയാണ് ലെവര്‍ക്കൂസന്റെ അടുത്ത മത്സരം.

Content Highlight: Alex Grimaldo create a new record.