| Saturday, 7th February 2026, 11:20 am

ഗാലറി നിറയെ 7; റൊണാള്‍ഡോക്ക് പിന്തുണയുമായി അല്‍ നസര്‍ ആരാധകര്‍

ഫസീഹ പി.സി.

സൗദി പ്രൊ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കളത്തിലിറങ്ങാതെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കഴിഞ്ഞ ദിവസം അല്‍ ഇത്തിഹാദിനെതിരെയുള്ള മത്സരത്തിലും താരം അല്‍ ഹിലാലിനൊപ്പമുണ്ടായിരുന്നില്ല. നേരത്തെ, അല്‍ റിയാദിനെതിരെയും താരം കളിച്ചിരുന്നില്ല.

റൊണാള്‍ഡോ മത്സരത്തിന് എത്തിയിരുന്നില്ലെങ്കിലും താരത്തിന് പിന്തുണയുമായി ആരാധകര്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം നടന്ന അല്‍ നസര്‍ – അല്‍ ഇത്തിഹാദ് മത്സരത്തിനിടെയാണ് ആരാധകര്‍ തങ്ങളുടെ പിന്തുണ അറിയിച്ചത്.

മത്സരത്തിനായി റൊണാള്‍ഡോയുടെ ജേഴ്‌സി നമ്പറായ ഏഴ് എന്ന് എഴുതിയ കാര്‍ഡുകളുമായാണ് അല്‍ നസര്‍ ആരാധകര്‍ എത്തിയത്. ഇത്തരം കാര്‍ഡുമായി എത്തിയ ആരാധകരാണ് അല്‍ അവ്വല്‍ പാര്‍ക്ക് സ്റ്റേഡിയത്തിന്റെ ഗാലറി മുഴുവനുമുണ്ടായിരുന്നത്.

ഇതിന്റെ വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മത്സരത്തിനിടെ ഏഴ് എന്നെഴുതിയ കാര്‍ഡുകള്‍ ആരാധകര്‍ ഉയര്‍ത്തി കാണിക്കുന്നത് ഈ ദൃശ്യങ്ങളില്‍ കാണാം. മത്സരത്തിന്റെ ഏഴാം മിനിട്ടിലായിരുന്നു ആരാധകര്‍ ‘ഏഴ്’ എന്ന കാര്‍ഡ് ഉയര്‍ത്തികാണിച്ചത്.

ആരാധകര്‍ക്ക് പുറമെ അല്‍ നസര്‍ താരമായ ആഞ്ചലോ ഗബ്രിയേലും റൊണാള്‍ഡോയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തി. റോണോയുടെ ബെഞ്ച്മാര്‍ക്ക് സെലിബ്രേഷനായ സൂയി കാണിച്ചാണ് താരം തന്റെ ഗോള്‍ ആഘോഷിച്ചത്. ടീമിനായി 90+ 6 മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. Photo: World Soccer Talk.com

സൗദി പ്രൊ ലീഗിലെ സമീപകാല ട്രാന്‍സ്ഫറുകളില്‍ ക്രിസ്റ്റ്യാനോ അതൃപ്തനാണെന്നും അതിനാലാണ് താരം കളിക്കാന്‍ ഇറങ്ങാത്തെതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ മറ്റ് ക്ലബ്ബുകള്‍ മികച്ച ട്രാന്‍സ്ഫറുകള്‍ നടത്തിയെന്നാണ് താരം വിശ്വസിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

അല്‍ നസര്‍, അല്‍ ഹിലാല്‍, അല്‍ ഇത്തിഹാദ് എന്നീ ടീമുകളുടെ ഉടമസ്ഥാവകാശം സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാണ് (പി.ഐ. എഫ്).

ട്രാന്‍സ്ഫറുകളിലെ അതൃപ്തിയാണ് റൊണാള്‍ഡോ കളിക്കാത്തതിന് കാരണമെന്ന് പറയുന്നുണ്ടെങ്കിലും താരം ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Content Highlight: Al Nassr fans show their support to Cristiano Ronaldo

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more