| Thursday, 23rd April 2026, 5:00 pm

സൗദിയില്‍ മുങ്ങാതെ റൊണാള്‍ഡോയുടെ പടക്കപ്പല്‍; ചരിത്രം തിരുത്തി അല്‍ നസര്‍

Sudev A

എ.എഫ്.സി സൂപ്പര്‍ കപ്പിന്റെ ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് അല്‍ നസര്‍. സെമി ഫൈനലില്‍ അല്‍ അഹ്‌ലി എഫ്.സിയെ 5-1ന് തകര്‍ത്താണ് സൗദി വമ്പന്മാര്‍ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. ഈ സീസണില്‍ അപരാജിതമായ കുതിപ്പ് തുടരുന്ന അല്‍ നസര്‍ സ്വന്തം ചരിത്രം തന്നെ തിരുത്തിക്കുറിച്ചിരിക്കുകയാണ്. അല്‍ നസറിന്റെ ഏറ്റവും വലിയ വിന്നിങ് സ്ട്രീക്കാണിത്. 19 മത്സരങ്ങളിലാണ് അല്‍ നസര്‍ ഇതുവരെ തോല്‍വിയറിയാതെ മുന്നേറിയിരിക്കുന്നത്.

ഫ്രഞ്ച് താരം കിങ്സ്ലി കോമന്റെ ഹാട്രിക് കരുത്തിലാണ് അല്‍ നസര്‍ വിജയം പിടിച്ചെടുത്തത്. സെക്കോ യാന്‍സാനയുടെ ഗോളിലൂടെ അല്‍ അഹ്‌ലിയാണ് ആദ്യം ഗോള്‍ നേടിയത്. എന്നാല്‍ ഇതിന് പകരം അഞ്ച് ഗോളുകള്‍ എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ചുകയറ്റിയാണ് അല്‍ നസര്‍ തങ്ങളുടെ ഗോള്‍ വേട്ട അവസാനിപ്പിച്ചത്.

ഹാട്രിക് നേടിയ കോമന് പുറമെ എയ്ഞ്ചലോ ഗബ്രിയേല്‍, അബ്ദുല്ല അല്‍ ഹംദാന്‍ എന്നിവരുടെ ഗോളിലൂടെ അല്‍ നസര്‍ സമ്പൂര്‍ണമായ വിജയം കൈവരിക്കുകയായിരുന്നു. എ.എഫ്.സി കപ്പിന്റെ ഫൈനല്‍ മെയ് 16നാണ് നടക്കുന്നത്. ജപ്പാന്‍ ക്ലബ്ബ് ഗാമ്പ ഒസാക്കയാണ് സൗദി വമ്പന്മാരുടെ എതിരാളികള്‍. റിയാദിലെ അല്‍ അവ്വല്‍ പാര്‍ക്കിലാണ് മത്സരം.

അതേസമയം സൗദി പ്രൊ ലീഗിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സംഘവും ആധിപത്യം തുടരുകയാണ്. ലീഗില്‍ ഈ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് അല്‍ നസര്‍ തോല്‍വി നേരിട്ടത്. 29 മത്സരങ്ങളില്‍ നിന്നും 25 വിജയമാണ് അല്‍ നസര്‍ ഈ സീസണില്‍ നേടിയെടുത്തത്. ഒരു മത്സരം സമനിലയിലാവുകയും ചെയ്തു. 79 സൗദി ലീഗില്‍ കിരീടത്തിനോട് അടുത്തുകൊണ്ടിരിക്കുകയാണ് റൊണാള്‍ഡോയും സംഘവും. 68 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ളത് അല്‍ ഹിലാലാണ്.

സമീപ വര്‍ഷങ്ങളിലെല്ലാം കയ്യകലെ നഷ്ടമായ കിരീടം ഇത്തവണ സ്വന്തമാക്കാന്‍ റൊണാള്‍ഡോക്ക് സാധിക്കും. അല്‍ നസറിനൊപ്പം റൊണാള്‍ഡോ തന്റെ 41ാം വയസിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സീസണില്‍ 27 മത്സരങ്ങളില്‍ നിന്നും 23 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് റൊണാള്‍ഡോ ഇതുവരെ നേടിയിട്ടുള്ളത്. വരും മത്സരങ്ങളിലും റൊണാള്‍ഡോയുടെ ബൂട്ടുകളില്‍ നിന്നും അത്ഭുതങ്ങള്‍ പിറക്കുമെന്നാണ് ഫുട്‌ബോള്‍ ലോകം വിശ്വസിക്കുന്നത്.

Content Highlight: Al Nassr Create a Historical Unbeaten Run in this season

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more